മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ നിലപാടല്ല വിവിധ വരികളില്‍ ഉള്ളത്; കള്ളക്കടത്ത് സ്വര്‍ണ്ണവും പണവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നാണ് ഉദ്ദേശിച്ചത്; ഏതെങ്കിലുമൊരു സ്ഥലത്തേയോ പ്രദേശത്തേയോ പരാമര്‍ശിച്ചിട്ടില്ല; എല്ലാ കുറ്റവും 'ഹിന്ദു'വിന്റേത്; കത്ത് നല്‍കി പിണറായി സേഫ് സോണിലേക്ക്
രാഷ്ട്രവിരുദ്ധ, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ല. വാര്‍ത്ത അനാവശ്യ വിവാദത്തിനും തെറ്റായ വ്യാഖ്യാനത്തിനും ഇടയാക്കിയിട്ടുണ്ട്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. ഹിന്ദു പത്രത്തിലെ പരാമര്‍ശം നിഷേധിക്കുകായണ് മുഖ്യമന്ത്രിയുടെ ഓഫീസ്. അഭിമുഖത്തിലെ വിവാദ പരാമര്‍ശത്തില്‍ ഹിന്ദു പത്രത്തിന് കത്ത് നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി. പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്നും തെറ്റായ വ്യാഖ്യാനം വിവാദങ്ങള്‍ക്ക് ഇടയാക്കിയെന്നും കത്തില്‍ പറയുന്നു. ഒരു സ്ഥലമോ പ്രദേശമോ പരാമര്‍ശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കാന്‍ വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ നിലപാടല്ല വിവിധ വരികളില്‍ ഉള്ളത്. കള്ളക്കടത്ത് സ്വര്‍ണ്ണവും പണവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് ഉദ്ദേശിച്ചത്. ഏതെങ്കിലുമൊരു സ്ഥലത്തേയോ പ്രദേശത്തേയോ പരാമര്‍ശിച്ചിട്ടില്ല. വാര്‍ത്തയിലെ തെറ്റായ വ്യാഖ്യാനം അനാവശ്യ ചര്‍ച്ചക്കും വിവാദങ്ങള്‍ക്കും വഴിവച്ചെന്നും കത്തില്‍ പറയുന്നു. എന്നാല്‍ മലപ്പുറവുമായി ബന്ധപ്പെട്ട കാര്യം മുഖ്യമന്ത്രിയുടെ അഭിപ്രായമായാണ് അച്ചടിച്ചു വന്നത്. ഒരു ചോദ്യത്തോട് പ്രതികരിക്കുമ്പോള്‍ മലപ്പുറത്ത് നിന്നും പിടിച്ച സ്വര്‍ണ്ണത്തിന്റേയും ഹവാല പണത്തിന്റേയും കണക്കുകള്‍ മുഖ്യമന്ത്രി വിശദീകരിച്ചുവെന്ന തരത്തിലാണ് ഹിന്ദു പത്രത്തില്‍ അച്ചടിച്ചു വന്നത്. ഇതിനെ ഉയര്‍ത്തിയാണ് പിവി അന്‍വര്‍ മലപ്പുറം വിവാദം ആളികത്തിച്ചത്.
ഇതോടെയാണ് ഹിന്ദു പത്രത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കിയത്. രാഷ്ട്രവിരുദ്ധ, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ല. വാര്‍ത്ത അനാവശ്യ വിവാദത്തിനും തെറ്റായ വ്യാഖ്യാനത്തിനും ഇടയാക്കിയിട്ടുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തില്‍ ആവശ്യപ്പെട്ടു.
അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞതായി വന്നത്:
'ദ ഹിന്ദു' പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ എ.ഡി.ജി.പി അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ രഹസ്യമായി കണ്ടത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി ഇപ്രകാരമാണ്: ''നാളുകളായി യു.ഡി.എഫിനൊപ്പം നിന്ന ന്യൂനപക്ഷം ഇപ്പോള്‍ എല്‍.ഡി.എഫിനെ പിന്തുണക്കുന്നുണ്ട്. അത് യു.ഡി.എഫിന് നഷ്ടമുണ്ടാക്കുമെന്ന് മനസ്സിലാക്കി, ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനായി ആര്‍.എസ്.എസിനെതിരെ, സി.പി.എം മൃദുസമീപനം സ്വീകരിക്കുന്നെന്ന് വരുത്തിതീര്‍ക്കുകയാണ് ചെയ്യുന്നത്. അതിന് കൂട്ടുനിന്ന് വര്‍ഗീയ വിഭജനം നടത്താന്‍വേണ്ടി ചില തീവ്രവാദ പ്രസ്ഥാനങ്ങളും പണിയെടുക്കുന്നു. മുസ്‌ലിം തീവ്രവാദ ശക്തികള്‍ക്കെതിരെ ഞങ്ങളുടെ സര്‍ക്കാര്‍ നീങ്ങുമ്പോള്‍ ഞങ്ങള്‍ മുസ്‌ലിംകള്‍ക്ക് എതിരാണ് എന്ന് വരുത്താന്‍ അവര്‍ ശ്രമിക്കുകയാണ്. ഉദാഹരണത്തിന്, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, മലപ്പുറം ജില്ലയില്‍നിന്ന് കേരള പൊലീസ് 150 കിലോ സ്വര്‍ണവും 123 കോടിയുടെ ഹവാലപ്പണവും പിടികൂടിയിട്ടുണ്ട്. ഈ പണമത്രയും കേരളത്തിലേക്ക് വരുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ്. ആര്‍.എസ്.എസിനോട് സി.പി.എമ്മിന് മൃദുസമീപനം എന്നത് സ്വര്‍ണവും ഹവാലയും പിടികൂടിയ ഞങ്ങളുടെ സര്‍ക്കാറിനെതിരായ പ്രതികരണം മാത്രമാണ്.''
അന്‍വര്‍ പറഞ്ഞത്
അഞ്ചുവര്‍ഷത്തിനിടെ മലപ്പുറത്തു കോടികളുടെ ഹവാല പണവും സ്വര്‍ണവും പോലീസ് പിടികൂടിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രി ഒരു സമുദായത്തെ കുറ്റക്കാരാക്കുന്നുവെന്ന് അന്‍വര്‍ ആരോപിച്ചു. മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഇക്കാര്യം കേരളത്തിലെ മാധ്യമങ്ങളോട് പറയാത്തതെന്ന് അന്‍വര്‍ ചോദിച്ചു. മറുചോദ്യമുണ്ടാവുമെന്നതിനാലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന ആക്ഷന്‍ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിലാണ് ഈ വിഷയം ചര്‍ച്ചയാക്കിയത്.
'മലപ്പുറം ജില്ല സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിമിനല്‍ സംഘത്തിന്റെ കൈയിലാണെന്ന് മുഖ്യമന്ത്രി ദി ഹിന്ദു പത്രത്തോട് പറഞ്ഞു. മാതൃഭൂമിയും മനോരമയുമുള്‍പ്പെടുന്ന കേരളത്തിലെ മറ്റ് പത്രങ്ങളോട് എന്താണ് പറയാത്തത്? ചോദ്യമുണ്ടാകും. വാര്‍ത്ത നേരെ ഡല്‍ഹിയിലേക്കാണ് പോകുന്നത്, സദുദ്ദേശമാണോ, ദുരുദ്ദേശമാണോ? കരിപ്പൂരില്‍ ഇറങ്ങി തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും മറ്റുജില്ലകളിലേക്കുമടക്കം പോകുന്ന സ്വര്‍ണം മലപ്പുറത്താണ് പിടിക്കുന്നത്. പിടിക്കപ്പെട്ടവന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ച് അവന്‍ ഏത് ജില്ലക്കാരനാണെന്ന് നോക്കണം. ആ ജില്ലാക്കാരനാണ് പ്രതി എന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. എന്നാല്‍, അദ്ദേഹം ഒരു സമുദായത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നു. അപകടകരമായ പോക്കാണിത്. ശരിയായ രീതിയിലുള്ളതല്ല. ഇതാണ് ചോദ്യംചെയ്യപ്പെടുന്നത്', അന്‍വര്‍ വ്യക്തമാക്കിയത് ഇങ്ങനെയാണ്.
'ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ച് ഇരിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി പറഞ്ഞതുകേട്ട് എന്റെ മുട്ടുകാല്‍ വിറയ്ക്കുമെന്ന് കരുതിയെങ്കില്‍ മുഖ്യമന്ത്രിക്ക് തെറ്റി. എനിക്കൊരു ബാപ്പയുണ്ട്', അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. സ്വര്‍ണക്കടത്തും ഹവാല പണവും കടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പോലീസ് നടത്തിയ പരിശോധനയിലുണ്ടായ അസ്വാരസ്യങ്ങളാണ് സി.പി.എം- ആര്‍.എസ്.എസ്. ബന്ധമെന്ന ആരോപണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. അഞ്ചു വര്‍ഷത്തിനിടെ മലപ്പുറത്ത് കോടികളുടെ സ്വര്‍ണവും ഹവാല പണവും പോലീസ് പിടികൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ദ ഹിന്ദു' ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിച്ചത്.