കേസെടുത്ത് ആറു മാസം കഴിഞ്ഞിട്ടും പോലീസ് അറസ്റ്റ് വൈകിപ്പിച്ചു സഹായിച്ചു; പോക്സോ കേസില്‍ പ്രതിയായ ഹൈക്കോടതി അഭിഭാഷകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി: പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തില്‍ പ്രതി തോട്ടത്തില്‍ നൗഷാദ് സംരക്ഷിക്കപ്പെടുമ്പോള്‍
കേസെടുത്ത് ആറു മാസം കഴിഞ്ഞിട്ടും പോലീസ് അറസ്റ്റ് വൈകിപ്പിച്ചു സഹായിച്ചു
പത്തനംതിട്ട: കേരള പോലീസിന്റെ കൈ അയച്ചുള്ള സഹായം കിട്ടിയതു കാരണം പോക്സോ കേസില്‍ പ്രതിയായ ഹൈക്കോടതി അഭിഭാഷകന്‍ തല്‍ക്കാലം അഴിക്കുള്ളില്‍ പോകില്ല. മുന്‍കൂര്‍ ജാമ്യം തേടി കീഴ്ക്കോടതി മുതല്‍ സുപ്രീംകോടതി വരെ എത്താന്‍ പോലീസ് എല്ലാ വിധ ഒത്താശയും ചെയ്തു കൊടുത്തതാണ് അഭിഭാഷകന് തുണയായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ ഒന്നാം പ്രതിയായ ഹൈക്കോടതി അഭിഭാഷകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മലപ്പുറം പൊന്നാനി തോട്ടത്തില്‍ നൗഷാദിനെ(58) മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അന്തിമവിധി വരും വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു. പോലീസ് അന്വേഷണവുമായി സഹകരിക്കണമെന്നും ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന് മുന്നില്‍ എത്തിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് നിര്‍ദേശം.
നൗഷാദിന് വേണ്ടി അഡ്വ. ആര്‍. ബസന്ത്, അഡ്വ. കാര്‍ത്തിക് എന്നിവരാണ് ഹാജരായത്. കേസ് വ്യാജമാണെന്നായിരുന്നു ഇവരുടെ വാദം. ഒരു അഭിഭാഷകനില്‍ നിന്നുമാണോ ഇത്തരമൊരു പ്രവൃത്തി ഉണ്ടായതെന്ന് കോടതി എടുത്തു ചോദിച്ചു. കേസ് വാദത്തിലേക്ക് കടക്കേണ്ടതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് അറസ്റ്റ് തടഞ്ഞ് പോലീസിന് നിര്‍ദേശം നല്‍കിയത്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ മുഖേനെ പോലീസിന് നോട്ടീസ് നല്‍കാനും കോടതി നിര്‍ദേശിച്ചു. അഡ്വ. നൗഷാദിന്റെ മൂന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയത് രൂക്ഷമായ പരാമര്‍ശങ്ങളോടെയായിരുന്നു.
കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അതിജീവിതയുടെ മൊഴി നിറകണ്ണുകളോടെ മാത്രമേ വായിക്കാന്‍ കഴിയൂവെന്ന് പറഞ്ഞിരുന്നു. മാതാപിതാക്കള്‍ പിണങ്ങി താമസിക്കുന്ന പതിനാറുകാരിയെ 2023 ജൂണ്‍ മുതലാണ് നൗഷാദ് ക്രൂരപീഡനത്തിന് ഇരയാക്കിയത്. മദ്യം കൊടുത്തായിരുന്നു പീഡനം. കുട്ടിയെ എത്തിച്ചു കൊടുത്തത് അതിജീവിതയുടെ അടുത്ത ബന്ധുവായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ കേസ് എടുത്ത കോന്നി പോലീസ് സംഭവം നടന്നത് ആറന്മുള സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ അവിടേക്ക് കൈമാറി. കേസിലെ രണ്ടാം പ്രതിയായ അടുത്ത ബന്ധുവിനെ മൂന്നു മാസം മുന്‍പ് അറസ്റ്റ് ചെയ്തുവെങ്കിലും മുഖ്യപ്രതിയായ അഭിഭാഷകനെ പോലീസ് തൊടാന്‍ പോലും തയാറായിരുന്നില്ല.
അതിക്രൂരമായ പീഡനമാണ് അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസില്‍ അതിജീവിതയ്ക്ക് നേരിടേണ്ടി വന്നത്. അതിജീവിതയുടെ മൊഴി, വിക്ടിം റൈറ്റ് സെന്റര്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ റിപ്പോര്‍ട്ട്, കേസ് ഡയറി, കൗണ്‍സലിങ് റിപ്പോര്‍ട്ട് എന്നിവ പരിഗണിച്ചതിനു ശേഷം ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നടത്തിയ പരാമര്‍ശം കേസിന്റെ തീവ്രത വെളിവാക്കുന്നതായിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്ത് ആറു മാസം കഴിഞ്ഞിട്ടും മുന്‍ ഗവ.പ്ലീഡര്‍ കൂടിയായ നൗഷാദിനെ തൊടാന്‍ പോലീസ് തുനിഞ്ഞില്ല. ഇതേ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിച്ചാല്‍ അയാള്‍ ഒളിവിലാണ് പിന്നാലെയുണ്ട് എന്ന മറുപടിയാണ് ലഭിച്ചിരുന്നത്. ഉന്നത തലത്തില്‍ നിന്നും പോലീസിന്റെ മേല്‍ ശക്തമായ ഇടപെടല്‍ ഉണ്ടായി എന്ന വിവരമാണ് പുറത്തു വരുന്നത്. ഒരു കാരണവശാലും നൗഷാദിനെ തൊടാന്‍ പാടില്ല എന്നായിരുന്നു നിര്‍ദേശം. ഇതു കാരണം ജില്ലാ കോടതി, ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി പോകാന്‍ നൗഷാദിന് കഴിഞ്ഞു.
അഭിഭാഷകന്‍ എന്നുള്ള പദവി നൗഷാദിന് തുണയായി എന്നാണ് ആരോപണം. ജില്ലാ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് നൗഷാദ് ഹൈക്കോടതിയെ സമീപിച്ചു. ഇവിടെ നിന്ന് അറസ്റ്റ് തടഞ്ഞു കൊണ്ട് താല്‍ക്കാലിക ഉത്തരവ് വാങ്ങിയെങ്കിലും ഹര്‍ജി തള്ളിക്കൊണ്ടുളള അന്തിമ വിധി വന്നതിന് തൊട്ടുപിന്നാലെ നൗഷാദ് സുപ്രീംകോടതിയില്‍ എത്തുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ആ ഹര്‍ജി കോടതി പരിഗണിക്കുകയും ചെയ്തു. സാധാരണ ഒരു ഹര്‍ജിക്ക് കിട്ടുന്നതിനേക്കാള്‍ വേഗം നൗഷാദിന് കിട്ടിയെന്നതാണ് അത്ഭുതപ്പെടുത്തുന്നതെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ഇവിടെയെല്ലാം നൗഷാദിന് സഹായമായി വന്നത് പോലീസിന്റെ മെല്ലെപ്പോക്ക് നയമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയുടെ മൊഴി പ്രകാരം എടുത്ത പോക്സോ കേസുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 58 പ്രതികളെ അഴിക്കുള്ളിലാക്കിയ പത്തനംതിട്ടയിലെ പോലീസാണ് നൗഷാദിന്റെ കേസില്‍ കണ്ണടച്ചത് എന്നും വ്യക്തം.
അഭിഭാഷകന്‍ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് മദ്യം കൊടുത്ത് മയക്കി ക്രൂരമായ ബലാല്‍സംഗത്തിന് പലതവണ വിധേയയാക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്കും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കുകയും ചെയ്തു. 2023 ജൂണ്‍ 10 ന് കോഴഞ്ചേരിയിലെ ഹോട്ടല്‍ മുറിയില്‍ വച്ചാണ് ആദ്യമായി കുട്ടിയെ പീഡിപ്പിച്ചത്. മദ്യം നല്‍കി മയക്കിയ ശേഷമായിരുന്നു കുട്ടിയെ ലൈംഗിക വൈകൃതങ്ങള്‍ക്കും പീഡനത്തിനും ഇരയാക്കിയത്. കഠിനമായ ലൈംഗിക വൈകൃതങ്ങള്‍ കാട്ടിയതു കാരണം കുട്ടിക്ക് രക്തസ്രാവം ഉണ്ടായി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ പലതരത്തിലുള്ള ലൈംഗിക പീഡനങ്ങള്‍ ഇയാള്‍ തുടര്‍ന്നു. ശരീരഭാഗങ്ങള്‍ കടിച്ചുമുറിച്ചും പ്രകൃതി വിരുദ്ധ പീഡനത്തിനും വിധേയയാക്കിയ പ്രതി കുമ്പഴയിലെ ഹോട്ടലില്‍ വച്ചും പലതവണ പീഡിപ്പിച്ചു. ഇയാള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒത്താശയും ചെയ്തുകൊടുത്തത് പെണ്‍കുട്ടിയുടെ ബന്ധുവായ യുവതിയാണ്. പ്ലസ് വണ്‍ വെക്കേഷന്‍ കാലയളവില്‍ എറണാകുളത്ത് എത്തിച്ചും അഭിഭാഷകന്‍ കുട്ടിയെ ക്രൂര ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ തങ്ങളുടെ കൈവശം പീഡനദൃശ്യങ്ങള്‍ ഉണ്ടെന്നും അതുവച്ച് അച്ഛനെയും മകളെയും കുടുക്കുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. പീഡനത്തിന് ഒത്താശ ചെയ്തതിന് യുവതി പ്രതിഫലവും കൈപ്പറ്റിയിരുന്നു.
പണത്തിന് വേണ്ടിയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന നൗഷാദിന്റെ വാദം ഹൈക്കോടതി തള്ളിയിരുന്നു. ഒരാണ്‍കുട്ടിക്കേതിരേ സമാന ആരോപണം പെണ്‍കുട്ടി ഉന്നയിച്ചിരുന്നുവെന്നും പിന്നെ ഒത്തുതീര്‍പ്പാക്കിയെന്നും വിശദീകരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഹര്‍ജിക്കാരുടെയും മറ്റുള്ളവരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് ആണ്‍കുട്ടിക്കെതിരെ അതിജീവിത മൊഴി നല്‍കിയതെന്ന് വിക്ടിം റൈറ്റ്സ് സെന്റര്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. പാര്‍വതി എ. മേനോന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതൊക്കെ കൊണ്ടാണ് നൗഷാദിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയത്. നിലവില്‍ സുപ്രീംകോടതി അറസ്റ്റ് തടയുകയും ചോദ്യം ചെയ്യലിന് പോലീസിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തതോടെ നൗഷാദിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ചോദ്യം ചെയ്യല്‍ കഴിഞ്ഞാല്‍ പിന്നെ പോലീസ് കസ്റ്റഡി ആവശ്യം ഉന്നയിക്കാന്‍ സാധ്യത കുറവാണ്.