ശബരിമല കാലത്ത് ബെഹ്‌റയെ വിളിച്ചു വരുത്തി പി സദാശിവം; പേട്ടയില്‍ കാര്‍ തടഞ്ഞപ്പോഴും പോലീസ് മേധാവി വിളിച്ചപ്പോള്‍ വന്നു; മുഖ്യമന്ത്രിക്കെതിരായ വിഷയം വന്നപ്പോള്‍ സര്‍ക്കാര്‍ പറയുന്നത് ഇതുവരെ പറയാത്ത ന്യായം; ഹിന്ദുവില്‍ നിന്നും നേരിട്ട് വിശദീകരണം ചോദിക്കാന്‍ രാജ്ഭവനില്‍ ആലോചന; പിണറായി-ഗവര്‍ണ്ണര്‍ പോര് തുടരും

Update: 2024-10-10 03:12 GMT

തിരുവനന്തപുരം: ഗവര്‍ണര്‍ -സര്‍ക്കാര്‍ പോര് വീണ്ടും രൂക്ഷമാകുമ്പോള്‍ രാജ്ഭവന്റെ ഇനിയുള്ള നീക്കം നിര്‍ണ്ണായകം. രാജ്യവിരുദ്ധ പ്രവര്‍ത്തനം സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശം ആയുധമാക്കിയാണ് ഗവര്‍ണര്‍ രംഗത്ത് വന്നിട്ടുള്ളത്. താന്‍ അത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ഹിന്ദു പത്രം തന്നെ പറഞ്ഞിട്ടും ഗവര്‍ണര്‍ ഈ വിഷയം ഉയര്‍ത്തുന്നതിനുള്ള നീരസം പ്രകടിപ്പിച്ച മുഖ്യമന്ത്രി ഇന്നലെ രാജ് ഭവന് കത്തയക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് ഗവര്‍ണര്‍ എത്തുന്നത്. ഈ അഭിമുഖം അടക്കമുള്ള വിഷയങ്ങളില്‍ 'ഹിന്ദു' പത്രത്തോട് ഗവര്‍ണര്‍ കാര്യങ്ങള്‍ നേരിട്ട് തിരക്കുമെന്നും സൂചനയുണ്ട്. പിആര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പറയുന്നതും ഹിന്ദു വിശദീകരിച്ചതും രണ്ടാണ്. പി ആര്‍ ഏജന്‍സി അല്ല ഹിന്ദുവാണ് തന്നോട് അഭിമുഖം തേടിയതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ ഹിന്ദുവിനോട് ഗവര്‍ണര്‍ കാര്യങ്ങള്‍ നേരിട്ട് ചോദിച്ചേക്കും.

ശബരിമല യുവതീ പ്രവേശനത്തിലെ ക്രമസമാധാന പ്രശ്നങ്ങളറിയാന്‍ ഡിജിപി ബെഹ്‌റയെ ഗവര്‍ണറായിരുന്ന പി.സദാശിവം വിളിച്ചുവരുത്തിയ കീഴ് വഴക്കമുണ്ട്. കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസ് വേദിയിലെ അനിഷ്ടസംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍തേടി ഇന്റലിജന്‍സ് മേധാവിയെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിളിപ്പിച്ചു. ബാര്‍ കോഴക്കേസില്‍ 2 മുന്‍മന്ത്രിമാര്‍ക്കെതിരേ അന്വേഷണാനുമതി നല്‍കുന്നതിനായി വിജിലന്‍സ് ഡയറക്ടറെ വിളിച്ചുവരുത്തുകയും ചെയ്തു.സംസ്ഥാനത്ത് അടിക്കടി രാഷ്ട്രീയ കൊലകളുണ്ടായപ്പോള്‍ വിശദീകരണം തേടി ഡിജിപിയെ ഗവര്‍ണറായിരുന്ന പി.സദാശിവം വിളിച്ചുവരുത്തിയിരുന്നു. പേട്ടയില്‍ കാര്‍ തടഞ്ഞ് ആക്രമിച്ചതില്‍ വിശദീകരണം തേടി ചീഫ്‌സെക്രട്ടറിയെയും ഡിജിപിയെയും ആരിഫ് മുഹമ്മദ് ഖാന്‍ വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ ഇത്തവണ ഗവര്‍ണറെ കാണാന്‍ ഇത്തവണ ചീഫ് സെക്രട്ടറിയോ പോലീസ് മേധാവിയോ പോയില്ല. സര്‍ക്കാര്‍ അനുവദിക്കാത്തതു കൊണ്ടാണ് ഇത്. മുഖ്യമന്ത്രിക്കെതിരായ വിഷയം ആയതു കൊണ്ടാണ് ഇതെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്തെ എക്‌സിക്യുട്ടീവ് തലവനായ ഗവര്‍ണര്‍ക്ക് ചീഫ്‌സെക്രട്ടറിയെയും പൊലീസ് മേധാവിയെയും വിളിച്ചുവരുത്തുന്നതിനോ ചോദ്യങ്ങള്‍ ചോദിക്കുന്നതിനോ നിയമപരവും ഭരണഘടനാപരവുമായും തടസമില്ലെന്ന വാദം ശക്തമാണ്. പക്ഷേ, സര്‍ക്കാര്‍ നടപടികളെക്കുറിച്ച് അഭിപ്രായമോ വിശദീകരണമോ നല്‍കണമെന്ന് നിര്‍ബന്ധിക്കാനാവില്ല. ഇതിനുള്ള അധികാരം സര്‍ക്കാരിനാണ്. ഗവര്‍ണര്‍ വിളിച്ചാല്‍ പോകരുതെന്ന് സര്‍ക്കാരിനും പറയാനാവില്ല. ഭരണകാര്യങ്ങളും സംസ്ഥാനത്തെ പൊതുകാര്യങ്ങളും അറിയാനുള്ള ഗവര്‍ണറുടെ അവകാശം അലംഘനീയമാണെന്നും ഉദ്യോഗസ്ഥരെ കാണുന്നതില്‍ നിന്ന് ഭരണഘടനയോ ,നടപടിച്ചട്ടങ്ങളോ ഗവര്‍ണറെ വിലക്കുന്നില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ രാജ്ഭവനിലേക്ക് വരാത്തതിനെ ഗവര്‍ണര്‍ ഗൗരവത്തോടെ തന്നെ കാണുന്നുണ്ട്. എല്ലാം കാട്ടി രാഷ്ട്രപതിയ്ക്ക് റിപ്പോര്‍ട്ടും നല്‍കും. അതിന് മുമ്പ് ഹിന്ദുവില്‍ നിന്നും വിശദീകരണം തേടാനാണ് ആലോചന.

ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിന്റെ ചരിത്രമെടുത്താല്‍ അതിന് കാലങ്ങളുടെ പഴക്കമുണ്ട്. സാധാരണഗതിയില്‍ അഞ്ച് വര്‍ഷമാണ് ഗവര്‍ണറുടെ കാലാവധി. എന്നാല്‍ ഭരണഘടനയില്‍ നിശ്ചിത കാലയളവ് ഗവര്‍ണര്‍ക്ക് പറഞ്ഞിട്ടില്ല. പുതിയ ഗവര്‍ണര്‍ ചുമതല ഏല്‍ക്കുന്നതുവരെ പഴയ ഗവര്‍ണര്‍ക്ക് തുടരാം എന്നതാണ് ഭരണഘടന വ്യക്തമാക്കുന്നത്. രാജ്യത്തെ ഏക ഇടതുപക്ഷ സര്‍ക്കാരിനെ നിരന്തരമായി പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കി. ഇത് എത്രകാലത്തേക്കെന്ന് വ്യക്തമല്ല. ഇതിനിടയിലാണ് ഗവര്‍ണര്‍ക്ക് അടിക്കാനുള്ള വടി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നല്‍കിയത്.

മലപ്പുറത്തെ സ്വര്‍ണ്ണക്കടത്തും ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പണം രാജ്യവിരുദ്ധ ഇടപെടലിന് ഉപയോഗിക്കുന്നു എന്ന് ദ് ഹിന്ദുവിലെ മുഖ്യമന്ത്രിയുടെ പ്രത്യേക അഭിമുഖത്തില്‍ വന്നത് ഗവര്‍ണര്‍ ആയുധമാക്കുകയായിരുന്നു. താന്‍ പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയത് എന്ന് പറഞ്ഞ് മുഖ്യമന്ത്രി തടിയൂരാന്‍ ശ്രമിച്ചു. അപ്പോഴും പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ പത്രത്തിനെതിരെയും, ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയ പി ആര്‍ ഏജന്‍സിക്കെതിരേയും കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഈ വിഷയമാണ് ഗവര്‍ണര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.

താന്‍ പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്ന് ഹിന്ദു ദിനപത്രം പരസ്യമായി പറഞ്ഞിട്ടും ഗവര്‍ണര്‍ അത് ആയുധമാക്കുന്നതിലുള്ള നീരസമാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്. കണക്കുകളുടെ അടിസ്ഥാനത്തിലാണ് സ്വര്‍ണം പിടിച്ചെടുത്തത് പറഞ്ഞത്. എയര്‍പോര്‍ട്ട് വഴിയുള്ള സ്വര്‍ണക്കടത്ത് തടയേണ്ടത് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കസ്റ്റംസ് ആണ്, അവരത് ചെയ്യുന്നില്ല. വസ്തുതകള്‍ വളച്ചൊടിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി ഇന്നലെ നല്‍കിയ കത്തില്‍ ഉണ്ട്.

Tags:    

Similar News