'എഡിഎം ചുമതല വഹിച്ച നവീന്‍ ബാബു കെ' എന്ന പ്രയോഗത്തില്‍ മരണ ശേഷമുള്ള പരാതി തയ്യാറാക്കല്‍ എന്ന് വ്യക്തം; വ്യാജമെന്നതിന് തെളിവായി പ്രശാന്തിന്റെ മറ്റൊരു ഒപ്പും പുറത്ത്; വ്യാജരേഖയില്‍ കേസെടുക്കാതെ പോലീസ് കള്ളക്കളി തുടരുന്നു; പ്രശാന്തന്റെ പേരിലെ പരാതിയ്ക്ക് പിന്നില്‍ വമ്പന്‍ സ്രാവ്?
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പ് അനുവദിക്കാന്‍ കൈക്കൂലി വാങ്ങി എന്ന് ആരോപണം ഉന്നയിച്ചുള്ള ടി വി പ്രശാന്തിന്റെ പരാതിയില്‍ അടിമുടി ദുരൂഹത. പരാതി വ്യാജം എന്ന് വ്യക്തമായി കഴിഞ്ഞു. എഡിഎമ്മിന്റെ മരണശേഷം ചില കേന്ദ്രങ്ങള്‍ തയ്യാറാക്കിയ പരാതി ആണോ ഇതെന്ന സംശയം ശക്തമാണ്. പിപി ദിവ്യയ്ക്ക് തിരുവനന്തപുരത്ത് സുഹൃത്തുക്കളുണ്ട്. ഇതിലൊരാള്‍ സിപിഎമ്മിലെ താക്കോല്‍ സ്ഥാനത്താണ്. ഈ വ്യക്തിയ്ക്കും പ്രശാന്തുമായും ബന്ധമുണ്ട്. ഇയാളാകും പരാതി ഉണ്ടാക്കിയതെന്നാണ് സൂചന.
15ന് രാവിലെ 7 മണിയോടെയാണ് എഡിഎമ്മിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മുഖ്യമന്ത്രിക്കു നല്‍കിയതായി പറയുന്ന പരാതി 15ന് രാവിലെ 11 മണിയോടെയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഈ മാസം 10ന് അയച്ച പരാതി എന്നായിരുന്നു അവകാശവാദം. ഇതില്‍ 'എഡിഎം ചുമതല വഹിച്ച നവീന്‍ ബാബു കെ' എന്ന പ്രയോഗം കടന്നുകൂടിയതും എഡിഎമ്മിന്റെ മരണശേഷം പരാതി തട്ടിക്കൂട്ടി എന്ന സൂചന നല്‍കുന്നു. ഇതെല്ലാം കാരണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരത്തെ നല്‍കിയ പരാതിയെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് പൊളിഞ്ഞത്. എഡിഎം പദവി ഒഴിഞ്ഞ ശേഷമാണ് പരാതി നല്‍കിയതെന്ന് എഡിഎം ചുമതല വഹിച്ച എന്ന വാക്കുകളില്‍ വ്യക്തമാണ്. അതായത് എഡിഎമ്മിന്റെ മരണ ശേഷമാണ് ഇത് തയ്യാറാക്കിയതെന്ന് വ്യക്തം. പരാതി സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊടുത്തു എന്ന രീതിയില്‍ പ്രചരിപ്പിക്കാന്‍ തയ്യാറാക്കിയ പരാതി എന്ന നിലയില്‍ ആണ് സംശയങ്ങള്‍. പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടും പ്രശന്ത് ഇതുവരെ നിഷേധിച്ചിട്ടില്ല. വ്യാജ പരാതിയെ കുറിച്ച് ഇത് വരെ ഒരാന്വേഷണവും നടക്കുന്നില്ല പരാതി വ്യാജമെന്നു തെളിയിക്കുന്ന മറ്റൊരു രേഖ കൂടി പുറത്ത് വന്നിട്ടുണ്ട്.
9ന് എഡിഎം ഓഫിസിലെത്തി നിരാക്ഷേപ പത്രം (എന്‍ഒസി) കൈപ്പറ്റിയപ്പോള്‍ രേഖപ്പെടുത്തിയ ഒപ്പാണ് ഇന്നലെ പുറത്തുവന്നത്. ഇതില്‍നിന്നു വ്യത്യസ്തമായ ഒപ്പാണ് മുഖ്യമന്ത്രിക്ക് നല്‍കിയതായി പറയുന്ന പരാതിയിലുള്ളത്. പെട്രോള്‍ പമ്പിനുള്ള സ്ഥലത്തിന്റെ പാട്ടക്കരാറിലെ ഒപ്പും പേരും നേരത്തേ പുറത്തു വന്നിരുന്നു. പാട്ടക്കരാര്‍, എന്‍ഒസി അപേക്ഷ, എന്‍ഒസി കൈപ്പറ്റിയുള്ള രസീത്, ജോലി ചെയ്യുന്ന പരിയാരം മെഡിക്കല്‍ കോളജിലെ റജിസ്റ്റര്‍ എന്നിവയിലെല്ലാം ഒരേ ഒപ്പാണ്. പേര് പ്രശാന്ത് എന്നും. എന്നാല്‍, മുഖ്യമന്ത്രിക്കു നല്‍കിയതായി പറയുന്ന പരാതിയില്‍ പേര് പ്രശാന്തന്‍ എന്നാണ്. ഒപ്പും വ്യത്യസ്തം. ഇതില്‍ പൊലീസ് അന്വേഷണം നടത്തി കൃത്രിമത്വം തെളിഞ്ഞാല്‍ പ്രശാന്ത് വ്യാജരേഖ കേസില്‍ പ്രതിയാകും. എന്നാല്‍ ഇത്തരത്തില്‍ കേസെടുക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല.
പ്രശാന്ത് നേരിട്ട് തയ്യറാക്കുന്ന ഔദ്യോഗിക ഇടപാടുകളില്‍ എല്ലാം പേര് പ്രശാന്ത് ടിവി എന്നാണ്. എഡിഎമ്മിന്റെ മരണത്തിന് മുമ്പ് മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറഞ്ഞ് പുറത്തു വിട്ട പരാതിയില്‍ വിളിപ്പേരായ പ്രശാന്തന്‍ എന്നാണ് രേഖപ്പെടുത്തിയത്. അതിലെ ഒപ്പിലും വ്യത്യാസമുണ്ട്. വാടക ചീട്ടിലും മറ്റും ഇടുക യഥാര്‍ത്ഥ ഒപ്പാണ്. പെട്രോള്‍ പമ്പിനായി ഉണ്ടാക്കിയ വാടക കരാര്‍ പ്രശാന്ത് നേരിട്ടു പോയി തയ്യാറാക്കിയും ഒപ്പിട്ടു നല്‍കിയതുമാണ്. അതുകൊണ്ട് തന്നെ ആ ഒപ്പാണ് യഥാര്‍ത്ഥമെന്ന് വ്യക്തം. എന്നാല്‍ എഡിഎം വിഷയത്തെ വഴി തിരിച്ചു വിടാന്‍ ആരുടേയോ ബുദ്ധിയില്‍ ഉയര്‍ന്ന വ്യാജ പരാതി മറ്റാരോ തയ്യാറാക്കിയതാണ്. ഇവര്‍ക്ക് പ്രശാന്തന്‍ എന്ന വിളിപ്പേരിനെ യഥാര്‍ത്ഥ പേരു പോലെ തോന്നിയിരിക്കണം. അങ്ങനെ അതിലെ പേര് പ്രശാന്തന്‍ എന്നായി.
കണ്ണൂരിലെ സംഭാഷണ രീതി അനുസരിച്ചാണ് പേരിനൊപ്പം ഇത്തരം മാറ്റങ്ങള്‍ വരുത്തുന്ന വിളിപ്പേരുകള്‍ സൃഷ്ടിക്കപ്പെടുന്നത്. ആ വ്യാജ പരാതി തയ്യാറാക്കിയത് പ്രശാന്തന്‍ എന്നത് ഒര്‍ജിനല്‍ പേരെന്ന് തെറ്റിധരിച്ച മറ്റാരോ ആണെന്ന് വ്യക്തം. ആ പരാതിയില്‍ പ്രശാന്തിന്റെ ഒപ്പുണ്ട്. വ്യാജമെന്ന് മനസ്സിലാകുന്ന ഈ ഒപ്പില്‍ കൈയ്യക്ഷര പരിശോധന നടത്തിയാല്‍ ആ ഒപ്പിട്ടത് പ്രശാന്ത് ആണോ എന്ന് തെളിയും.
എന്നാല്‍ അത്തരം ശാസ്ത്രീയ രീതികളൊന്നും പോലീസ് അവലംബിക്കില്ല. ദിവ്യയുടെ ജാമ്യാപേക്ഷയിലെ വിധിയാകും നിര്‍ണ്ണായകം. അത് അനുകൂലമാണെങ്കില്‍ പാര്‍ട്ടി തല നടപടി കൂടെ എടുത്ത് ദിവ്യയെ വെറുതെ വിടൂം. വിചാരണയില്‍ തന്റെ നിരപരാധിത്വം ദിവ്യ തെളിയിക്കാന്‍ മുമ്പോട്ട് പോകേണ്ടിയും വരും. ആ സമയത്ത് വ്യാജ പരാതിക്ക് പിന്നിലെ വ്യക്തിയെ കൈയ്യക്ഷര പരിശോധന അടക്കം കണ്ടെത്തി പിടിച്ചാല്‍ വലിയ കുരുക്കായി ദിവ്യയ്ക്ക് മാറും. അതുകൊണ്ട് ആ വിഷയത്തിലേക്ക് അന്വേഷണം കടക്കില്ല. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച ചിത്രമാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുള്ളത്.
ആ കത്തിന്റെ ഒര്‍ജിനല്‍ ആര്‍ക്കും കിട്ടാതിരിക്കാനുള്ള മുന്‍ കരുതല്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ എടുത്തു കഴിഞ്ഞു. വ്യക്തമായ ഗൂഡാലോചന നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സംഭവിച്ചുവെന്നതാണ് വസ്തുത.