' ഹാപ്പി ബര്‍ത്ത് ഡേ ബോസ്': കൊടുവളളിയില്‍ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ബോസ് പൊലീസ് ഇന്‍സ്പക്ടര്‍; സ്റ്റേഷനില്‍ കേക്ക് മുറിച്ച് കെ പി അഭിലാഷിന്റെ പിറന്നാള്‍ ആഘോഷിച്ച റീല്‍ ഹിറ്റായതോടെ പാര്‍ട്ടിയിലും പൊലീസിലും കോളിളക്കം
സ്റ്റേഷനില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഇന്‍സ്പക്ടറുടെ ജന്മദിനാഘോഷം
കൊടുവള്ളി: കോണ്‍ഗ്രസ് നേതാക്കളുടെ ബോസ് ആരാണ്? കൊടുവള്ളിയില്‍ കാര്യങ്ങള്‍ അല്‍പം വ്യത്യസ്തമാണ്. അവിടെ, കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ബോസ് പൊലീസ് ഓഫീസറാണ്. 'ഹാപ്പി ബര്‍ത്ത് ഡേ ബോസ്' എന്ന തലക്കെട്ടോടെ മേയ് 30-ന് പങ്കുവച്ച പിറന്നാള്‍ ആഘോഷത്തിന്റെ റീല്‍സ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെയ്സ്ബുക്ക് അടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഗതി പുറംലോകം അറിഞ്ഞത്.
കൊടുവള്ളി പോലീസ് സ്റ്റേഷനിലായിരുന്നു കെയ്ക്ക് മുറിച്ച് പോലീസ് ഓഫീസറുടെ ജന്മദിനാഘോഷം. കൊടുവള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. അഭിലാഷിന്റെ ജന്മദിനമാണ് കോണ്‍ഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ ആഘോഷിച്ചത്. നേതാക്കള്‍ക്കൊപ്പം ഏതാനും പ്രവര്‍ത്തകരും ആഘോഷത്തില്‍ പങ്കുചേരാന്‍ സ്റ്റേഷനില്‍ എത്തിയിരുന്നു.
ഇന്‍സ്‌പെക്ടര്‍ കെ.പി.അഭിലാഷിന്റെ ജന്മദിനം ആഘോഷിച്ചതിന്റെ വിഡിയോ റീല്‍സ് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇന്‍സ്‌പെക്ടര്‍ക്കെതിരെ താമരശ്ശേരി ഡിവൈഎസ്പി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി വിവരം. ഔദ്യോഗിക സ്ഥാനത്തിരിക്കെ ജാഗ്രതക്കുറവ് സംഭവിച്ചെന്ന് കാണിച്ച് ഇന്‍സ്‌പെക്ടര്‍ക്കെതിരേ താമരശ്ശേരി ഡിവൈഎസ്പി റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് സൂചന. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടി വന്നേക്കും.