നവീന്റെ കുടുംബം കക്ഷി ചേരുന്നതിനാല്‍ ജാമ്യാപേക്ഷയില്‍ തീരുമാനം നീണ്ടുപോകും; കണ്ണൂരിലെ കിരീടം വയ്ക്കാത്ത റാണിക്ക് രണ്ടാഴ്ചയെങ്കിലും അഴിയെണ്ണേണ്ടി വരും; പാര്‍ട്ടി സമ്മര്‍ദ്ദത്തിന് വഴങ്ങി കീഴടങ്ങിയ ദിവ്യക്ക് കട്ടക്കലിപ്പ്
നവീന്റെ കുടുംബം കക്ഷി ചേരുന്നതിനാല്‍ ജാമ്യാപേക്ഷയില്‍ തീരുമാനം നീണ്ടുപോകും
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് പി പി ദിവ്യ എത്രകാലം ജയിലില്‍ കഴിയേണ്ടി വരും? കടുത്ത വിമര്‍ശനങ്ങളോടെയാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സ്ഥിതിയില്‍ ജാമ്യം നേടലും എളുപ്പം നടക്കില്ല. നവീന്‍ ബാബുവിന്റെ കുടുംബം കേസില്‍ കക്ഷിചേരുമെന്ന ഉറച്ച നിലപാടിലാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സ്ഥിതിയില്‍ കോടതി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുമ്പോള്‍ തന്നെ ഒരാഴ്ച്ചയെങ്കിലും കഴിയും.
നാളെയാകും ദിവ്യയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. എന്നാല്‍, തങ്ങളെയും കക്ഷി ചേര്‍ക്കണമെന്ന് കുടുംബം ആവശ്യപ്പെടും. ഇതോടെ കോടതി കക്ഷികള്‍ക്കും നോട്ടീസ് അയക്കും. തുടര്‍ന്നാകും ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിലേക്ക് നടക്കുക. പോലീസ് കസ്റ്റഡി ആവശ്യപ്പെടുമോ എന്നത് അടക്കമുള്ള കാര്യങ്ങളും പ്രസക്തമാകും. ഇതോടെ ദിവ്യയുടെ ജയില്‍വാസം രണ്ടാഴ്ച്ചയെങ്കിലും നീണ്ടും പോയേക്കാം. പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മനസ്സില്ലാ മനസസോടെ കീഴടങ്ങിയ ദിവ്യ ജയില്‍വാസം നീളുന്നതില്‍ കടുത്ത അമര്‍ഷത്തിലാണ്.
താന്‍ കീഴടങ്ങുമ്പോള്‍ പാര്‍ട്ടി തനിക്കെതിരെ നടപടി എടുക്കരുതെന്നാണ് ദിവ്യ ആവശ്യപ്പെട്ട കാര്യം. റിമാന്‍ഡിലുള്ള ജില്ലാ കമ്മിറ്റി അംഗം പി.പി.ദിവ്യയുടെ അഭ്യര്‍ഥനകൂടി മാനിച്ചാണു സംഘടനാപരമായ അച്ചടക്കനടപടികളിലേക്ക് ഉടന്‍ കടക്കേണ്ടെന്ന നിഗമനത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം എത്തിയതെന്നറിയുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ദിവ്യയുടെ നീക്കം. അതില്‍ തീരുമാനം വരുന്നതുവരെ അറസ്റ്റിനു വഴങ്ങാതിരിക്കുന്നതു പാര്‍ട്ടിക്കു ക്ഷീണം ചെയ്യുമെന്നു മനസ്സിലാക്കിയ നേതാക്കള്‍ കീഴടങ്ങാന്‍ ദിവ്യയോട് ആവശ്യപ്പെട്ടെന്നാണു വിവരം.
ഇതോടയാണ് പാര്‍ട്ടിയില്‍ അച്ചടക്കനടപടികളുടെ ആലോചനയിലേക്ക് ഉടന്‍ കടക്കരുതെന്ന ആവശ്യം അവര്‍ നേതൃത്വത്തിനു മുന്നില്‍ വെച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനു പിന്നാലെ സംഘടനാ നടപടികൂടി വന്നാല്‍ തെറ്റുകാരിയല്ലെന്ന വാദത്തിന്റെ മുനയൊടിയുമെന്ന ആശങ്കയിലാണിത്. ദിവ്യയുടെ താല്‍പര്യം സംരക്ഷിച്ചില്ലെങ്കില്‍ പിറകെ മറ്റു ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നേക്കാമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
പെട്രോള്‍ പമ്പിന് എന്‍ഒസി നേടിയ പ്രശാന്ത് മുഖ്യമന്ത്രിക്കു അയച്ചതായി പറയുന്ന പരാതിയാണ് അതിലൊന്ന്. ഈ പരാതി പ്രശാന്ത് തയാറാക്കിയതല്ലെന്നും മറ്റാരോ തയാറാക്കി പ്രശാന്തിന്റെ പേരും ഒപ്പുമിട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഔദ്യോഗിക പദവിയിലിരിക്കുന്ന ആള്‍ക്ക് വാട്‌സാപ് ചെയ്യുകയായിരുന്നു എന്നാണു വിവരം. പരാതിയിലെ ഒപ്പും പേരുമെല്ലാം വ്യത്യസ്തമാണെന്നു വ്യക്തമായിരുന്നു. പാര്‍ട്ടി ആസ്ഥാനത്തും മുഖ്യമന്ത്രിയുടെ ഓഫിസിലും ഉള്ളവര്‍ ഇക്കാര്യത്തില്‍ സംശയനിഴലിലായതില്‍ നേതാക്കള്‍ക്ക് ആശങ്കയുണ്ട്.
അതിനു പിന്നാലെയാണ് പെട്രോള്‍ പമ്പ് ഇടപാടില്‍ ബെനാമി പങ്കാളിത്തമുണ്ടെന്നു സംശയിക്കുന്ന, പ്രശാന്തിന്റെ ബന്ധു പാര്‍ട്ടിയുടെ ഉന്നതനേതാവിന്റെ അടുപ്പക്കാരനാണെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇതിനവിടെ ഇപ്പോഴത്തെ റിമാന്‍ഡ് റിപ്പോര്‍ട്ട് അടക്കം ദിവ്യയ്ക്ക് വിനയാകാന്‍ കാര്യങ്ങള്‍ ഒരുപാടുണ്ട്.
കുറ്റവാസനയോടും ആസൂത്രണമനോഭാവത്തോടെയും കുറ്റകൃത്യം നേരിട്ട് നടപ്പില്‍വരുത്തിയ ആളാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറ്റകൃത്യം ചെയ്തതിലൂടെ പ്രതിയുടെ ക്രിമിനല്‍ മനോഭാവമാണ് വെളിവായതെന്നും റിപ്പോര്‍ട്ടിലുണ്ട്. യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിട്ടില്ലെന്ന് സംഘാടകര്‍ മൊഴി നല്‍കിയിട്ടുണ്ട്. ചടങ്ങിനെത്തിയ ഇവര്‍ക്ക് കസേര ഒഴിഞ്ഞുകൊടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കളക്ടറേറ്റിലെ ഇന്‍സ്പെക്ഷന്‍ വിഭാഗത്തില്‍ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് സീനിയര്‍ സൂപ്രണ്ടിന്റെ മൊഴിയുണ്ട്. നവീന്‍ ബാബുവിനെ സാമൂഹികമധ്യത്തില്‍ ഇകഴ്ത്തി മാനഹാനിവരുത്തി ആത്മഹത്യയിലേക്ക് നയിച്ച ആളാണ് പ്രതി. ദിവ്യയുടെ പേരില്‍ നിലവിലുള്ള വിവിധ കേസുകളുടെ വിവരവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം തനിക്ക് തെറ്റുപറ്റിയെന്ന് എ.ഡി.എം. കെ. നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി പി.പി. ദിവ്യ നല്‍കിയ ജാമ്യാപേക്ഷയില്‍ പ്രധാനവാദമായി ഉയര്‍ന്നുവരും. പറ്റിയ തെറ്റ് ദിവ്യയുടെ ആരോപണവുമായി ബന്ധപ്പെട്ട തെറ്റാകാനാണ് സാധ്യതയെന്ന് ദിവ്യയ്ക്കുവേണ്ടി ജാമ്യാപേക്ഷ നല്‍കിയ അഡ്വ. കെ. വിശ്വന്‍ പറഞ്ഞു.
ജീവിതത്തില്‍ പറ്റിയ മറ്റ് തെറ്റുകളെക്കുറിച്ച് അപ്പോള്‍ പറയാന്‍ സാധ്യത കുറവാണ്. ഇത് സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ ഉത്തരവില്‍ കളക്ടറുടെ മൊഴി അര്‍ധോക്തിയില്‍ നിര്‍ത്തി. എന്താണ് തെറ്റെന്ന് പറയുന്നില്ല. പ്രശാന്തനെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവും ജാമ്യാപേക്ഷയോടൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
കൈക്കൂലി നല്‍കിയതിനാണ് പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തത്. ഇത് ദിവ്യയുടെ ആരോപണം ശരിവെക്കുന്നതാണ്. പ്രശാന്തന്‍ ആക്ഷേപം ഉന്നയിച്ചത് കൊണ്ടാണ് എ.ഡി.എമ്മിനെതിരേ ദിവ്യ ആരോപണം ഉന്നയിച്ചത്. പ്രശാന്തന്‍ വിജിലന്‍സിനും അന്വേഷണ ഉദ്യോഗസ്ഥനും മൊഴി നല്‍കിയിരുന്നു. ഇത് മറച്ചുവെക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ പ്രധാന സാക്ഷിയായ പ്രശാന്തന്റെ മൊഴി കേസ് ഡയറിയുടെ ഭാഗമായി വന്നില്ല. കൈക്കൂലി നല്‍കിയെന്ന് പ്രശാന്തന്‍ പറഞ്ഞത് കേസില്‍ നിര്‍ണായകമാണ്.
14-ന് ഉച്ചയ്ക്ക് 12-ന് പ്രശാന്തന്‍ ഡിവൈ.എസ്.പി ഓഫീസില്‍ പോയി. ഇതിന്റെ വിവരം ലഭിക്കാന്‍ വിവരാവകാശനിയമ പ്രകാരം അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. പ്രശാന്തന്‍ ഓഫീസില്‍ പോയതിന്റെ തെളിവായി സി.സി.ടി.വി. ദൃശ്യം സംരക്ഷിക്കാന്‍ കണ്ണൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ ഹര്‍ജി നല്‍കിയിട്ടുണ്ട്. സ്ഥലം തരംമാറ്റാനുള്ള അപേക്ഷ വൈകിച്ചു എന്നതിന്റെ പേരില്‍ നവീന്‍ ബാബു ഉള്‍പ്പടെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ കുറ്റിയാട്ടൂരിലെ ഗംഗാധരന്‍ മുമ്പു നല്‍കിയ പരാതിയും ഇതോടൊപ്പം വരേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.