ഫ്‌ലെക്‌സ് ബോര്‍ഡ് നീക്കിയതിനെച്ചൊല്ലി തര്‍ക്കം; നവമാധ്യമങ്ങളിലൂടെ വധഭീഷണി; ബൈക്കില്‍ ജീപ്പിടിച്ച് വീഴ്ത്തി ആക്രമണം; മഴു കൊണ്ട് വെട്ടി കൃപേഷിന്റെ തലച്ചോറ് പിളര്‍ന്നു; ശരത് ലാലിന്റെ ശരീരത്തിലാകെ 20 വെട്ടുകള്‍; പെരിയയില്‍ അന്ന് നടന്നത് ചോരക്കൊതിയാലുള്ള നികൃഷ്ടമായ കൊലപാതകം

പെരിയയില്‍ അന്ന് നടന്നത് ചോരക്കൊതിയാലുള്ള നികൃഷ്ടമായ കൊലപാതകം

Update: 2025-01-03 11:18 GMT

കാസര്‍കോട്: ടിപി ചന്ദശേഖരന്‍ വധത്തിന് ശേഷം സിപിഎം ഏറ്റവും കൂടുതല്‍ പഴികേട്ട കേസാണ് പെരിയ ഇരട്ടക്കൊലപാതകം. കൃത്യമായ രാഷ്ട്രീയ ആസൂത്രണമെന്ന് അന്നേ വ്യക്തമായിട്ടും ലോക്കല്‍ കമ്മറ്റി അംഗം പീതാബരനെ പഴി ചാരി മുഖം രക്ഷിക്കാനായിരുന്നു സിപിഎം ശ്രമം. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടവരില്‍ കാസര്‍കോട്ടെ സിപിഎമ്മിന്റെ പ്രധാന നേതാക്കളുടെ നീണ്ട നിരയാണ് കാണാനാവുക.

കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും ശരീരത്തിലാകെ ഒട്ടേറെ മുറിവുകള്‍. ഒട്ടുമിക്കതും ആഴത്തിലുള്ളത്. കൃപേഷിന്റെ തലച്ചോറ് വെട്ടേറ്റ് പിളര്‍ന്നിരുന്നു. ശരത്‌ലാലിന്റെ കാല്‍മുട്ടിനു താഴെയുള്ള അഞ്ചു വെട്ടുകളെ തുടര്‍ന്ന് മാംസവും എല്ലും കൂടിക്കുഴഞ്ഞ അവസ്ഥയിലായിരുന്നു. ബൈക്കില്‍ ജീപ്പിടിച്ചു വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം.

ഒരു ഫ്‌ലെക്‌സ് ബോര്‍ഡ് തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് രണ്ടു യുവാക്കളുടെ ജീവനെടുത്ത ക്രൂരതയ്ക്ക് ഇടയാക്കിയത്. കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു ഫണ്ട് അനുവദിച്ച കെ.കുഞ്ഞിരാമന്‍ എംഎല്‍എയ്ക്ക് അഭിവാദ്യമര്‍പ്പിച്ചു സ്‌കൂളിനു മുന്‍പില്‍ സ്ഥാപിച്ച ഫ്‌ലെക്‌സ് ബോര്‍ഡ് ചിലര്‍ എടുത്തുമാറ്റിയതിനെച്ചൊല്ലി തുടങ്ങി തര്‍ക്കം സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷമായി മാറി. ഒരു വര്‍ഷേേത്താളം നീണ്ട സംഘര്‍ഷ പരമ്പരകളാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തിലേക്ക് എത്തിയത്.

ഫ്‌ലെക്‌സ് നീക്കിയതു കോണ്‍ഗ്രസുകാരാണെന്ന് ആരോപിച്ച് സ്‌കൂളിനു സമീപത്തെ, കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള വാദ്യകലാസംഘം ഓഫിസിനു സിപിഎം പ്രവര്‍ത്തകര്‍ തീയിട്ടു. ഇതിനു പിന്നാലെ, സമീപത്ത് ഉദ്ഘാടനത്തിനൊരുങ്ങിയ സിപിഎം ഓഫിസ് കോണ്‍ഗ്രസുകാര്‍ തകര്‍ത്തു. ഇരു കൂട്ടര്‍ക്കുമെതിരെ ബേക്കല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുകള്‍ അനുരഞ്ജന ചര്‍ച്ചയിലൂടെ പരിഹരിച്ചു.

സിപിഎമ്മുകാരുടെ പരാതി പ്രകാരം കൃപേഷിനെ ഈ കേസിലും പ്രതി ചേര്‍ത്തിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം, മുന്നാട് പീപ്പിള്‍സ് കോളജില്‍ കല്യോട്ടെ കെഎസ്യു പ്രവര്‍ത്തകനു മര്‍ദനമേറ്റത് കോണ്‍ഗ്രസ് സിപിഎം ബന്ധം വീണ്ടും വഷളാക്കി.

മര്‍ദനത്തിനു പ്രേരിപ്പിച്ചതു സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പീതാംബരനെയും മറ്റൊരു സിപിഎം പ്രവര്‍ത്തകനെയും ആക്രമിച്ചു. അതില്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. കൃപേഷിനെ സിപിഎം പ്രതിപ്പട്ടികയിലുള്‍പ്പെടുത്തിയെങ്കിലും പൊലീസ് അന്വേഷണത്തില്‍ ഒഴിവാക്കപ്പെട്ടു.

ശരത് ലാല്‍ കേസില്‍ റിമാന്‍ഡിലായി. പീതാംബരനെ ആക്രമിച്ചവരെ തിരിച്ചടിക്കുമെന്നു സിപിഎം പ്രവര്‍ത്തകര്‍ നവമാധ്യമങ്ങള്‍ മുഖേന ഭീഷണിപ്പെടുത്തി. വധഭീഷണിയെക്കുറിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബേക്കല്‍ പൊലീസിനെ അറിയിച്ചു. നടപടിയുണ്ടാകും മുന്‍പേ രണ്ടു യുവാക്കളെയും പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

2019 ഫെബ്രുവരി 17ന് രാത്രി 7.45 നായിരുന്നു പെരിയ കല്യോട്ട് വച്ച് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനു ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ജീപ്പിലെത്തിയ അക്രമികള്‍ ഇവരെ ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൃപേഷിന്റെ തലയില്‍ മഴു പോലുള്ള ആയുധത്തിന്റെ വെട്ടേറ്റ് 13 സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവേറ്റു. തലച്ചോര്‍ പിളര്‍ന്നിരുന്നു. ശരീരത്തില്‍ വാള്‍ ഉപയോഗിച്ചുള്ള വെട്ടുമുണ്ട്. ശരത് ലാലിന്റെ ശരീരത്തില്‍ ചെറുതും വലുതുമായ 20 വെട്ടേറ്റു. പകുതിയിലധികവും കാല്‍മുട്ടിനു താഴെ. മൂര്‍ച്ചയേറിയ വാളുപയോഗിച്ചു നെറ്റിയില്‍ വെട്ടിയതിനാല്‍ 23 സെന്റീമീറ്റര്‍ നീളത്തിലുള്ള പരുക്കും മഴു പോല കനമുള്ള ആയുധത്താല്‍ വലതു ചെവി മുതല്‍ കഴുത്തു വരെയുള്ള ആഴത്തിലുള്ള പരുക്കും മരണ കാരണമായി.

പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇരട്ടക്കൊലപാതകങ്ങളെക്കുറിച്ചു പറയുന്നതിങ്ങനെ ''പ്രതി പീതാംബരന്‍ ആദ്യം ഇരുമ്പുദണ്ഡ് കൊണ്ടു ശരത്‌ലാലിന്റെ തലയ്ക്കടിച്ചു. തുടര്‍ന്നു മറ്റുള്ളവര്‍ വാളുകള്‍ കൊണ്ടും ഇരുമ്പു പൈപ്പുകള്‍ കൊണ്ടും വെട്ടിയും അടിച്ചും കൊലപ്പെടുത്തി. കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയായിരുന്നു ആക്രമണം. രാഷ്ട്രീയ വിരോധമായിരുന്നു കാരണം.''

സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തതെന്നും കൊല്ലപ്പെട്ടവരുടെ ദേഹത്തുള്ള പരുക്കുകള്‍ അതിന്റെ ഭീകരത വെളിപ്പെടുത്തുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

തെളിവെടുപ്പിനായി സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെയും മറ്റ് പ്രതികളെയും എത്തിച്ചപ്പോള്‍ ശക്തമായ ജനരോഷമാണ് ഉയര്‍ന്നത്. 'ഇനി നാട്ടില്‍ സമാധാനം വേണ്ട. ഇത്രയും നാള്‍ കോണ്‍ഗ്രസുകാര്‍ സമാധാനത്തിനു വേണ്ടി വാദിച്ചതു കൊണ്ടാണു നമുക്ക് രണ്ടു പൊന്നോമനകളെ നഷ്ടപ്പെട്ടത്. ഇനി അവനെ ഞങ്ങള്‍ക്കു വിട്ടു താ സാറേ...'. കൊല്ലപ്പെട്ട ശരത്ലാലിന്റെ ബന്ധു തമ്പായിയുടെ രോഷപ്രകടനം ഒടുവില്‍ വിതുമ്പലായി.

പീതാംബരനെ വാഹനത്തില്‍ നിന്നു പുറത്തിറക്കുന്നതിനു മുന്‍പു പൊലീസ് സംഘം കിണറിനു ചുറ്റും സുരക്ഷാവലയം തീര്‍ത്തു. ആയുധങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസുകാരന്‍ കയറേണിയുപയോഗിച്ചു കിണറ്റിലിറങ്ങുമ്പോള്‍ പീതാംബരന്‍ പൊലീസുകാര്‍ക്കിടയില്‍ നിസ്സംഗതയോടെ തൊഴുകൈകളുമായി നില്‍ക്കുകയായിരുന്നു. ആയുധമെടുക്കാനായി താഴ്ത്തിയ കയറില്‍ അവനെയും കെട്ടിത്താഴ്ത്തണമെന്ന് ആളുകള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആയുധങ്ങള്‍ കണ്ടെടുത്തശേഷം കനത്ത പൊലീസ് വലയത്തില്‍ വാഹനത്തില്‍ തിരിച്ചു കയറ്റുന്നതിനിടെ കൂടിനിന്ന യുവാക്കളില്‍ ചിലര്‍ പീതാംബരനെ കയ്യേറ്റം ചെയ്യാനും മുതിര്‍ന്നിരുന്നു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം, കൊലപാതകം നടക്കുമ്പോള്‍ ഏരിയാ സെക്രട്ടറിയായിയരുന്ന നേതാവ് ലോക്കല്‍ സെക്രട്ടറി, ലോക്കല്‍ കമ്മറ്റി അംഗം ,ബ്രാഞ്ച് അംഗം എന്നിങ്ങനെ പാര്‍ട്ടിയുടെ എല്ലാ തലത്തിലുമുള്ള നേതാക്കള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയതോടെ രാഷ്ട്രീയ കൊലയല്ല എന്ന സിപിഎം വാദം പൊളിയുകയാണ്. ഇരയ്ക്ക് നീതി ലഭ്യമാക്കേണ്ട അതേ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സുപ്രീകോടതി വരെ പോയതും സിപിഎമ്മിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. സിബിഐ പിന്നീട് പ്രതികളാക്കിയ എല്ലാവരെയും ശിക്ഷിച്ചില്ല എന്ന ആശ്വാസം സിപിഎമ്മിനുണ്ട് എങ്കില്‍ പോലും ആ പട്ടികയില്‍പ്പെട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെവി കുഞ്ഞിരാമന് കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്.

വലിയ ജനവികാരം ഉണ്ടായപ്പോള്‍ ഏരിയാ സെക്രട്ടറിയില്‍ വരെ ക്രൈംബ്രാഞ്ച് അന്വേഷണം എത്തിയിരുന്നു. അതും വൈകിയായിരുന്നു. തിടുക്കപ്പെട്ട് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയത് കേസിലെ സിബിഐ അന്വേഷണം തടയാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഹൈക്കോടതി കുറ്റപത്രം റദ്ദാക്കിയാണ് കേസ് സിബിഐക്ക് കൈമാറിയത്. ഭരണത്തിന്റെ തണല്‍ രാഷ്ട്രീയ കൊലപാതകികള്‍ക്കും നല്‍കാന്‍ സിപിഎം ഏറ്റവും പ്രകടമായി ശ്രമിച്ച കേസ് കൂടിയാണ് പെരിയയിലേത്.

കണ്ണൂരിലെ പല കേസുകളിലും ടിപി കേസിലും ഉന്നയിച്ചത് പോലെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയവര്‍ നിരപരാധികളാണെന്ന വാദമാണ് സിപിഎം ഉന്നയിക്കുന്നത്. കൃപേഷിന്റെയും ശരതിന്റെയും കുടുംബത്തിന് ഒപ്പമുണ്ടായിരുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ അഡ്വ സികെ ശ്രീധരനെ സിപിഎം അടര്‍ത്തിയെടുത്തത് പോലും ഈ കേസിലുള്ള താല്പര്യത്തിന്റെ പേരിലായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിനെയും സിപിഎമ്മിനെയും വലിയ രീതിയില്‍ പ്രതിക്കൂട്ടിലാക്കിയ ഈ കേസിലെ വിധി കോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടമാകും.

Tags:    

Similar News