നമ്മുടെ പെണ്‍മക്കളുടെ സിന്ദൂരം മായ്ച്ചതിന് ഉചിതമായ മറുപടി; ഓപ്പറേഷന്റെ പേര് കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു; സര്‍ക്കാരിന് ആത്മാര്‍ഥമായി നന്ദി പറയുന്നുവെന്ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സന്തോഷ് ജഗ്ദേലിന്റെ ഭാര്യ; ഇന്ത്യന്‍സേന നടത്തിയ തിരിച്ചടിയില്‍ അഭിമാനം; സൈന്യത്തിനൊപ്പമെന്ന് കോണ്‍ഗ്രസും

നമ്മുടെ പെണ്‍മക്കളുടെ സിന്ദൂരം മായ്ച്ചതിന് ഉചിതമായ മറുപടി

Update: 2025-05-07 04:36 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ സൈന്യത്തിനും സര്‍ക്കാരിനും നന്ദി അറിയിച്ച് പഹല്‍ഗാമില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ ഇന്ത്യന്‍ സേനകള്‍ സംയുക്തമായി നടത്തിയ നീക്കത്തിന് എല്ലാവിധ പിന്തുണ നല്‍കുന്നതായും അവര്‍ അറിയിച്ചു.

നമ്മുടെ പെണ്‍മക്കളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചതിന് ഭീകരര്‍ക്ക് ലഭിച്ച ഉചിതമായ മറുപടിയാണിതെന്ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൂണെ സ്വദേശിയായ സന്തോഷ് ജഗ്ദേലിന്റെ ഭാര്യ പ്രഗതി ജഗ്ദേല്‍ മാധ്യമങ്ങളോട് പറഞ്ഞു. ''ഈ ഓപ്പറേഷന്റെ പേര് കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. സര്‍ക്കാരിന് ആത്മാര്‍ഥമായി നന്ദി പറയുന്നു'', പ്രഗതി കൂട്ടിച്ചേര്‍ത്തു.

തന്റെ ഭര്‍ത്താവിന്റെ മരണത്തിന് പ്രതികാരംചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദിയുണ്ടെന്ന് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ ഭാര്യ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ''എന്റെ മുഴുവന്‍ കുടുംബവും അദ്ദേഹത്തെ വിശ്വസിച്ചിരുന്നു. പാക് ഭീകരര്‍ക്ക് മറുപടി നല്‍കിയരീതിയിലൂടെ അദ്ദേഹം ഞങ്ങളുടെ വിശ്വാസം കാത്തു. ഇതാണ് എന്റെ ഭര്‍ത്താവിനുള്ള യഥാര്‍ഥ ആദരാഞ്ജലി. എന്റെ ഭര്‍ത്താവ് എവിടെയായിരുന്നായാലും അദ്ദേഹം ഇന്ന് സമാധാനത്തോടെയായിരിക്കും'', ശുഭം ദ്വിവേദിയുടെ ഭാര്യ പറഞ്ഞു.

അതസമയം ഇന്ത്യന്‍സേന നടത്തിയ തിരിച്ചടിയില്‍ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പാകിസ്താനില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നും ഉയര്‍ന്നു വരുന്ന എല്ലാതരം ഭീകരതക്കെതിരെയും ഇന്ത്യക്ക് ഉറച്ച ദേശീയ നയമുണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എക്‌സ് പോസ്റ്റിലായിരുന്നു കോണ്‍ഗ്രസ് പ്രതികരണം.

പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യന്‍ സായുധസേന നടത്തിയ ആക്രമണത്തില്‍ അഭിമാനമുണ്ട്. സേനയുടെ ദൃഢനിശ്ചയത്തേയും ധൈര്യത്തേയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണം മുതല്‍ ഇന്ത്യന്‍ സേനക്കൊപ്പം കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുകയാണ്.

ദേശീയ ഐക്യവും ഐക്യദാര്‍ഢ്യവും കാലഘട്ടത്തിന്റെ ആവശ്യമാണ്. കോണ്‍ഗ്രസ് സായുധ സേനകള്‍ക്കൊപ്പം നില്‍ക്കുന്നു. നമ്മുടെ നേതാക്കള്‍ മുന്‍കാലങ്ങളില്‍ വഴികാട്ടി തന്നിട്ടുണ്ട്. ദേശീയതാല്‍പര്യമാണ് തങ്ങള്‍ക്ക് പരമപ്രധാനമെന്നും കോണ്‍ഗ്രസ് എക്‌സ് കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പ്രതികരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ഇന്ത്യന്‍ സായുധസേനയില്‍ അഭിമാനിക്കുന്നുവെന്ന കുറിപ്പ് എക്‌സിലൂടെ പങ്കുവെച്ചാണ് രാഹുല്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്തുണയറിയിച്ചത്.

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയുമായി ഇന്ത്യ. പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതായി കരസേന അറിയിച്ചു. ഓപറേഷന്‍ സിന്ദൂര്‍ എന്നു പേരിട്ട സൈനിക നടപടിയില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് തകര്‍ത്തത്. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ശേഷം നീതി നടപ്പാക്കിയെന്ന് സൈന്യം എക്‌സില്‍ കുറിച്ചു. ബഹാവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുറിഡ്‌കെ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.

Tags:    

Similar News