ആ നാലു കുട്ടികളും വീണത് 30 അടിയോളം താഴ്ചയില്‍; കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളിയില്‍ രക്ഷാപ്രവര്‍ത്തനം; കുത്തനെയുള്ള കയറ്റത്തിലൂടെ കുട്ടികളെ തോളില്‍ ചുമന്ന് ആംബുലന്‍സില്‍ എത്തിച്ചു; ആശുപത്രിയില്‍ എത്തുമ്പോള്‍ മൂന്ന് പേര്‍ക്ക് പള്‍സുമില്ല; ആ 18 കിലോമീറ്റര്‍ ഓടിയെത്തിയത് 15 മിനിറ്റില്‍; അലീനയുടെ വേര്‍പാട് വേദനയാകുമ്പോള്‍
തൃശ്ശൂര്‍: പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിക്കുമ്പോള്‍ മറ്റുള്ളവരുടെ നില അതീവ ഗുരുതരം. രണ്ടുപേരുടെ നില ഗുരുതരമാണ്. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജനാണ് (16) മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. പുലര്‍ച്ചെ 12.30-ഓടെയായിരുന്നു മരണം. . ചെരിഞ്ഞുനില്‍ക്കുന്ന പാറയില്‍ കാല്‍വഴുതി ആദ്യം രണ്ടുപേര്‍ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും വീണു. കരയിലുണ്ടായിരുന്ന കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്തത്.
തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് മരിച്ച അലീന. സഹോദരി: ക്രിസ്റ്റീന. വെള്ളത്തില്‍വീണ മറ്റു മൂന്നു പേരും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേസ് (16), ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജന്‍ (16), മുരിങ്ങത്തുപറമ്പില്‍ ബിനോജിന്റെയും ജൂലിയുടെയും മകള്‍ എറിന്‍ (16), പീച്ചി സ്വദേശിനി പുളിയമ്മാക്കല്‍ ജോണിയുടെയും ഷാലുവിന്റെയും മകള്‍ നിമ (12) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചഭക്ഷണത്തിന് ശേഷം റിസര്‍വോയറിന് സമീപത്തേക്ക് പോയതായിരുന്നു കുട്ടികള്‍.
നാലുപേരും തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് അപകടത്തില്‍പ്പെട്ട മൂന്നുപേര്‍. പള്ളിപ്പെരുന്നാള്‍ ആഘോഷത്തിന് ഹിമയുടെ വീട്ടില്‍ എത്തിയ ഇവര്‍ റിസര്‍വോയര്‍ കാണാന്‍ പോയതായിരുന്നു. അപകടം നടക്കുമ്പോള്‍ ഹിമ കരയിലുണ്ടായിരുന്നു. ഹിമയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. 30 അടിയോളം താഴ്ചയുള്ളയിവിടെ കുട്ടികള്‍ കാല്‍വഴുതി വീഴുകയായിരുന്നെന്ന് കരുതുന്നു. ലൈഫ് ഗാര്‍ഡ് മേജോ തേക്കേകര കുട്ടികള്‍ക്ക് കൃത്രിമ ശ്വാസം നല്‍കി. കുത്തനെയുള്ള കയറ്റത്തിലൂടെ കുട്ടികളെ ചുമന്ന് ആംബുലന്‍സില്‍ എത്തിക്കുകയായിരുന്നു. നിലവിളി കേട്ട പ്രദേശവാസി റിജോമോന്‍ തോമസാണ് നാട്ടുകാരെ വിവരമറിയിച്ചത്. സമീപത്തുണ്ടായിരുന്ന പ്രദേശവാസിയും എറണാകുളം മുനമ്പത്ത് ലൈഫ് ഗാര്‍ഡുമായ മെജോയ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളത്തിലിറങ്ങി കുട്ടികളെ പുറത്തെടുത്തു.
തങ്കായി കുര്യന്‍, ഷാന്‍ തോമസ്, ഷിജോയി കുര്യന്‍, റിജോമോന്‍ തോമസ്, ഷാജി കാഞ്ഞിരത്തിങ്കല്‍, മോഹനന്‍ മഠത്തില്‍, ജിനീഷ് തെക്കേക്കര, ഡിബിന്‍ ലോറന്‍സ്, ഷിജു പോള്‍ എന്നിവരാണു കുട്ടികളെ കരയിലെത്തിച്ചത്. 20 മിനിറ്റിനുള്ളില്‍ നാലു കുട്ടികളെയും വെള്ളത്തില്‍നിന്നു പുറത്തെടുത്ത് മെജോയ് കുര്യന്‍ സി.പി.ആര്‍. നല്‍കി. ഇതിനിടെ ഒരു കുട്ടിക്ക് ബോധം തിരിച്ചുകിട്ടി മെജോയ്യുടെ കൈയില്‍ കടിച്ചു. റിസര്‍വോയറില്‍നിന്ന് പ്രധാന റോഡിലേക്ക് 150 മീറ്ററോളം കുത്തനെയുള്ള കയറ്റമാണ്. ഈ കയറ്റത്തിലേക്ക് കുട്ടികളെ തോളില്‍വെച്ച് ഓടിക്കയറിയാണു മുകളിലെത്തിച്ചത്.
ആദ്യം പുറത്തെടുത്ത കുട്ടിയെ നാട്ടുകാരിലൊരാളുടെ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ആംബുലന്‍സും എത്തി. 18 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് 15 മിനിറ്റുകൊണ്ട് ആംബുലന്‍സുകള്‍ ഓടിയെത്തി. അങ്ങനെ അതിവേഗം ആശുപത്രിയില്‍ കുട്ടികളെ എത്തിച്ചു. എന്നിട്ടും അലീനയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബാക്കിയുള്ളവര്‍ക്കായി പ്രാര്‍ത്ഥന തുടരുകയാണ്. മൂന്ന് കുട്ടികളേയും അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ റിജോ പറഞ്ഞു. ഒരുകിലോമീറ്റര്‍ ഇപ്പുറത്ത് തന്നെ തങ്ങള്‍ ഉണ്ടായിരുന്നു. പതിനഞ്ചുമിനിറ്റിനുള്ളില്‍ കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞു. വലിയ ആഴമുള്ള സ്ഥലത്താണ് അപകടമുണ്ടായത്. ഫയര്‍ ഫോഴ്സ് വന്നാല്‍ പോലും തിരച്ചില്‍ ദുഷ്‌കരമാകുന്ന സ്ഥലമാണത്. ഒരുനിമിഷം പോലും പാഴാക്കാതെയാണ് നാട്ടുകാര്‍ ഉള്‍പ്പെടെ എല്ലാവരും രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.