ബര്‍മിങ്ഹാം കൊട്ടാരത്തിലെ പൂന്തോട്ടത്തിലിരുന്ന് രാജകുടുംബാംഗങ്ങള്‍ക്കൊപ്പം ചായ സത്കാരം; സ്റ്റീവനേജില്‍ താമസമാക്കിയ തിരുവല്ലാക്കാരി പ്രബിന്‍ ബേബിക്ക് സേവന മികവിനുള്ള ആദരമായി നഴ്‌സിങ് ദിനത്തില്‍ ലഭിച്ചത്‌ സുവര്‍ണ നിമിഷങ്ങള്‍

തിരുവല്ലാക്കാരി പ്രബിന്‍ ബേബിക്ക് ബ്രിട്ടീഷ്‌ രാജകുടുംബാംഗങ്ങള്‍ക്കൊപ്പം ചായ സത്കാരം

Update: 2025-05-19 07:33 GMT

ലണ്ടന്‍: അന്തരാഷ്ട്ര നേഴ്സിങ് ദിനത്തില്‍ ഇരട്ടി മധുരവുമായി സ്റ്റീവനേജില്‍ നിന്നുള്ള മലയാളി നേഴ്‌സ് പ്രബിന്‍ ബേബി. സ്റ്റീവനേജിലെ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ഹേര്‍ട്ഫോര്‍ഡ്ഷയര്‍ എന്‍ എച്ച് എസ് ട്രസ്റ്റിന്റെ കീഴിലുള്ള ലിസ്റ്റര്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സായ പ്രബിന്‍ ബേബിക്കാണ് ബക്കിഗ്ഹാം പാലസ് ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ അതിഥിയായി പ്രവേശനം കിട്ടിയത്. 'സര്‍ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍' മെംബറും, മുന്‍ ഭാരവാഹികൂടിയാണ് പ്രബിന്‍. ആതുര സേവന രംഗത്തെ പ്രവര്‍ത്തന മികവിനും, അര്‍പ്പണ മനോഭാവത്തിനും ഉള്ള അംഗീകാരമായിട്ടാണ് ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് പ്രബിന്റെ പേര് ട്രസ്റ്റ് നിര്‍ദ്ദേശിച്ചതും, പ്രത്യേകമായി ക്ഷണിക്കപ്പെട്ടതും.

ബാക്കിഗ്ഹാം പാലസിന്റെ ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ ആതിഥേയ സംഘത്തില്‍ ചാള്‍സ് രാജാവ്, രാജ്ഞി കാമിലാ, രാജകുമാരി ആനി, പ്രിന്‍സ് എഡ്വേര്‍ഡ്, എഡിന്‍ബര്‍ഗ് ആന്‍ഡ് ഗ്ലോസ്റ്റര്‍ ഡച്ചസ് സോഫി തുടങ്ങിയ രാജ കുടുംബത്തിന്റെ ഉന്നത വ്യക്തികള്‍ നേതൃത്വം വഹിച്ചു. ബഹുമുഖ പ്രതിഭകളും, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരുമായ നിരവധി പ്രമുഖര്‍ ഗാര്‍ഡന്‍ പങ്കുചേര്‍ന്നിരുന്നു.

കമ്മ്യൂണിറ്റി അംഗങ്ങളുടെ മികച്ച സംഭാവനകള്‍ക്ക് നന്ദി പറയുന്നതിനും, അവരുടെ പൊതുസേവനത്തിന് ആദരവ് അര്‍പ്പിക്കുന്നതിക്കുന്നതിനുമായി, 1860 മുതല്‍ രാജകുടുംബം ഗാര്‍ഡന്‍ പാര്‍ട്ടികള്‍ വര്‍ഷം തോറും നടത്തിവരുന്നുണ്ട്.ഗാര്‍ഡന്‍ പാര്‍ട്ടി ദിനങ്ങളില്‍ ഉച്ച കഴിഞ്ഞു മൂന്നു മണിയോടെ കൊട്ടാര കവാടങ്ങള്‍ തുറക്കുകയും, അതിഥികളുടെ പ്രവേശനം ആരംഭിക്കുകയും ചെയ്യും. അതിഥികളുടെ പ്രവേശനം തുടങ്ങി ഒരു മണിക്കൂറിനു ശേഷം രാജകുടുംബത്തിലെ അംഗങ്ങള്‍ എത്തുകയും, സൈനിക ബാന്‍ഡ് ദേശീയഗാനം ആലപിക്കുകയും ചെയ്തുകൊണ്ടാണ് പരിപാടി ഔദ്യോഗികമായി ആരംഭിക്കുക. തുടര്‍ന്ന് രാജ കുടുംബം അതിഥികളെ നേരില്‍ക്കാണുവാന്‍ സമയം കണ്ടെത്തും.

ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ സാധാരണ നല്‍കുന്നത് ചായ, സാന്‍ഡ്വിച്ചുകള്‍, ക്രീമും ജാമും ചേര്‍ത്ത റൊട്ടികള്‍, വിക്ടോറിയ സ്‌പോഞ്ച് കേക്കുകള്‍ അടക്കം ഇനങ്ങളാണ്. പലപ്പോഴും സ്വാദിഷ്ടമായ കസ്റ്റാര്‍ഡ് നിറച്ച പൈ, മിനി-പൈ കൂടാതെ മറ്റു ചെറു പലഹാരങ്ങളും നല്കപ്പെടാറുണ്ട്. പക്ഷെ കൊട്ടാരത്തിലെ പൂന്തോട്ടത്തിലിരുന്ന് രാജകുടുംബങ്ങളടക്കം, വിശിഷ്ഠ വ്യക്തികൊളോടൊപ്പം സമയം ചിലവഴിക്കുവാന്‍ കിട്ടുന്ന അവസരമാണ് മുഖ്യം.


ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് എന്‍ എച്ച് എസ ട്രസ്റ്റിന്റെ കീഴിലുള്ള സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ നേഴ്‌സായ പ്രബിന്‍ ബേബി തിരുവല്ലാക്കാരിയാണ്. യു കെ യില്‍ എത്തി അഞ്ചു വര്‍ഷക്കാലത്തിനിടെ തന്നെ, തന്റെ മിടുക്കും, സംഘാടക പാഠവവും , നേഴ്സിങ് മേഖലകളിലും, സഹപ്രവര്‍ത്തകര്‍ക്കിടയിലും, ട്രസ്റ്റിലും ശ്രദ്ധേയമാക്കുവാന്‍ പ്രബിനു കഴിഞ്ഞിരുന്നു. നവാഗതരായ ജോലിക്കാരുടെ ഉന്നമനത്തിനും, സഹായത്തിനും പ്രശംസനീയമായ തലത്തില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും, ആകര്‍ഷകമായ നേതൃത്വ പാഠവവും മനസ്സിലാക്കി ട്രസ്റ്റ് പ്രസ്തുത മേഖലയില്‍ കോര്‍ഡിനേറ്ററാക്കി ഉയര്‍ത്തിയ പ്രബിന്‍, പേഷ്യന്റ് എക്സ്പീരിയന്‍സ് നഴ്സായിട്ടാണ് ജോലി നോക്കുന്നത്.

സ്റ്റീവനേജിലെ ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ കേരള ദേശീയോത്സവമായ 'തിരുവോണം' പ്രത്യേകമായി സംഘടിപ്പിക്കുവാനും, അതിനായി വര്‍ഷത്തില്‍ ഒരു ദിനവും, വേദിയും ഒരുക്കുവാനും, ആവശ്യമായ ഫണ്ടും, ആഘോഷവും സംഘടിപ്പിക്കുവാനും, സദ്യയടക്കം വിളമ്പുവാനും കഴിഞ്ഞത് പ്രബിന്റെ അഭിനന്ദനീയമായ ഇടപെടലിലൂടെയാണ്. ലിസ്റ്റര്‍ ഹോസ്പിറ്റല്‍ ജോലിക്കാരായ തദ്ദേശീയരുടെയും, ഇതര രാജ്യങ്ങളില്‍ നിന്നുള്ളവരുടെയും ഇടയില്‍ 'തിരുവോണ'ത്തിനെ പരിചയപ്പെടുത്തുവാനും, 'ഓണസദ്യ' യെ 'ഇഷ്ട മെനുവാക്കുവാനും' ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

Tags:    

Similar News