മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും വിമാനം ഇറങ്ങിയത് സമസ്തയേയും കാന്തപുരത്തേയും പിണക്കിയത് ശരിയായില്ലെന്ന അഭിപ്രായത്തില്‍; മന്ത്രി ശിവന്‍കുട്ടിയോട് ചര്‍ച്ചയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടേക്കും; പികെ ശശിയുടെ കാര്യത്തിലും തീരുമാനം വരും; കെറ്റിഡിസി ചെയര്‍മാനെ മാറ്റില്ല; ഫയലുകള്‍ നേരിട്ട് നോക്കാന്‍ മുഖ്യമന്ത്രിയെത്തി; രണ്ടു ദിവസം കഴിഞ്ഞാല്‍ പിണറായി ഡല്‍ഹിക്ക് പോകും

Update: 2025-07-15 03:30 GMT

തിരുവനന്തപുരം: ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിവേഗം ഫയല്‍നോക്കലുകളിലേക്ക് കടക്കും. മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറിയും ഡിജിപിയും ഉദ്യോഗസ്ഥരും വിമാനത്താവളത്തില്‍ സ്വീകരിച്ചു. ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി യുഎസിലേക്ക് പോയത്. മേയോ ക്ലിനിക്കില്‍ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായിട്ടായിരുന്നു യാത്ര. പകരം ചുമതല ആര്‍ക്കും കൈമാറിയിരുന്നില്ല. ഫയലുകള്‍ ഇ ഓഫിസ് വഴി കൈകാര്യം ചെയ്തു. നേരിട്ട് പരിശോധിക്കേണ്ടവ ഇനി പരിശോധിക്കും. ഇതിനൊപ്പം വിവാദ വിഷയങ്ങളിലും ശ്രദ്ധ നല്‍കും.

സമസ്തയേയും കാന്തപുരത്തേയും പിണക്കുന്ന സ്‌കൂള്‍ സമയ മാറ്റ വിഷയത്തില്‍ മുഖ്യമന്ത്രി ഉടന്‍ തീരുമാനം എടുക്കും. രണ്ട് സംഘടനകളുമായി ചര്‍ച്ചയ്ക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയോട് നിര്‍ദ്ദേശിക്കും. സമവായത്തിന്റെ പാതയില്‍ കാര്യങ്ങളെത്തിക്കാനാണ് നീക്കം. അടുത്ത മന്ത്രിസഭായോഗം 17ന് ചേര്‍ന്നേക്കും. അന്നു തന്നെ പാര്‍ട്ടി നേതൃയോഗത്തിനായി മുഖ്യമന്ത്രി ഡല്‍ഹിയിലേക്കു പോകും. അതിന് മുമ്പ് പികെ ശശിയുടെ വിഷയത്തില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കും. സമസ്തയേയും കാന്തപുരത്തേയും വിദ്യാഭ്യാസ മന്ത്രി പിണക്കിയെന്ന വാദം മുഖ്യമന്ത്രിക്കുണ്ട്. കെറ്റിഡിസി ചെയര്‍മാന്‍ കൂടിയായ ശശിക്കെതിരെ പാലക്കാട്ടെ സിപിഎമ്മില്‍ കലാപമാണ്. എങ്കിലും ശശിയെ കെറ്റിഡിസി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറ്റില്ല. 17ന് ഡല്‍ഹിയില്‍ പോകുന്ന മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരുമായി ചില നിര്‍ണ്ണായക ചര്‍ച്ചകളും നടത്താന്‍ ഇടയുണ്ട്.

ഈമാസം 5നാണ് മുഖ്യമന്ത്രി ആരോഗ്യ പരിശോധനക്കായി അമേരിക്കയിലേക്ക് പോയത്. പിന്നാലെ നിരവധി വിവാദങ്ങളുണ്ടായി സിപിഎമ്മിലെ പാലക്കാടന്‍ കലാപമാണ് ഇതില്‍ പ്രധാനം. ഇതിനൊപ്പം കൂത്തുപറമ്പിലെ പഴയ നിയമസഭാ പ്രസംഗവും. ഇന്നത്തെ പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് മുമ്പ് കടന്നാക്രമിച്ച ആ പ്രസംഗ രേഖയും കേരള രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതിനൊപ്പം കേരളാ സര്‍വ്വകലാശാലയിലെ എസ് എഫ് ഐ പ്രതിഷേധവും ഗവര്‍ണ്ണറുമായുള്ള ഭിന്നതയുമെല്ലാം തിരിച്ചെത്തുന്ന പിണറായിയ്ക്ക് മുമ്പിലുള്ള പ്രശ്നങ്ങളാണ്. ഏതായാലും ചികില്‍സ കഴിഞ്ഞെത്തുന്ന പിണറായിയ്ക്ക് അതിവേഗം വിവാദ വിഷയങ്ങളിലേക്ക് കടന്നേ മതിയാകൂ. സ്‌കൂള്‍ സമയ ക്രമമാറ്റത്തില്‍ സമസ്തയും കാന്തപുരവും ഇടഞ്ഞു നില്‍ക്കുകായണ്.

വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ഉറച്ച നിലപാടാണ് ഈ വിഷയങ്ങളില്‍ എടുത്തത്. രണ്ടു സംഘടനകളുമായി ചര്‍ച്ച നടത്താതെ സ്‌കൂള്‍ കലണ്ടറും പുറത്തിറക്കി. ഈ വിഷയത്തില്‍ ന്യൂനപക്ഷ വികാരം അട്ടിമറിച്ചുവെന്ന ചര്‍ച്ച സമസ്ത ഉയര്‍ത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന സംഘടനയാണ് സമസ്ത. കാന്തപുരവും അങ്ങനെയായിരുന്നു. ഈ വിഷയത്തില്‍ പിണറായി എടുക്കുന്ന പരസ്യ നിലപാട് നിര്‍ണ്ണായകമാണ്. ഇതിനൊപ്പമാണ് കേരള സര്‍വ്വകലാശാലയിലെ വിഷയം. സ്‌കൂളുകളില്‍ കാല്‍ കഴുകല്‍ വിവാദം അടക്കം ചൂടു പിടിച്ചിരിക്കുന്നു. ഇതിനൊപ്പമാണ് കൂത്തു പറമ്പിലെ പഴയ വെടിവയ്പ്പില്‍ പിണറായിയുടെ പ്രസംഗം ചര്‍ച്ചയാകുന്നത്. സദാനന്ദന്‍ മാസ്റ്ററെ ബിജെപി രാജ്യസഭാ എംപിയാക്കുമ്പോഴാണ് ഈ വിവാദവും എത്തുന്നത്. കൂത്തുപറമ്പിലെ വെടിവയ്പ്പില്‍ പ്രതിയായി പിന്നീട് കുറ്റവിമുക്തനായ റവാഡാ ചന്ദ്രശേഖറിനെ പോലീസ് മേധാവിയാക്കിയതില്‍ ഇനി പിണറായി പറയുന്ന നിലപാട് നിര്‍ണ്ണായകമാകും.

പാലക്കാട്ടെ സിപിഎമ്മില്‍ പികെ ശശി വിരുദ്ധ വികാരം ശക്തമാണ്. പികെ ശശിയെ കെറ്റിഡിസിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് ആവശ്യം. ശശി യുഡിഎഫിലേക്ക് പോകുമെന്ന ചര്‍ച്ചയാണ് പാലക്കാട്ടെ സിപിഎം ഒരുക്കുന്നത്. ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയിട്ടും കെറ്റിഡിസിയിലെ പദവിയില്‍ നിന്നും മാറ്റിയിരുന്നില്ല. അതുകൊണ്ട് തന്നെ പാലക്കാട്ടെ പ്രശ്നത്തില്‍ പിണറായി ആര്‍ക്കൊപ്പം നില്‍ക്കുമെന്നതും ചര്‍ച്ചയായി മാറിയിട്ടുണ്ട്. പിണറായിയുടെ വിശ്വസ്തനാണ് ശശിയെന്ന് ഏവര്‍ക്കും അറിയാം. ഈ ശശിയെ മുന്‍ സംസ്ഥാന സെക്രട്ടറിയായ ആര്‍ഷോ കടന്നാക്രമിക്കുന്നതും കഴിഞ്ഞ ദിവസം കണ്ടു. ശശിയെ പരസ്യമായി തള്ളി പറഞ്ഞ ആര്‍ഷോയ്ക്ക് ഇനി എന്തു സംഭവിക്കുമെന്ന ചര്‍ച്ചയും സിപിഎമ്മില്‍ നടക്കുന്നുണ്ട്.

Tags:    

Similar News