പരിസ്ഥിതിലോല പ്രദേശമായ പാപനാശം ക്ലിഫിലെ കുന്നുകള്‍ക്ക് അരികിലായി അപകടകരമായി വലിയ നീന്തല്‍ക്കുളം; കുന്നിടിയാന്‍ കാരണമാം വിധം നിര്‍മ്മാണം; മാലിന്യ സംസ്‌കരണത്തിനും സൗകര്യമില്ല; വര്‍ക്കലയിലെ നഗരസഭാ ഇടപെടലിന് പ്രസക്തി ഏറെ; പുരാവിദ റിസോര്‍ട്ട് അടച്ചു പൂട്ടി പോലീസ് താക്കോല്‍ കൈയ്യിലെടുത്തപ്പോള്‍
വര്‍ക്കല: വര്‍ക്കല ടൂറിസം മേഖലയില്‍ അനധികൃതമായി നിര്‍മിച്ച് പൂര്‍ത്തിയാക്കിയ റിസോര്‍ട്ട് നഗരസഭ പൂട്ടി സീല്‍ ചെയ്തത് അപകടകരമാം വിധമുള്ള നീന്തല്‍ കുള നിര്‍മ്മാണത്തില്‍. വര്‍ക്കല ഹെലിപ്പാഡ് സൗത്ത് ക്ലിഫിലെ പുരാവിദ എന്ന പേരിലുള്ള റിസോര്‍ട്ടാണ് നഗരസഭാ അധികൃതര്‍ പൂട്ടി സീല്‍ ചെയ്തത്. തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടങ്ങള്‍ നിര്‍മിക്കുകയും നിരവധി പ്രാവശ്യം നിര്‍മാണ വേളകളില്‍ സ്റ്റോപ്പ് മെമ്മോ നഗരസഭ നല്‍കിയെങ്കിലും വകവയ്ക്കാതെയായിരുന്നു കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പരിസ്ഥിതിലോല പ്രദേശമായ പാപനാശം ക്ലിഫിലെ കുന്നുകള്‍ക്ക് അരികിലായി അപകടകരമായി വലിയ നീന്തല്‍ക്കുളം നിര്‍മിച്ചിരുന്നു. നീന്തല്‍കുളത്തിന്റെ നിര്‍മാണ ഘട്ടത്തില്‍ തന്നെ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കുന്നതിനും നീന്തല്‍ കുളത്തിനായി എടുത്ത കുഴി മൂടുന്നതിനുമുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നും നഗരസഭ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ റിസോര്‍ട്ട് ഉടമ നിയമലംഘനം നടത്തി നീന്തല്‍ക്കുള നിര്‍മാണവും പൂര്‍ത്തിയാക്കുകയായിരുന്നു. ടൂറിസം മേഖലയില്‍ അനധികൃത കെട്ടിട നിര്‍മാണം അനുവദിക്കില്ലെന്നും അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ പൂട്ടി സീല്‍ ചെയ്യുന്ന നടപടികള്‍ തുടരുമെന്നും നഗരസഭ ചെയര്‍മാന്‍ കെ എം ലാജി അറിയിച്ചു.
നീന്തല്‍ കുളത്തിന്റെ അപകടകരമായ നിര്‍മാണം ഏറെ വിവാദമായിന്നു. നഗരസഭ കൗണ്‍സിലില്‍ അനധികൃത റിസോര്‍ട്ടിന്റെ പ്രവര്‍ത്തനാനുമതി തടഞ്ഞുകൊണ്ട് തീരുമാനമെടുത്തു. തുടര്‍ന്ന് പ്രവര്‍ത്തന അനുമതി നിഷേധിച്ച നഗരസഭയുടെ നോട്ടീസിന് പുല്ലുവില കല്‍പ്പിച്ച് നഗരസഭ അധികൃതരെ നോക്കുകുത്തികളാക്കി റിസോര്‍ട്ട് നാളിതുവരെ പ്രവര്‍ത്തിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് നഗരസഭ അധികൃതര്‍ വര്‍ക്കല പൊലീസിന്റെ സഹായത്തോടെ ബുധനാഴ്ച റിസോര്‍ട്ടിലെത്തി റൂമുകളും കോട്ടേജുകളും ഓഫീസ് മന്ദിരവും റസ്റ്റോറന്റും പൂട്ടി സീല്‍ ചെയ്തത്. കേരളത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പല റിസോര്‍ട്ടുകളുണ്ട്. എന്നാല്‍ നടപടികളുണ്ടാകാറില്ല. ഇവിടെയാണ് വര്‍ക്കലയിലെ നടപടി മാതൃകാപരമാകുന്നത്.
തീരദേശ പരിപാലന നിയമം ലംഘിച്ചാണ് റിസോര്‍ട്ടിനായി കെട്ടിടങ്ങളും പാപനാശം കുന്നുകള്‍ക്ക് അരികിലായി വലിയ നീന്തല്‍ കുളവും നിര്‍മ്മിച്ചിട്ടുള്ളത്. കുന്നിടിച്ചിലിന് കാരണമാകും വിധം അപകടകരമായ അവസ്ഥയിലാണ് നീന്തല്‍ കുളം. നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ വിവാദമായി. കൂടാതെ റിസോര്‍ട്ടിലേയും റെസ്റ്റോറന്റിലെയും മാലിന്യസംസ്‌കരണത്തിന് ആവശ്യമായ യാതൊരുവിധ സംവിധാനങ്ങളും ഇല്ലാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചുവന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നടപടികളിലേക്കും കടന്നു.
പാപനാശം നോര്‍ത്ത് ക്ലിഫില്‍ നടപ്പാതയോട് ചേര്‍ന്ന് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ട് റെസ്റ്റോറന്റുകള്‍ ഇക്കഴിഞ്ഞ ആഗസ്റ്റില്‍ നഗരസഭ അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ നഗരസഭ പൂട്ടിയ ഈ സ്ഥാപനങ്ങള്‍ അനുമതിയില്ലാതെ ഇപ്പോഴും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ നിയമലംഘനം ചൂണ്ടിക്കാട്ടി പൊലീസ് നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭ അറിയിച്ചു. കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ രണ്ടില്‍ ഉള്‍പ്പെടുന്ന പ്രദേശമായതിനാല്‍ താത്കാലിക ലൈസന്‍സ് മാത്രമാണ് പാപനാശത്തെ സ്ഥാപനങ്ങള്‍ക്ക് നഗരസഭ നല്‍കിയിട്ടുള്ളത്.
വര്‍ക്കല, സൗത്ത് ക്ലിഫിലെ പുരാ വിദ റിസോര്‍ട്ട്, നീന്തല്‍കുളം