ഡിജിറ്റല്‍, കെ.ടി.യു വി സി നിയമനത്തര്‍ക്കത്തില്‍ സമവായ സാധ്യത തേടി മുഖ്യമന്ത്രി; തടസ്സം നീക്കാന്‍ ഗവര്‍ണറെ നേരില്‍ക്കണ്ട് സംസാരിക്കാന്‍ പിണറായി വിജയന്‍; വിസി വിഷയത്തില്‍ ഇരുകൂട്ടര്‍ക്കും എതിര്‍പ്പില്ലാത്ത മറ്റുപേരുകളിലേക്ക് കടക്കാന്‍ നീക്കം; ഗവര്‍ണര്‍ അനുനയത്തിന് തയ്യാറാകുമോ എന്നതില്‍ ആകാംക്ഷ

ഡിജിറ്റല്‍, കെ.ടി.യു വി സി നിയമനത്തര്‍ക്കത്തില്‍ സമവായ സാധ്യത തേടി മുഖ്യമന്ത്രി

Update: 2025-12-07 03:08 GMT

തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തര്‍ക്കത്തില്‍ ഗവര്‍ണര്‍-മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് സാധ്യത. പ്രശ്‌ന പരിഹാരത്തിനുള്ള സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നീക്കം. തടസ്സം നീക്കാന്‍ ഗവര്‍ണറെ നേരില്‍ക്കണ്ട് സംസാരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിയമോപദേശം ലഭിച്ചതായാണ് വിവരം.

ഗവര്‍ണറും മുഖ്യമന്ത്രിയും നിലവില്‍ തലസ്ഥാനത്തില്ല. വി.സി. കേസ് വ്യാഴാഴ്ചത്തേക്കാണ് കോടതി മാറ്റിയത്. ചര്‍ച്ച അതിനു മുന്‍പ് നടന്നേക്കും. ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് വി.സി.യായി മുഖ്യമന്ത്രി നിര്‍ദേശിച്ച ഡോ. സജി ഗോപിനാഥിനെ ഗവര്‍ണര്‍ അംഗീകരിച്ചില്ല. സാങ്കേതിക സര്‍വകലാശാലയിലേക്ക് ഗവര്‍ണര്‍ തിരഞ്ഞെടുത്ത ഡോ. സിസാ തോമസിനെ മുഖ്യമന്ത്രിയും എതിര്‍ത്തു. ഈ രണ്ടുപേരുകളിലും ഇരുവരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ഇരുകൂട്ടര്‍ക്കും എതിര്‍പ്പില്ലാത്ത മറ്റുപേരുകളിലേക്ക് കടന്നാല്‍ തര്‍ക്കം അവസാനിക്കും.

ഗവര്‍ണര്‍ മനംമാറ്റത്തിന്റെ ലക്ഷണം പ്രകടിപ്പിച്ചിട്ടില്ല. കണ്ണൂര്‍ സര്‍വകലാശാലാക്കേസില്‍, വി.സി. നിയമനത്തില്‍ ചാന്‍സലര്‍ക്കാണ് പരമാധികാരമെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ടെന്നാണ് ഗവര്‍ണറുടെ നിലപാട്. തര്‍ക്കം അവസാനിച്ചില്ലെങ്കില്‍ രണ്ടിടത്തും വി.സി.മാരെ നിയമിക്കാന്‍ സുപ്രീംകോടതി നിര്‍ബന്ധിതമാവും. ഇത് കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം ഡിജിറ്റല്‍, കെടിയു വി സി നിയമനത്തിലുള്ള ഗവര്‍ണറിന്റെ നടപടി കോടതി വിധിക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. തദ്ദേശ തെരെഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം വി സി നിയമന വിഷയത്തില്‍ പ്രതികരിച്ചത്. രണ്ടാഴ്ചയ്ക്കകം തീരുമാനം ഉണ്ടാകണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാല്‍ ഗവര്‍ണര്‍ അത് തള്ളുകയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരുമായി സമവായം ഉണ്ടാകണം എന്നതാണ് കോടതി വിധി. എന്നാല്‍ ഗവര്‍ണര്‍ അതിന് തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതിയുടെ വിധി അനുസരിച്ച് നീങ്ങുന്നതായിരിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന നടപടിയാണുള്ളത്. സര്‍ക്കാര്‍ ഗവര്‍ണറുമായി സമവായത്തിന് തയ്യാറാണ്. സമവായത്തിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിന് തയ്യാറാകാത്തത് ഗവര്‍ണറാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ സര്‍വകലാശാല വി.സിയായി ഡോ.സജി ഗോപിനാഥിന്റെയും സാങ്കേതിക സര്‍വകലാശാല വി.സിയായി ഡോ.സി.സതീഷ് കുമാറിന്റെയും പേരിനാണ് മുഖ്യമന്ത്രി ആദ്യ പരിഗണന നല്‍കിയത്. ഇരുസര്‍വകലാശാലകളിലെയും വി.സി നിയമനത്തിനായി റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി സുധാന്‍ഷു ധൂലിയ അദ്ധ്യക്ഷനായി രണ്ട് സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. അവര്‍ നല്‍കിയ പട്ടികയില്‍ നിന്നുള്ള പേരുകളിലാണ് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലടിക്കുന്നത്.

ഡിജിറ്റല്‍ സര്‍വകലാശാല വി.സി സ്ഥാനത്തേക്ക് മുഖ്യമന്ത്രി കൈമാറിയ പട്ടികയില്‍ ഡോ.ജിന്‍ ജോസ്, ഡോ.പ്രിയ ചന്ദ്രന്‍ എന്നിവര്‍ക്ക് മൂന്നും നാലും സ്ഥാനമാണ്. സാങ്കേതിക സര്‍വകലാശാല വി.സിയായി ഡോ.ജി.ആര്‍.ബിന്ദു, ഡോ.പ്രിയ ചന്ദ്രന്‍ എന്നിവരുടെ പേരുകള്‍ രണ്ടും മൂന്നും സ്ഥാനത്ത് മുഖ്യമന്ത്രി ഉള്‍പ്പെടുത്തി. രണ്ട് പട്ടികകളിലും ഡോ.സിസ തോമസിന്റെയും ഡോ.പ്രിയ ചന്ദ്രന്റെയും പേരുകള്‍ ശുപാര്‍ശ ചെയ്തത് ഗവര്‍ണര്‍ പരിഗണിച്ചു.

Tags:    

Similar News