'കൊന്നാലുള്ള പാപം തിന്നാല്‍ തീരുമോ ദിവ്യേ; നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ കണ്ണീര് കാണാന്‍ കഴിയാത്ത ദിവ്യ ഒരു സ്ത്രീയാണോ': ചര്‍ച്ചയ്ക്കിടെ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് പി പി ദിവ്യ; റിപ്പോര്‍ട്ടര്‍ ചാനല്‍ അവതാരക സുജയ്യ പാര്‍വതിക്ക് എതിരെ സ്വകാര്യ അന്യായം നല്‍കി ദിവ്യ

സുജയ്യ പാര്‍വതിക്ക് എതിരെ സ്വകാര്യ അന്യായം നല്‍കി ദിവ്യ

Update: 2025-02-25 15:58 GMT

കണ്ണൂര്‍: റിപ്പോര്‍ട്ടര്‍ ചാനല്‍ അവതാരക സുജയ പാര്‍വ്വതിക്കെതിരെ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. ചാനല്‍ പരിപാടിക്കിടെ വ്യക്തിപരമായ അധിക്ഷപം നടത്തുകയും പൊതു സമൂഹത്തിന് മുന്‍പില്‍ മോശക്കാരിയായി ചിത്രീകരിച്ചതിനുമാണ് തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ചൊവ്വാഴ്ച രാവിലെ 10 30 ന് നേരിട്ടെത്തി പി.പി ദിവ്യ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.

ചാനല്‍ പരിപാടിക്ക് റീച്ചു കൂട്ടുന്നതിനായി ബോധപൂര്‍വ്വം അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുകയെന്ന പ്രവണത ദൃശ്യമാധ്യമങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരികയാണെന്നും ഇതിനെതിരെയാണ് തന്റെ പോരാട്ടമെന്നും പി.പി ദിവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച റീല്‍സിലൂടെ പറഞ്ഞു. നീതിക്കായുള്ള തന്റെ പോരാട്ടത്തില്‍ പൊതുജനങ്ങള്‍ ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദിവ്യ പറഞ്ഞു. ഇതിനിടെ തനിക്കെതിരെയുള്ള അവഹേളനങ്ങളില്‍ പ്രതികരിക്കാന്‍ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാനും ദിവ്യ ഒരുങ്ങുന്നുണ്ട്. തളിപ്പറമ്പില്‍ നടന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പി.പി ദിവ്യയെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗത്വത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല ഇപ്പോള്‍ സി.പി.എം ഇരിണാവ് ബ്രാഞ്ച് അംഗമാണ് ദിവ്യ.

https://www.facebook.com/reel/9228919593866149

കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ പി.പി ദിവ്യ ആത്മഹത്യ പ്രേരണാ കുറ്റത്തിന് ഒന്നാം പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയില്‍ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോഴാണ് സുജയ പാര്‍വ്വതി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി യതെന്നാണ് പരാതി. നാലു മാസം മുന്‍പ് സംപ്രേഷണം ചെയ്ത പരിപാടിക്കിടെ 'കൊന്നാലുള്ള പാപം തിന്നാല്‍ തീരുമോ ദിവ്യേയെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ കണ്ണീര് കാണാന്‍ കഴിയാത്ത ദിവ്യ ഒരു സ്ത്രീയാണോ'യെന്നും സുജയ പാര്‍വ്വതി ചോദിച്ചിരുന്നു. ദിവ്യയെ പാര്‍ട്ടി നേതൃത്വത്തിലും ഭരണ രംഗത്തും പൊതിഞ്ഞു സംരക്ഷിക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനെ പരോക്ഷമായി കുറ്റപ്പെടുത്തി കൊണ്ടു സുജയ പരാമര്‍ശിച്ചിരുന്നു. ഉണ്ണി ബാലകൃഷ്ണന്‍, സ്മൃതി പരുത്തിക്കാട്, ഡോ. അരുണ്‍കുമാര്‍ എന്നിവരും മീറ്റ് ദ എഡിറ്റര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. തങ്ങളുടെ പരിപാടിക്ക് റീച്ചു കൂട്ടാന്‍ കോലം തുള്ളുകയാണ് ചില അവതാരകരെന്നും ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താനാണ് താന്‍ നിയമയുദ്ധം നടത്തുന്നതെന്നും ദിവ്യ തന്റെ ഫെയ്‌സ്ബുക്ക് പേജിലും പ്രതികരിച്ചിട്ടുണ്ട്.

Tags:    

Similar News