ഇത് ചെന്താരകത്തിന് പോലുമില്ലാത്ത അസാധാരണ ധൈര്യം! 66-ാം വയസ്സില്‍ എല്ലാം ത്യജിക്കുന്നുവെന്ന് പത്തനംതിട്ടയിലെ നേതാവ്; വീണാ ജോര്‍ജിന്റെ സംസ്ഥാന ക്ഷണിതാവ് നേട്ടത്തെ ട്രോളി മുന്‍ എംഎല്‍എ; 50 വര്‍ഷവും ഒന്‍പതും ചര്‍ച്ചകളില്‍; പുറത്താക്കാന്‍ സിപിഎം; അതിന് മുമ്പേ ലാല്‍ സലാം പറഞ്ഞ് പദ്മകുമാറും

Update: 2025-03-10 03:10 GMT

പത്തനംതിട്ട: സിപിഎമ്മിലെ ചെന്താരകത്തിനു പോലും ഈ ധൈര്യമില്ല. ഈ ധൈര്യമില്ലായ്മയായിരുന്നു നവകേരളത്തില്‍ സിപിഎമ്മിലെ മികവുകള്‍ക്ക് അംഗീകാരം കിട്ടാതെ പോയത്. എല്ലാം എല്ലാവരും മനസ്സില്‍ ഒതുക്കുന്നു. ഇതില്‍ നിന്നും വ്യത്യസ്തനാകുകയാണ് എ പദ്മകുമാര്‍. എല്ലാ അര്‍ത്ഥത്തിലും നീതികേട് ഉയര്‍ത്തിക്കാട്ടി പാര്‍ട്ടിയ്ക്ക് ലാല്‍ സലാം പറയുകയാണ് പദ്മകുമാര്‍. സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച നടപടിയില്‍ ഉറച്ചുനിന്ന് സിപിഎം മുതിര്‍ന്ന നേതാവ് എ പദ്മകുമാര്‍ വീണ്ടും വിശദീകരിക്കുന്നു.

50 വര്‍ഷം പരിചയമുള്ള തന്നെ തഴഞ്ഞു 9 വര്‍ഷം മാത്രമായ വീണാ ജോര്‍ജിനെ പരിഗണിച്ചുവെന്ന് പദ്മകുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ്. പാര്‍ട്ടി നടപടിയെ ഭയക്കുന്നില്ല. സിപിഎം വിടില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. തനിക്ക് കഴിവില്ലാത്തതിനാലാകാം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടാതിരുന്നതെന്ന പദ്മകുമാര്‍ പറയുന്നു. ചെറുപ്പക്കാര്‍ വരുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ അവര്‍ സംഘടനാരംഗത്ത് പ്രവര്‍ത്തിക്കാത്തവരാവരുത്. വര്‍ഗ ബഹുജന സംഘടനകളില്‍ പ്രവര്‍ത്തിച്ചവര്‍ക്കാണ് സ്ഥാനക്കയറ്റം മുമ്പ് കിട്ടിയിട്ടുള്ളതെന്ന് പദ്മകുമാര്‍ പറയുന്നു.

ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കും. പ്രായപരിധിക്ക് കാത്തു നില്‍ക്കുന്നില്ല. 66 ല്‍ തന്നെ എല്ലാം ത്യജിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുമെന്നും പദ്മകുമാര്‍ വ്യക്തമാക്കി. അതേസമയം, സംസ്ഥാന സമ്മേളനത്തില്‍ നിന്നുള്ള ഇറങ്ങിപ്പോക്കില്‍ മുതിര്‍ന്ന നേതാവ് എ പദ്മകുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യതയുണ്ട്. നടപടി വരും മുമ്പേ തന്നെ എല്ലാം ത്യജിക്കുമെന്ന് പറഞ്ഞ് പദ്മകുമാര്‍ നവകേരളത്തിലെ വേറിട്ട സഖാവാകുകയാണ്. ഇറങ്ങിപ്പോക്കിലും, തൊട്ട് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലും നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. അടുത്ത ദിവസം ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നടപടി ചര്‍ച്ചയാകും. അതേസമയം, പദ്മകുമാര്‍ പാര്‍ട്ടി വിടില്ലെന്ന പ്രതീക്ഷയില്ലാണ് നേതാക്കള്‍.

സീനിയോറിട്ട് മറികടന്ന് ജൂനിയര്‍ നേതാക്കളെ സംസ്ഥാന സമിതിയില്‍ എടുത്തതാണ് പദ്മകുമാറിന് വേദനയായി മാറിയത്. സിപിഎം സംസ്ഥാന സമിതിയില്‍ എടുത്തില്ല എന്ന കാരണത്താലാണ് അതൃപ്തി പരസ്യമാക്കിയത്. എന്നാല്‍ മുതിര്‍ന്ന നേതാവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. പദ്മകുമാര്‍ വന്നാല്‍ സ്വീകരിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ നേതൃത്വം വ്യക്തമാക്കി. മറ്റു കാര്യങ്ങള്‍ പാര്‍ട്ടി സംഘടനാ തലത്തില്‍ തീരുമാനിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ആയിരൂര്‍ പ്രദീപ് പറഞ്ഞു. എ പദ്മകുമാര്‍ പാര്‍ട്ടി വിട്ടുവന്നാല്‍ സ്വീകരിക്കുന്നതില്‍ തടസ്സമില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. അത്തരത്തില്‍ ഒട്ടേറെ ആളുകള്‍ പാര്‍ട്ടിയിലേക്ക് വരുന്നുണ്ടെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

അതൃപ്തി പരസ്യമാക്കി പൊതുസമ്മേളനത്തില്‍ പങ്കെടുക്കാതെയാണ് പദ്മകുമാര്‍ കൊല്ലത്ത് നിന്ന് മടങ്ങിയത്. ഉച്ചഭക്ഷണത്തിന് നില്‍ക്കാതെയാണ് പദ്മകുമാര്‍ പ്രതിഷേധിച്ച് കൊല്ലം വിട്ടത്. 'ചതിവ് വഞ്ചന അവഹേളനം' എന്ന് പത്മകുമാര്‍ ഫേസ് ബുക്കില്‍ കുറിച്ചു. 'ചതിവ്, വഞ്ചന, അവഹേളനം - 52 വര്‍ഷത്തെ ബാക്കിപത്രം ലാല്‍ സലാം' എന്നായിരുന്നു പദ്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രൊഫൈല്‍ ചിത്രവും മാറ്റി. എന്നാല്‍ പോസ്റ്റ് ചര്‍ച്ചയായതോടെ അദ്ദേഹം പിന്‍വലിച്ചു. സംസ്ഥാന കമ്മിറ്റിയിലേക്ക് എടുക്കുമ്പോള്‍ കഴിഞ്ഞ കാലത്തെ സമര, സംഘടന പ്രവര്‍ത്തനങ്ങളും കണക്കിലെടുക്കണമായിരുന്നുവെന്ന് പദ്മകുമാര്‍ പ്രതികരിക്കുകയും ചെയ്തു.

ഫേസ് ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി ആളുകള്‍ കമന്റുകള്‍ എഴുതി.കൊല്ലത്തെ സി.പി.എം സംസ്ഥാന സമ്മേളന വേദി വിട്ട പദ്മകുമാര്‍ നിരാശയാേടെ കാറിലിരിക്കുന്ന ചിത്രവും പോസ്റ്റു ചെയ്തിരുന്നു. സമ്മേളനത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രതിനിധികളില്‍ ഒരാളായിരുന്നു പദ്മകുമാര്‍. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ സംസ്ഥാന സമിതി അംഗങ്ങളുടെ പട്ടിക വന്നശേഷമാണ് അദ്ദേഹം എഫ്.ബി പോസ്റ്റിട്ടത്. ഉച്ചഭക്ഷണം കഴിക്കാതെ സ്വദേശമായ ആറന്‍മുളയിലേക്ക് മടങ്ങുകയും ചെയ്തു. അതുവരെ സമ്മേളനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പോസ്റ്റുകളുമായിരുന്നു എഫ്.ബി പേജിലുണ്ടായിരുന്നത്. സംസ്ഥാന സമിതിയില്‍ ഇടം കിട്ടാതിരുന്നതും പത്തനംതിട്ട ജില്ലയില്‍ നിന്ന് മന്ത്രി വീണാ ജോര്‍ജിനെ ക്ഷണിതാവായി ഉള്‍പ്പെടുത്തിയതുമാണ് പദ്മകുമാറിനെ പ്രകോപിപ്പിച്ചത്. പാര്‍ലമെന്ററി സ്ഥാനത്ത് എത്തിയതു കൊണ്ട് മാത്രം പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം നല്‍കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

1983ല്‍ പത്തനംതിട്ടയില്‍ ആദ്യ ജില്ലാ കമ്മിറ്റി രൂപീകരിച്ചതു മുതല്‍ പദ്മകുമാര്‍ അംഗമായിരുന്നു. 36 വര്‍ഷമായി ജില്ലാ സെക്രട്ടേറിയറ്റംഗവുമാണ്. കോന്നിയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റാണ്. പിണറായി പക്ഷത്തിന്റെ ശക്തനായ വക്താവായിട്ടാണ് പദ്മകുമാര്‍ നിലകൊണ്ടിരുന്നത്. ഇത്തവണ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരില്‍ ഒരാളായിരുന്നു.

Tags:    

Similar News