പനയമ്പാടം അപകടത്തിന് കാരണം സിമന്റ് ലോറിയില്‍ മറ്റൊരു ലോറി ഇടിച്ചത്; ബ്രേക്ക് ചവിട്ടി ലോറി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് മറിഞ്ഞത് വിദ്യാര്‍ഥിനികളുടെ മേലേക്ക്; വിശദീകരണവുമായി ആര്‍ ടി ഒ; അപകടത്തിന് മുമ്പ് കുട്ടികള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്
പനയമ്പാടം അപകടത്തിന് കാരണം സിമന്റ് ലോറിയില്‍ മറ്റൊരു ലോറി ഇടിച്ചത്
പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് നാല് വിദ്യാര്‍ഥിനികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം സിമന്റ് ലോറിയില്‍ മറ്റൊരു ലോറി ഇടിച്ചതെന്ന്് മോട്ടോര്‍ വാഹന വകുപ്പ്. സിമന്റ് ലോറിയില്‍ മറ്റൊരു ലോറി ഇടിച്ചതോടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്ന് ആര്‍ടിഒ അറിയിച്ചു. മറ്റൊരു ലോറി ഇടിച്ചശേഷം ബ്രേക്ക് ചവിട്ടി ലോറി നിര്‍ത്താന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അതിനിടെ, അപകടത്തിന് തൊട്ടു മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് കുട്ടികള്‍ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കരിമ്പ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ഇര്‍ഫാന, മിത,റിദ, ആയിഷ എന്നിവരാണ് മരിച്ചത്. നാല് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സിമന്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.മൂന്ന് മൃതദേഹങ്ങള്‍ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു പെണ്‍കുട്ടിയുടെ മൃതദേഹം മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലുമാണുള്ളത്. നാലരയോടെയാണ് അപകടമുണ്ടായത്. അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു അഞ്ച് വിദ്യാര്‍ത്ഥിനികള്‍. കടയില്‍ നിന്ന് മിഠായി വാങ്ങി വരികയായിരുന്നു. ഈ സമയം സിമന്റുമായെത്തിയ ലോറി കാറുമായിടിച്ച് നിയന്ത്രണം വിട്ടു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു.ലോറി വരുന്നതുകണ്ട ഒരു പെണ്‍കുട്ടി മതിലെടുത്തുചാടിയാണ് രക്ഷപ്പെട്ടത്.
പാലക്കാടേക്ക് പോവുകയായിരുന്ന ലോറിയാണ് മണ്ണാര്‍ക്കാട്ടേക്ക് വരികയായിരുന്ന ലോറിയില്‍ ഇടിച്ചത്. സിമന്റ് ലോറിയില്‍ ഇടിച്ച് അപകടമുണ്ടാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നുവെന്ന സമാനമായ മൊഴിയാണ് ദൃക്‌സാക്ഷികളും നല്‍കിയിരുന്നത്. സൈഡ് കൊടുത്തപ്പോള്‍ ഇടിച്ചതാണോയെന്ന കാര്യത്തില്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. സംഭവത്തില്‍ സിമന്റ് ലോറിയില്‍ ഇടിച്ച ലോറിയിലെ ഡ്രൈവറെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിമന്റ് കയറ്റിയ ലോറിയില്‍ മറ്റൊരു ലോറി ഇടിച്ചിരുന്നതായി വ്യക്തമായത്.
സിമന്റ് ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തില്‍ വര്‍ഗീസിന്റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഇരുവരുടെയും രക്ത സാമ്പിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ, അപകടം നടന്ന സ്ഥലത്ത് പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തി. വാഹനത്തിലുള്ള ലോഡിന്റെ ഭാരം കൃത്യമായിരുന്നു.