എഡിഎം കൈക്കൂലി വാങ്ങിയെന്ന് സ്ഥാപിക്കാന്‍ ദിവ്യയുടെ ശ്രമം; വാദങ്ങള്‍ക്ക് ബലം നല്‍കാന്‍ ഫോണ്‍ രേഖകളും സിസിടിവി ദൃശ്യവും; ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് നവീന്റെ കുടുംബം; കലക്ടറുടെ മൊഴിയില്‍ ഗൂഢാലോചനയെന്ന് ആരോപണം; ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച
എഡിഎം കൈക്കൂലി വാങ്ങിയെന്ന് സ്ഥാപിക്കാന്‍ ദിവ്യയുടെ ശ്രമം
കണ്ണൂര്‍: എഡിഎം കെ.നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കേസില്‍ റിമാന്‍ഡിലുള്ള പി.പി.ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ തലശ്ശേരി സെഷന്‍സ് കോടതി വെള്ളിയാഴ്ച വിധിപറയും. ഇരുകക്ഷികളുടെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധിപറയാനായി മാറിയത്. വാദത്തില്‍ ഉടനീളം എഡിഎം കൈക്കൂലി വാങ്ങിയെന്ന് സ്ഥാപിക്കാനാണ് ദിവ്യ ശ്രമം നടത്തിയത്.
ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്റെ ഭാര്യ മഞ്ജുഷയും ഹര്‍ജിയില്‍ കക്ഷിചേര്‍ന്നിരുന്നു. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് നവീന്റെ കുടുംബം വാദിച്ചു. കൂടാതെ കലക്ടറുടെ മൊഴിയില്‍ ഗൂഢാലോചന ഉണ്ടന്നും കലക്ടറുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും നവീന്റെ കുടുബം വാദിച്ചു. നിലവില്‍ പള്ളിക്കുന്ന് വനിതാ ജയിലില്‍ കഴിയുകയാണ് ദിവ്യ. ടൗണ്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ദിവ്യ കീഴടങ്ങിയത്.
അന്വേഷണവുമായി ദിവ്യ സഹകരിച്ചെന്നും പൊലീസില്‍ കീഴടങ്ങിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പമ്പ് സ്ഥാപിക്കാന്‍ സംരംഭകനായ പ്രശാന്ത് എഡിഎമ്മിന് കൈക്കൂലി കൊടുത്തെന്ന് ഡിഎംഇയുടെ റിപ്പോര്‍ട്ടുണ്ട്. തനിക്ക് തെറ്റുപറ്റിയെന്ന് നവീന്‍ ബാബു കലക്ടറോട് പറഞ്ഞിരുന്നു. തെറ്റുപറ്റിയെന്ന് പറയുന്നത് പണം വാങ്ങിയതിനു തുല്യമാണെന്നും ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചു. പമ്പിന് അനുമതിപത്രം ലഭിക്കുന്നതിന് എഡിഎമ്മിന് കൈക്കൂലി നല്‍കിയെന്ന് പ്രശാന്തും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഈ മൊഴിയാണ് മുഖവിലയ്‌ക്കെടുക്കേണ്ടത്. എഡിഎമ്മും പ്രശാന്തും തമ്മില്‍ കണ്ടതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നും അഭിഭാഷകന്‍ കെ.വിശ്വന്‍ വാദിച്ചു.
മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയ ഉടനെ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയെന്ന് വ്യക്തമാക്കിയാണ് ദിവ്യയുടെ അഭിഭാഷകന്‍ വാദം തുടങ്ങിയത്. ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ ചോദിച്ചപ്പോള്‍ അതിനെ തങ്ങള്‍ എതിര്‍ത്തില്ല. അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കുന്നുണ്ട്. എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ഇക്കാര്യം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആ വേദിയില്‍ അങ്ങിനെ സംസാരിക്കേണ്ടായിരുന്നു എന്നത് അംഗീകരിക്കുന്നു. ഉദ്ദേശം ഇല്ലാതെ ചെയ്താല്‍ കുറ്റമാകുമോയെന്നും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയോട് ചോദിച്ചു.
കൈക്കൂലി നല്‍കിയെന്ന് പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ടെന്നായിരുന്നു മറ്റൊരു വാദം. മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. ഇത് ദിവ്യയുടെ ആരോപണത്തെ ശരിവെക്കുന്നതാണ്. ആറാം തീയ്യതി കൈക്കൂലി നല്‍കിയെന്നാണ് മൊഴി. പ്രശാന്തിന്റെയും നവീന്റെയും ഫോണ്‍ രേഖകള്‍ തെളിവായുണ്ട്. പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത് കൈകൂലി നല്‍കിയതിനാണ്. ഇതിലൂടെ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് വ്യക്തമാണെന്നും വാദിച്ചു.
എഡിഎം പ്രശാന്തിനെ ഫോണില്‍ വിളിച്ചുവെന്നാണ് മറ്റൊരു വാദം. ഒക്ടോബര്‍ ആറിന് രാവിലെ 11.10 ന് പ്രശാന്തിനെ എഡിഎം ഫോണില്‍ വിളിച്ച് 23 സെക്കന്റ് സംസാരിച്ചു. ആ സമയത്ത് എഡിഎം കണ്ണൂരിലും പ്രശാന്ത് ശ്രീകണ്ഠാപുരത്തുമായിരുന്നു. 12.42 ന് പ്രശാന്ത് എഡിഎമ്മിനെ വിളിച്ചു. ഈ സമയത്ത് രണ്ട് പേരും ഒരേ ടവര്‍ ലൊക്കേഷനിലായിരുന്നു. ഇരുവരും നേരില്‍ കണ്ടുവെന്നതിന് ഇത് തെളിവാണ്. ഇരുവരും തമ്മില്‍ കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങളും തെളിവായുണ്ട്. ഇത്രയും തെളിവ് ഉള്ളപ്പോള്‍ എന്തിന് ദിവ്യയെ സംശയിക്കണമെന്നും പ്രാശാന്തിന്റെ മൊഴിയെ എന്തിന് അവിശ്വസിക്കണമെന്നും പ്രശാന്തിനെ വിളിക്കാന്‍ എഡിഎമ്മിനെ പ്രേരിപ്പിച്ചത് എന്താണെന്നും അഭിഭാഷകന്‍ ചോദിച്ചു.
ഒക്ടോബര്‍ 14ാം തീയതി ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിജിലന്‍സ് പ്രശാന്തിനെ ചോദ്യം ചെയ്തുവെന്നും ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചു. കൈക്കൂലി നല്‍കാന്‍ പ്രശാന്ത് നിര്‍ബന്ധിതനാവുകയായിരുന്നു. ഇവര്‍ തമ്മില്‍ കണ്ടതിന് കെടിഡിസി ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ തെളിവായുണ്ട്. ഇത് പരിശോധിച്ച് ഹാജരാക്കാന്‍ പൊലീസിന് അപേക്ഷ നല്‍കണം. ലാന്റ് റവന്യൂ കമ്മീഷണറുടെ അന്വേഷണത്തില്‍ കൈക്കൂലി നല്‍കിയില്ലെന്ന് പറയുന്നു. എന്നാല്‍ കൈക്കൂലിയുമായി ബന്ധപ്പെട്ട് കക്ഷികളല്ലാത്തവരുടെ മൊഴിയാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. അതിനാല്‍ തന്നെ ഈ റിപ്പോര്‍ട്ട് പരിഗണിക്കരുത്. ദിവ്യയുടെ പ്രസംഗത്തിന് ശേഷം കളക്ടര്‍ക്ക് മുന്നിലെത്തിയ എഡിഎം കുറ്റസമ്മതം നടത്തി. പറ്റിപോയി എന്ന് പറഞ്ഞത് വേറെ സംഭവമാണെന്ന് എങ്ങിനെ പറയും? ഈ സംഭവത്തിന് ശേഷം ആണ് പറ്റിപ്പോയി എന്ന് പറഞ്ഞത്. അത് കൈകൂലി അല്ലാതെ മറ്റെന്താണ്? വെറുതെ പോയി പറ്റിപോയി എന്ന് ആരും പറയില്ലല്ലോ. എന്‍ഒസിയുമായി ബന്ധപ്പെട്ട് പരാതി ഇല്ലാത്തതിനാല്‍ അഴിമതി നടത്തിയതിലെ കുറ്റസമ്മതമാണ് അത്. കളക്ടറുടെ മൊഴിയെ കുറിച്ച് പ്രൊസിക്യൂഷന്‍ വാദത്തിനിടെ പറഞ്ഞില്ല. കോടതി വിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ ഇക്കാര്യം ആരും അറിയില്ലായിരുന്നു. പ്രശാന്ത് കണ്ണൂര്‍ ജില്ലയിലെ കൊയ്യാം സഹകരണ ബാങ്കില്‍ നിന്ന് ഒക്ടോബര്‍ അഞ്ചാം തിയ്യതി ഒരു ലക്ഷം സ്വര്‍ണ്ണ വായ്പ എടുത്തിരുന്നുവെന്നും ഇത് സാഹചര്യ തെളിവായി പരിഗണിക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു.
കളക്ടര്‍ കുറ്റസമ്മതത്തിന്റെ കാരണം ചോദിക്കില്ലേ? അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ വിവരം ശേഖരിച്ചോ? കളക്ടറുടെ വിശദീകരണം ലഭിച്ചാല്‍ അത് വ്യക്തമാകുമല്ലോ. മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയതിനാലാണ് 23 ന് അന്വേഷണം സംഘത്തിന് മുന്നില്‍ ഹാജരാകാതിരുന്നത്. അന്വേഷണവുമായി സഹകരിച്ചിട്ടിട്ടുണ്ട്. ജാമ്യപേക്ഷ തള്ളിയ ഉടന്‍ കീഴടങ്ങി. ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ചില മാധ്യമങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയതാണ്. യാത്രയയപ്പില്‍ സംസാരിച്ചത് നന്നായെന്ന് ചില സര്‍വീസ് സംഘടനാ നേതാക്കള്‍ പറഞ്ഞു. എന്നാല്‍ അതിന് താന്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എഡിഎമ്മിനെ കുടുക്കാനായിരുന്നെങ്കില്‍ ട്രാപ് ഒരുക്കാമായിരുന്നു. പ്രശാന്തിനെ അതിനായി ഉപയോഗിക്കാമായിരുന്നു. അത് താന്‍ ചെയ്തിട്ടില്ല. ബിനാമി ആരോപണം അപകീര്‍ത്തികരമാണ്. അങ്ങനെയൊന്നില്‍ തെളിവുണ്ടെങ്കില്‍ പരാതി നല്‍കുകയാണ് വേണ്ടത്. അവ്യക്തമായി ആരോപണം ഉന്നയിക്കരുത്. എഡിഎമ്മിനെതിരെ നടത്തിയ പ്രസംഗത്തില്‍ ആത്മഹത്യാ പ്രേരണ നിലനില്‍ക്കില്ല. പരമാവധി മാനനഷ്ട കേസ് മാത്രമേ നിലനില്‍ക്കൂ. പ്രശാന്തും ഗംഗാധരനും പറഞ്ഞത് തെറ്റാണെങ്കില്‍ മാത്രമേ മാനനഷ്ട കേസ് നിലനില്‍ക്കൂവെന്നും വാദിച്ചിട്ടുണ്ട്.
ഒപ്പം താനൊരു സ്ത്രീയാണെന്നും പെണ്‍കുട്ടിയുടെ അമ്മയാണെന്നും രോഗികളായ മാതാപിതാക്കളുണ്ടെന്നും വാദത്തില്‍ ചൂണ്ടിക്കാട്ടി. അമ്മ ജയിലില്‍ കിടക്കുന്നത് മകള്‍ക്ക് പ്രയാസമുണ്ടാക്കും. എല്ലാ മരണവും വേദന നിറഞ്ഞതാണ്. എന്നാല്‍ മരണത്തിന് പിന്നിലെ സത്യം പുറത്തുവരണം. താന്‍ സാക്ഷികളെ സ്വാധീനിക്കില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും വാദം അവസാനിപ്പിച്ചുകൊണ്ട് ദിവ്യ പറഞ്ഞു.
അതേസമയം ജാമ്യം നല്‍കിയാല്‍ പി.പി.ദിവ്യ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. എഡിഎമ്മിനെതിരായ കൈക്കൂലി ആരോപണത്തില്‍ തെളിവില്ല. പെട്രോള്‍ പമ്പിനുള്ള നിരാക്ഷേപ പത്രം എഡിഎം വൈകിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. പി.പി.ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് എഡിഎമ്മിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. കലക്ടര്‍ അരുണ്‍ കെ.വിജയന്‍ നവീന്‍ബാബുവുമായി സൗഹൃദമുള്ള ആളല്ല. കലക്ടറോട് നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന ദിവ്യയുടെ വാദം തെറ്റാണ്. കലക്ടര്‍ അവധിപോലും നല്‍കാത്ത ആളാണ്. മാനസിക ഐക്യം ഇല്ലാത്ത ആളോട് ആരും കുറ്റസമ്മതം നടത്തില്ല. എഡിഎമ്മിന് കൈക്കൂലി കൊടുത്തെങ്കില്‍ എന്തുകൊണ്ട് പ്രശാന്തിനെതിരെ നടപടിയെടുത്തില്ലെന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ ചോദിച്ചു.
എഡിഎം ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട പി.പി.ദിവ്യ മരണം നടന്ന് 14ാം ദിവസമാണ് കീഴടങ്ങിയത്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വാദങ്ങള്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.ടി.നിസാര്‍ അഹമ്മദ് നേരത്തെ തള്ളിയിരുന്നു. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ വിളിക്കാതെ എത്തിയ ദിവ്യ വിമര്‍ശനം ഉന്നയിച്ചതിനു പിറ്റേന്നാണ് എഡിഎം ആത്മഹത്യ ചെയ്ത്. പെട്രോള്‍ പമ്പിന് നിരാക്ഷേപ പത്രം വൈകിയത് എഡിഎം കൈക്കൂലി ചോദിച്ചതു കൊണ്ടാണെന്ന സൂചനയാണ് ദിവ്യയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നത്.
നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്നായിരുന്നു റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍. വിവാദത്തെ തുടര്‍ന്ന് ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം ഒഴിവാക്കി. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. 36ാം വയസ്സിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റാകുന്നത്. കല്യാശ്ശേരി ഡിവിഷനില്‍നിന്ന് 22,576 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. അതിനു മുന്‍പുള്ള ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്നു.