ഓരോ തിഥിയിലെയും നാഴിക വിനാഴികയിലെ വ്യത്യാസം കാരണം വിജയദശമി പത്താം ദിനം! പൂജ വച്ചു കഴിഞ്ഞാല്‍ വിശ്വാസ പ്രകാരം പഠനമോ ജോലിയോ പാടില്ല; ഒക്ടോബര്‍ 11ന് അവധി ആവശ്യം ശക്തം
ഒക്ടോബര്‍ 10 വ്യാഴാഴ്ച വൈകിട്ട് പൂജ വെച്ചു കഴിഞ്ഞാല്‍ പഠനോ ജോലിയോ പാടില്ലെന്നതാണ് വിശ്വാസം. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച അവധി വേണമെന്ന ആവശ്യം ഉയരുന്നത്.
തിരുവനന്തപുരം: പൂജവെയ്പ്പ് ഒക്ടോബര്‍ 10 വ്യാഴാഴ്ച വൈകുന്നരമായതിനാല്‍ ഒക്ടോബര്‍ 11 വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യം ശക്തം. സാധാരണ മൂന്ന് ദിവസമാണ് പൂജവെയ്പ്പ് ചടങ്ങുകള്‍ വരിക. ആദ്യ ദിനം സന്ധ്യയ്ക്ക് ശേഷം പൂജ വയ്ക്കും. അടുത്ത ദിവസം ആയുധ പൂജ. അതിന് അടുത്ത ദിവസം വിജയദശമി. എന്നാല്‍ ഇത്തവണ നാലു ദിവസങ്ങളില്‍ ഇത് നീളുന്നു. ഈ സാഹചര്യത്തിലാണ് പൂജവയ്ക്കുന്നതിന്റെ അടുത്ത ദിവസം മുതല്‍ അവധി വേണമെന്ന ആവശ്യം.
കേരളത്തിലെ സര്‍ക്കാര്‍ കലണ്ടര്‍ ഉള്‍പ്പെടെ ഒട്ടു മിക്ക പ്രധാന കലണ്ടറുകളിലും ഒക്ടോബര്‍ 10 ആണ് പൂജവെയ്പ്പായി നിര്‍ണ്ണയിച്ചിരിക്കുന്നത്. എന്നാല്‍, ഒക്ടോബര്‍ 11 വെള്ളിയാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടില്ല. ആചാരപരമായ പ്രാധാന്യമുള്ള ഈ ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിക്കണം എന്ന ആവശ്യം ശക്തമാകുകയാണ്. പലപ്പോഴും ഇത്തരം മതപരമായ വിഷയങ്ങളില്‍ കൂടുതല്‍ അവധി നല്കുന്ന പതിവ് കേരളത്തിലുണ്ട്.
മഹാലയ അമാവാസിക്ക് ശേഷമുള്ള അശ്വിന മാസത്തിലെ വെളുത്ത പക്ഷത്തിലാണ് ശരത് നവരാത്രി ആചരിക്കുന്നത്. ഇക്കുറി മഹാലയ അമാവാസി ഒക്ടോബര്‍ രണ്ടിനാണ്. ഒക്ടോബര്‍ മൂന്നാണ് ശുക്ലപക്ഷ പ്രഥമ തിഥി. അന്ന് മുതല്‍ നവരാത്രി ആരംഭിക്കും. സാധാരണഗതിയില്‍ 9 രാത്രി കഴിഞ്ഞ് പത്താം ദിവസമാണ് വിജയദശമി ആചരണം വരിക. ഇത്തവണ വിജയദശമി പതിനൊന്നാം ദിവസത്തിലേക്ക് നീളും. ശരാശരി 60 നാഴിക അഥവാ 24 മണിക്കൂറാണ് ഓരോ തിഥിയും. ഓരോ തിഥിയിലെയും നാഴിക വിനാഴികയിലെ വ്യത്യാസം കാരണമാണ് വിജയദശമി നീളുന്നത്.
ഒക്ടോബര്‍ 10 വ്യാഴാഴ്ച (1200 കന്നി 24) ഉച്ചയ്ക്ക് 12:28 ന് സപ്തമി തിഥി അവസാനിക്കുന്നു. ശേഷം അഷ്ടമി തിഥിയാണ്. അതേസമയം ഒക്ടോബര്‍ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:08 ന് അഷ്ടമി അവസാനിക്കും. അന്ന് വൈകീട്ട് അഷ്ടമിയുടെ സ്പര്‍ശം ഇല്ലാത്തതിനാല്‍ തലേന്നാണ് പൂജവെയ്പ്പ്. ഇത്തവണ ഒക്ടോബര്‍ 10 വ്യാഴാഴ്ച വൈകിട്ട് പൂജ വെച്ച് വെള്ളിയും ശനിയും കഴിഞ്ഞ് ഒക്ടോബര്‍ 13 ഞായറാഴ്ച രാവിലെയാണ് പൂജ എടുക്കേണ്ടത്.
ഒക്ടോബര്‍ 10 വ്യാഴാഴ്ച വൈകിട്ട് പൂജ വെച്ചു കഴിഞ്ഞാല്‍ പഠനോ ജോലിയോ പാടില്ലെന്നതാണ് വിശ്വാസം. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച അവധി വേണമെന്ന ആവശ്യം ഉയരുന്നത്.