വിജയാഹ്‌ളാദത്തില്‍ പൊട്ടിക്കാനുള്ള ഗുണ്ടു പടക്കം കത്തിച്ചു എറിയുന്നതിനിടെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ പൊട്ടിത്തെറിച്ചു; പിണറായി വെണ്ടുട്ടായിയില്‍ പൊട്ടിയത് ഉഗ്രസ്‌ഫോടന ശേഷിയുള്ള ഗുണ്ട്; ഓലപ്പടക്കം ചീറ്റി; എന്നിട്ടും നിസ്സാര വകുപ്പില്‍ കേസ്; കണ്ണൂരില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള കൊലവിളി തുടരുന്നു
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ വീടിന് സമീപത്തെപിണറായി വെണ്ടുട്ടായിയില്‍ പൊട്ടിയത് അത്യുഗ്രശേഷിയുള്ള പടക്കമാണെന്ന് പൊലിസ് പ്രഥമ അന്വേഷണ റിപ്പോര്‍ട്ട്. വിജയാഹ്‌ളാദപ്രകടനത്തിനിടെ പൊട്ടിക്കാനായി കൊണ്ടുവന്ന ഗുണ്ടു പടക്കം കത്തിച്ചു എറിയുന്നതിനിടെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് എഫ്. ഐ. ആര്‍. സ്‌ഫോടനം നടക്കുന്നതിന് തൊട്ടു മുന്‍പായി ഇന്‍സ്റ്റയില്‍ പോസ്റ്റുചെയ്ത ഫോട്ടോഅടിസ്ഥാനമാക്കിയാണ് പൊലിസ് സംഭവത്തിന് പിന്നില്‍ ബോംബേറെ ല്ലെന്ന് വ്യക്തമാക്കിയത്.
അതുകൊണ്ടുതന്നെ സ്‌ഫോടനത്തില്‍ കൈപ്പത്തി ചിതറിയ യുവാവിനെതിരെ ചുമത്തിയത് സ്‌ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനുള്ള കുറ്റം മാത്രമാണ്. രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുന്നതായി ഗുണ്ട് പൊട്ടിച്ചു എറിയുന്നത് ഇന്‍സ്റ്റയില്‍ ഇടുന്നതിനായി ചിത്രീകരിക്കുന്നതിനിടെയാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.
സ്‌ഫോടനത്തില്‍വലുത് കൈപ്പത്തി ചിതറിയ വിപിന്‍ രാജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പൊട്ടിയത് ഓലപ്പടക്കമാണെന്നാണ് സിപിഎം പിണറായി ഏരിയാ നേതൃത്വത്തിന്റെ വിശദീകരണം. അപകടത്തില്‍ പരുക്കേറ്റ വിപിന്‍ രാജ് കോണ്‍ഗ്രസ് ഓഫീസ് അക്രമിച്ചത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. വെണ്ടുട്ടായിയിലെ സജീവ ഡി.വൈഎഫ്‌ഐ - സി.പി.എം പ്രവര്‍ത്തകനാണ് വിപിന്‍ രാജ്. പാര്‍ട്ടി റെഡ് വളന്‍ ഡിയര്‍ കൂടിയാണ് ഇയാള്‍.
അതേസമയം കണ്ണൂര്‍ ജില്ലയില്‍ സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയുള്ള കൊലവിളി തുടരുകയാണ്. ബോംബ് എറിയുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പടെ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പിണറായി വെണ്ടുട്ടായില്‍ സ്‌ഫോടനമുണ്ടായത്. കനാല്‍ക്കരയില്‍ ആളൊഴിഞ്ഞ ഭാഗത്തുണ്ടായ ഉഗ്ര സ്‌ഫോര്‍ടനത്തിലാണ് സിപിഎം പ്രവര്‍ത്തകനായ വിപിന്‍ രാജിന്റെ വലത് കൈപ്പത്തിക്ക് സാരമായി പരിക്കേറ്റത്. ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. ഓലപ്പടക്കം പൊട്ടിക്കുമ്പോള്‍ അപകടമുണ്ടായെന്നാണ് ആശുപത്രിയിലും പൊലീസിനോടും പറഞ്ഞത്.
ഇന്നലെ പൊലിസ് നടത്തിയ റെയ്ഡില്‍രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെടുത്തിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ക്ക് ശേഷവും പാനൂര്‍ പാറാട് മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷാവസ്ഥ തുടരുമ്പോള്‍ എരിരീതിയില്‍ എണ്ണയൊഴിക്കുകയാണ് സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍. സ്റ്റീല്‍ ബോംബ് എറിയുന്ന ദൃശ്യങ്ങള്‍ക്ക് പോസ്റ്റ് ചെയ്തതിനൊപ്പം ഭീഷണി ഇങ്ങനെ 'പാനൂര്‍ സഖാക്കള്‍ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല.' നൂഞ്ഞബ്രം സഖാക്കള്‍ എന്ന അക്കൗണ്ട് വഴിയും കൊലവിളിയുണ്ട്. വിജയാഹ്ലാദത്തിനിടെ പാറാടുള്ള സിപിഎം സ്തൂപം ലീഗ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു.
ഇവരെ കബറടക്കുമെന്നാണ് സോഷ്യല്‍ മീഡിയ വഴിയുള്ള ഭീഷണി. മേഖലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പാനൂര്‍ കുന്നോത്തുപറമ്പ് പഞ്ചായത്ത്, യുഡിഎഫ് പിടിച്ചെടുത്തതിന് ശേഷം നടന്ന ആഹ്ലാദ പ്രകടനത്തിലേക്ക്, വടിവാളുമായി സിപിഎം പ്രവര്‍ത്തകര്‍ അതിക്രമിച്ച് എത്തിയതാണ് മേഖലയിലെ സംഘര്‍ഷത്തിന്റെ തുടക്കം. ഇതിനു ശേഷം യു.ഡി.എഫ് പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അക്രമം നടത്തി. വാഹനങ്ങള്‍ തകര്‍ത്തു. ഇതോടെ തലശേരി താലൂക്കില്‍ വീണ്ടും ആക്രമം പടരുകയായിരുന്നു.
