കാറപകടം കരുണാകനെ അമേരിക്കയില്‍ എത്തിച്ചു; ദാവോസില്‍ വീണത് ഉമ്മന്‍ചാണ്ടിയുടെ ആദ്യ വിദേശ ചികില്‍സയായി; ആന്റണി പോയത് പ്രതിരോധമന്ത്രി പദം ഒഴിഞ്ഞ്; അച്യുതാനന്ദന്റെ ചികില്‍സ ലണ്ടനില്‍; ഇനി കേരളത്തിലെ ഭരണം അമേരിക്കയില്‍ നിന്നും ഓണ്‍ലൈനില്‍; ദുബായില്‍ മകനേയും കണ്ട് അച്ഛന്റെ മയോ ക്ലീനിക് യാത്ര; ഇനി പത്ത് ദിവസം പിണറായി ഇല്ലാത്ത കേരളം; 'കേരള ആരോഗ്യ മോഡല്‍ തുടര്‍ ചികില്‍സ' വീണ്ടും ചര്‍ച്ചയില്‍

Update: 2025-07-05 05:24 GMT

തിരുവനന്തപുരം: തുടര്‍ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ കുടുംബത്തോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുമാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ചികിത്സയുടെ ഭാഗമായി പത്തു ദിവസം മുഖ്യമന്ത്രി അമേരിക്കയില്‍ തങ്ങുന്നുണ്ടെങ്കിലും പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. പാര്‍ട്ടി നേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ യാത്രയയ്ക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. മുമ്പും മുഖ്യമന്ത്രി ചികിത്സയ്ക്കു പോയപ്പോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ. പത്തു ദിവസത്തെ ചികിത്സയ്ക്കു വേണ്ടിയാണ് അമേരിക്കന്‍ യാത്ര. ദുബായ് വഴിയാണ് അമേരിക്കയിലേക്കു പോകുന്നത്. ദുബായില്‍ താമസിക്കുന്ന മകനേയും പിണറായി കാണും.

പുലര്‍ച്ചെയുള്ള വിമാനത്തില്‍ ഭാര്യ കമലയ്ക്കും സഹായികള്‍ക്കുമൊപ്പമായിരുന്നു യാത്ര. ചീഫ് സെക്രട്ടറി എ.ജയതിലകും പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറും മുഖ്യമന്ത്രിയെ യാത്രയാക്കാന്‍ പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. യുഎസിലിരുന്ന് സംസ്ഥാനഭരണം നിയന്ത്രിക്കുക മുഖ്യമന്ത്രി തന്നെയാവും. ആവശ്യമെങ്കില്‍ മന്ത്രിസഭാ യോഗങ്ങളില്‍ ഓണ്‍ലൈനായി പങ്കെടുക്കും. ഫയലുകള്‍ ഇഓഫിസ് വഴി കൈകാര്യം ചെയ്യും. ഡോ.ഹാരിസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആരോഗ്യരംഗത്തെ പോരായ്മകള്‍ സംബന്ധിച്ച് വലിയതോതില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി തുടര്‍ചികിത്സയ്ക്കായി യുഎസിലേക്കു പോയിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിട ദുരന്തവും ഉണ്ടായി. ആരോഗ്യമേഖലയിലെ വിവാദങ്ങളില്‍ സര്‍ക്കാര്‍ വലിയ വിമര്‍ശനം നേരിടുമ്പോഴുള്ള മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയ്‌ക്കെതിരെ പ്രതിപക്ഷത്തെ ചില നേതാക്കള്‍ ഇതിനകം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

കേരളത്തിന്റെ ചരിത്രമെടുത്താല്‍ ആദ്യ മുഖ്യമന്ത്രിയായ ഇ എം എസ് മുതല്‍ ഏതാണ്ട് എല്ലാ മുഖ്യമന്ത്രിമാരും പല മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ചിലരുടെ കുടുംബാംഗങ്ങളും ചികിത്സയ്ക്കായി വിദേശങ്ങളില്‍ പോയിട്ടുണ്ട്. കേരളത്തിലെ സി പി ഐ-സി പി എം മന്ത്രിമാരും നേതാക്കളുമൊക്കെ 1990 കള്‍ വരെ ചികിത്സയ്ക്കായി സാധാരണഗതിയില്‍ പോയിരുന്നത് സോവിയറ്റ് യൂണിയനിലേക്കാണ്. ഇ എം എസ്സും അച്യുതമേനോനും ചികിത്സയ്ക്കായി പോയതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പഴയ പത്രത്താളുകളില്‍ കാണാനാകും. സോവിയറ്റ് യൂണിയനിലേക്കായിരുന്നു ഇവരൊക്കെ ചികിത്സയ്ക്കായി പോയിരുന്നത്. പിന്നീട് അമേരിക്കയായി ഇഷ്ട ചികില്‍സാ ഡെസ്റ്റിനേഷന്‍. സോവിയിറ്റ് യൂണിയന്‍ ഇല്ലാതായി എന്നതും മലയാളികളായ ഡോക്ടര്‍മാരും മറ്റും യു എസ്സില്‍ ഉണ്ടെന്നതും ഇതിന് കാരണമായി.

90ന് ശേഷം യു എസ്സിലേക്ക് ചികിത്സയ്ക്ക് പോയ ആദ്യ മുഖ്യമന്ത്രി കെ കരുണാകരനായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ നടന്ന വലിയൊരു കാറപകടവും അതേ തുടര്‍ന്നുള്ള ചികിത്സയുടെ ഭാഗവുമായിരുന്നു അത്. 1990 കളുടെ ആദ്യവര്‍ഷങ്ങളിലായിരുന്നു അപകടവും ചികിത്സയും. ഇതിന് ശേഷം മറ്റൊരു രാഷ്ട്രീയ നേതാവ് വിദേശത്ത് ചികിത്സയ്ക്ക് പോയി വിവാദമായത് 2000ത്തിന്റെ തുടക്കത്തിലായിരുന്നു. അന്ന് ലണ്ടനില്‍ ചികിത്സ തേടി പോയത് എല്‍ ഡി എഫ് കണ്‍വീനറായിരുന്ന സി പി എം നേതാവ് വി എസ് അച്യുതാനന്ദനായിരുന്നു. അച്യുതാനന്ദന്റെ വിദേശ ചികിത്സ, തൊട്ടുപിന്നാലെ വന്ന തെരഞ്ഞെടുപ്പില്‍ യു ഡി എഫും കോണ്‍ഗ്രസും പ്രധാന വിഷയമാക്കി മാറ്റിയിരുന്നു.

കേരളത്തില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി വിദേശത്ത് ചികിത്സയ്ക്ക് പോയത് പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് മാറിയശേഷം 2015 ലായിരുന്നു. മയോക്ലിനിക്കിലായിരുന്നു അദ്ദേഹം ചികിത്സയ്ക്കായായി പോയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിദേശ സന്ദര്‍ശത്തിനിടെ അപകടം സംഭവിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ആദ്യമായി വിദേശ ചികിത്സ വേണ്ടി വന്നത്. ലാവോസില്‍ വച്ച് അപകടമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം അവിടെ ആശുപത്രിയിലായി. പിന്നീട് മുഖമന്ത്രി സ്ഥാനത്ത് നിന്നും മാറിയ ശേഷമാണ് അദ്ദേഹത്തിനെ വിദേശ ചികിത്സയാക്കി കൊണ്ടുപോയത്. 2019-ല്‍ യുഎസിലും ജര്‍മനിയിലും ചികിത്സയ്ക്കായി അദ്ദേഹം പോയിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ യു എസില്‍ ചികിത്സയ്ക്കായി പോയത്.

Tags:    

Similar News