അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു; മറ്റ് അഞ്ചുപേര്‍ കൂടി കൊല്ലപ്പെട്ടതായി സൂചന; ഭീരുത്വം നിറഞ്ഞ ആക്രമണമെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്; ത്രിരാഷ്ട പരമ്പരയില്‍നിന്ന് പിന്മാറി; അപലപിച്ച് റാഷിദ് ഖാന്‍
പാക് വ്യോമാക്രമണത്തില്‍ അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു. കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നിവരാണ് മരിച്ചത്. പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ കിഴക്കന്‍ പക്തിക പ്രവിശ്യയിലെ ഷരണയില്‍ സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാനായി ഉര്‍ഗുണില്‍ നിന്നെത്തിയതാണ് ഇവരെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസിബി) അറിയിച്ചു. പാകിസ്ഥാനും ശ്രീലങ്കയ്ക്കുമെതിരേ അടുത്ത മാസം നടക്കാനിരുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കായി ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് വ്യോമാക്രമണത്തില്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടത്. ഇതോടെ ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് അഫ്ഗാന്‍ പിന്മാറി. ഇവരെക്കൂടാതെ മറ്റ് അഞ്ച് പേരും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. വെള്ളിയാഴ്ച വൈകിട്ട് ഒരു ഒത്തുചേരല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് താരങ്ങളുടെ ദാരുണാന്ത്യം
ക്രിക്കറ്റ് താരങ്ങളുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി എസിബി അറിയിച്ചു. പാക് ഭരണകൂടത്തിനെതിരേ ശക്തമായ ഭാഷയിലാണ് എസിബി പ്രതികരിച്ചത്. ഭീരുത്വം നിറഞ്ഞ ആക്രമണമാണ് ഇതെന്ന് എസിബി എക്സില്‍ കുറിച്ചു. പാകിസ്ഥാന്‍ നടത്തുന്ന സമീപകാല ആക്രമണങ്ങളെ അപലപിച്ച് അഫ്ഗാന്‍ ടി20 ടീം ക്യാപ്റ്റന്‍ റാഷിദ് ഖാനും രംഗത്തെത്തി. ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറാനുള്ള എസിബി തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. അഫ്ഗാന്‍ താരങ്ങളായ മുഹമ്മദ് നബിയും ഫസല്‍ഹഖ് ഫാറൂഖിയും സംഭവത്തെ അപലപിച്ചു.
ആക്രമണത്തെത്തുടര്‍ന്ന് ശ്രീലങ്കയില്‍വച്ച് നടക്കുന്ന പാക്കിസ്ഥാന്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍നിന്ന് അഫ്ഗാനിസ്ഥാന്‍ പിന്മാറിയെന്ന് എസിബി അറിയിച്ചു. ക്രിക്കറ്റ് താരങ്ങളുടെ മരണത്തില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുശോചനം രേഖപ്പെടുത്തി. ''പാക്കിസ്ഥാന്‍ ഭരണകൂടം നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തില്‍ കൊല്ലപ്പെട്ട പക്തിക പ്രവിശ്യയിലെ ഉര്‍ഗുന്‍ ജില്ലയിലെ ധീരരായ ക്രിക്കറ്റ് കളിക്കാരുടെ ദാരുണമായ രക്തസാക്ഷിത്വത്തില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. '' എക്‌സിലെ പോസ്റ്റില്‍ എബിസി പറഞ്ഞു.
അഫ്ഗാനിസ്ഥാന്റെ ട്വന്റി20 ടീം ക്യാപ്റ്റന്‍ റാഷിദ് ഖാനും പാക്കിസ്ഥാന്‍ ആക്രമണത്തെ അപലപിക്കുകയും സൗഹൃദ പരമ്പരയില്‍ നിന്ന് പിന്മാറാനുള്ള എബിസിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. ''അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സിവിലിയന്‍മാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ വളരെയധികം ദുഃഖമുണ്ട്. ലോക വേദിയില്‍ തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സ്വപ്നം കണ്ട സ്ത്രീകള്‍, കുട്ടികള്‍, യുവ ക്രിക്കറ്റ് താരങ്ങള്‍ എന്നിവരുടെ ജീവന്‍ അപഹരിച്ച ദുരന്തമാണിത്. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വയ്ക്കുന്നത് തികച്ചും അധാര്‍മികവും ക്രൂരവുമാണ്. ഏത്തരം അന്യായവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ്. ഇത് ആരും അറിയാതെ പോകരുത്.'' റാഷിദ് ഖാന്‍ കുറിച്ചു. ദേശീയ താരങ്ങളായ മുഹമ്മദ് നബി, ഫസല്‍ഹഖ് ഫറൂഖി എന്നിവരെയും പാക്ക് ആക്രമണത്തെ അപലപിച്ചു.
വെള്ളിയാഴ്ച, പക്തിക പ്രവിശ്യയില്‍ പാക്കിസ്ഥാന്‍ ഒട്ടേറെ വ്യോമാക്രമണങ്ങള്‍ നടത്തിയതായി അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചെന്നും അഫ്ഗാനിസ്ഥാന്‍ പറഞ്ഞു. ഉര്‍ഗുണ്‍, ബര്‍മല്‍ ജില്ലകളിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നും ഇത് സിവിലിയന്മാര്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയെന്നും അഫ്ഗാനിസ്ഥാനിലെ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ദിവസങ്ങള്‍ നീണ്ടുനിന്ന അതിര്‍ത്തി കടന്നുള്ള ഏറ്റുമുട്ടലുകള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടതിനു പിന്നാലെയാണ് ആക്രമണങ്ങള്‍ ഉണ്ടായത്.
അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങള്‍ തടയുന്നതിനും സംഘര്‍ഷം ലഘൂകരിക്കുന്നതിനുമായി നടന്നുകൊണ്ടിരിക്കുന്ന ദോഹ ചര്‍ച്ചകള്‍ അവസാനിക്കുന്നതുവരെ വെടിനിര്‍ത്തല്‍ നീട്ടണമെന്ന് പാകിസ്ഥാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദോഹയില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ അവസാനിക്കുന്നതുവരെ വെടിനിര്‍ത്തല്‍ നീട്ടാന്‍ കാബൂള്‍ നിര്‍ദ്ദേശം അംഗീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ ശനിയാഴ്ച ആരംഭിക്കാനിരിക്കെയാണ് വ്യോമാക്രമണം.