പെരിയ കൊലപാതക കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവും; കേരളം കാത്തിരുന്ന കേസില്‍ വിധിയെത്തി; വിധിയില്‍ തൃപ്തരല്ലെന്ന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടുകാര്‍
കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ (24) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ വിധി പ്രഖ്യാപിച്ചു. കൊലപാതകത്തില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചു. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്കും ഗൂഢാലോചനയില്‍ പങ്കെടുത്ത 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ അടക്കം നാലു പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചു. ഈ നാല് പേര് സിപിഎം നേതാക്കളാണ്. പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ എ.പീതാംബരന്‍, സജി സി.ജോര്‍ജ്, കെ.എം.സുരേഷ്, കെ.അനില്‍കുമാര്‍ (അബു), ഗിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി. രഞ്ജിത്ത്(അപ്പു), 15ാം പ്രതി എ.സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് ജീവപര്യന്തം വിധിച്ചത്. ഇവര്‍ക്ക് രണ്ട് കുറ്റകൃത്യങ്ങളിലായി രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.
എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ശേഷാദ്രിനാഥനാണ് ശിക്ഷ വിധിച്ചത്. അതേസമയം വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും വിധിയില്‍ തൃപ്തരല്ലെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ പ്രതികരിച്ചു. മുന്‍ ഉദുമ എംഎല്‍എയും സി.പി.എം നേതാവുമായ കെ.വി കുഞ്ഞിരാമന്‍ അടക്കം 14 പേരാണ് കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടെത്തിയത്. കുറഞ്ഞ ശിക്ഷ നല്‍കണമെന്നാണ് പ്രതികള്‍ കോടതിയില്‍ വാദിച്ചത്. കുഞ്ഞിരാമന് പ്രായമായ അമ്മയുണ്ട്, അതുകൊണ്ട് പരാമവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടിയില്‍ വാദിച്ചു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നും, പ്രതികളാക്കപ്പെട്ട പലര്‍ക്കും ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പ്രതിഭാഗം വാദിച്ചു.
പ്രതികള്‍ രാഷ്ട്രീയവൈരാഗ്യം മൂലമാണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി, കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഇരട്ടക്കൊലപാതകത്തില്‍ മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന് പുറമെ ഡി.വൈ.എഫ്.ഐ നേതാവ് കെ. മണികണ്ഠന്‍, പാക്കം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാഘവന്‍ വെളുത്തോളി എന്നിവരും പ്രതികളാണ്. ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായതായി കോടതി കണ്ടെത്തി. ഇവര്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ആറുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് കേരളം ഏറെ ഉറ്റുനോക്കിയ ഇരട്ടക്കൊലക്കേസ് വിധിവരുന്നത്.
വിചാരണ നേരിട്ട 24 പ്രതികളില്‍ 10 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതേ വിട്ടിരുന്നു. ഒന്നാം പ്രതിയും പാക്കം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ എ. പീതാംബരന്‍, രണ്ടാം പ്രതി പീതാംബരന്റെ സഹായി സി.ജെ. സജി, മൂന്നാം പ്രതി കെ.എം. സുരേഷ്, നാലാം പ്രതി കെ. അനില്‍കുമാര്‍, അഞ്ചാം പ്രതി ജിജിന്‍, ആറാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി എ. അശ്വിന്‍, എട്ടാം പ്രതി സുബിന്‍, 10ാം പ്രതി ടി. രഞ്ജിത്, 15ാം പ്രതി വിഷ്ണു സുര, 22ാം പ്രതി കെ.വി. ഭാസ്‌കരന്‍ എന്നിവരെയാണ് പ്രത്യേക കോടതി ജഡ്ജി എന്‍. ശേഷാദ്രിനാഥന്‍ കുറ്റക്കാരായി കണ്ടെത്തിയത്. കെ. മണികണ്ഠന്‍ 14ാം പ്രതിയും രാഘവന്‍ വെളുത്തോളി 21ാം പ്രതിയുമാണ്. കേസിലെ രണ്ടാംപ്രതിയെ സ്റ്റേഷനില്‍നിന്ന് ബലമായി വിളിച്ചിറക്കി കൊണ്ടുപോയ കുറ്റമാണ് 20ാം പ്രതിയായ മുന്‍ എം.എല്‍.എ കുഞ്ഞിരാമനെതിരെ തെളിഞ്ഞത്.
ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ അടക്കം കുറ്റങ്ങള്‍ക്ക് വിചാരണ നേരിട്ട മുരളി, കുട്ടന്‍ എന്ന പ്രദീപ്, ആലക്കോട് മണി എന്ന ബി. മണികണ്ഠന്‍, എന്‍. ബാലകൃഷ്ണന്‍, ശാസ്ത മധു എന്ന എ. മധു, റജി വര്‍ഗീസ്, എ. ഹരിപ്രസാദ്, രാജു എന്ന പി. രാജേഷ്, ഗോപകുമാര്‍, പി.വി. സന്ദീപ് എന്ന സന്ദീപ് വെളുത്തോളി എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
സി.പി.എം. നേതാക്കളുള്‍പ്പെടെ കേസില്‍ 24 പ്രതികളാണുണ്ടായിരുന്നത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐയുമാണ് കേസ് അന്വേഷിച്ചത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും തുടര്‍നടപടി തുടങ്ങുംമുന്‍പേ ഹൈക്കോടതി കേസ് സി.ബി.ഐ.ക്ക് വിടുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചവേളയില്‍ കീഴ്‌ക്കോടതിയുടെ വിമര്‍ശനങ്ങളും ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഏറ്റുവാങ്ങിയിരുന്നു. രണ്ടുവര്‍ഷത്തോളം നടന്ന വിചാരണയാണ് സി.ബി.ഐ. കോടതിയില്‍ നടന്നത്.
കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്ത്‌ലാലിനെയും 2019 ഫെബ്രുവരി 17-നാണ് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഏച്ചിലടുക്കം റോഡില്‍ കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബൈക്ക് തടഞ്ഞുനിര്‍ത്തിയ അക്രമിസംഘം കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൃപേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ശരത്ത് ലാല്‍ മരിച്ചത്. സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നെങ്കിലും കോടതി അന്വേഷണം ശരിവെക്കുകയായിരുന്നു.