ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ച യുകെയിലെ മലയാളി യുവാവിന് 27 മാസത്തെ ജയില്‍ വാസം; നാട്ടുകാര്‍ നോക്കിനില്‍ക്കെ പോലും മര്‍ദ്ദിക്കാന്‍ മടികാണിക്കാത്ത പ്രിന്‍സ് ഫ്രാന്‍സിസ് ജയില്‍ വാസം കഴിഞ്ഞാല്‍ നാട്ടിലേക്ക് മടങ്ങും; ക്രൂരകൃത്യങ്ങള്‍ മദ്യലഹരിയില്‍; മലയാളികള്‍ പ്രതികളായ കേസുകളില്‍ വിചാരണ നടപടികള്‍ തുടരുന്നത് പത്തിലേറെ കേസുകളില്‍

ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ച യുകെയിലെ മലയാളി യുവാവിന് 27 മാസത്തെ ജയില്‍ വാസം

Update: 2025-10-29 07:38 GMT

ലണ്ടന്‍: ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മലയാളി യുവാവിന് 27 മാസത്തെ ജയില്‍ വാസം. ഐല്‍ ഓഫ് വൈറ്റ് കോടതി ഒരാഴ്ച മുന്‍പ് നടത്തിയ വിധി പ്രസ്താവം പ്രാദേശിക മാധ്യമങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അധികം മലയാളികള്‍ ഇല്ലാത്ത സ്ഥലം എന്ന നിലയില്‍ കോടതി വാര്‍ത്ത മലയാളികള്‍ക്കിടയില്‍ പ്രചരിക്കാന്‍ കാലതാമസം ഉണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്.

വര്‍ഷങ്ങളായുള്ള പീഡനമാണ് മദ്യലഹരിയില്‍ ഭര്‍ത്താവായ പ്രിന്‍സ് ഫ്രാന്‍സിസ് നടത്തിയിരുന്നതെന്നു ഭാര്യ പോലീസില്‍ മൊഴി നല്‍കിയിരുന്നു. മദ്യപിച്ചെത്തി വീട്ടു സാധനങ്ങള്‍ തകര്‍ക്കുന്ന അക്രമിയായാണ് ഇയാള്‍ പെരുമാറിയിരുന്നത്. ഭാര്യയെയും കുഞ്ഞിനേയും കൊല്ലാന്‍ കാരണമാകും വിധമുള്ള ശാരീരിക അക്രമമാണ് ഇയാള്‍ നടത്തിയിരുന്നത് എന്നാണ് കോടതിയില്‍ എത്തിയ വിവരം. കുഞ്ഞിനെ ആക്രമിക്കുന്നത് കണ്ടു തടയാന്‍ എത്തിയ നാട്ടുകാരെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും കേസ് ഡയറി വ്യക്തമാക്കുന്നു.

രോഷത്തോടെ നാട്ടുകാര്‍, മദ്യപാനത്തിന് കൂട്ടുണ്ടായിരുന്നവര്‍ കേസായപ്പോള്‍ കൈവിട്ടു

ഇയാളുടെ ഉറ്റ ബന്ധുക്കള്‍ പലരും സമീപത്തു തന്നെ താമസം ഉണ്ടായിരുന്നെങ്കിലും അവരാരും ഇയാളുടെ കാര്യത്തില്‍ ഇടപെട്ടിരുന്നില്ല എന്നാണ് മറുനാടന്‍ മലയാളിക്ക് ലഭിക്കുന്ന വിവരം. നിരവധി സുഹൃത്തുക്കള്‍ മദ്യപാനത്തിനായി ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പ്രിന്‍സ് ജയിലില്‍ ആയതോടെ അവരൊക്കെ ഇയാളെ അറിയില്ല എന്ന നിലപാടിലേക്ക് എത്തിയിരിക്കുകയാണ്. ഇവരില്‍ പലരോടും പ്രിന്‍സിന്റെ ഭാര്യ സഹായം തേടിയിരുന്നെങ്കിലും ആരും പ്രിന്‍സിനെ തടയാന്‍ തയ്യാറായിരുന്നില്ല എന്നതും ഇപ്പോള്‍ പുറത്തു വരുന്ന വിവരമാണ്.

കോടതി ശിക്ഷ വിധിച്ചതോടെ ബ്രിട്ടീഷ് വംശജര്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇയാളുടെ വിവരം വെളിപ്പെടുത്തിയ പ്രാദേശിക മാധ്യമ വാര്‍ത്ത പുറംലോകത്തെ അറിയിക്കാന്‍ തയ്യാറാകുന്നത്. ഇത്തരം പോസ്റ്റുകളില്‍ അതി രൂക്ഷ ഭാഷയിലാണ് നാട്ടുകാര്‍ ഇയാളുടെ പ്രവര്‍ത്തിയെ അപലപിക്കുന്നത്. ഇത്തരക്കാര്‍ മൂലമാണ് ബ്രിട്ടന്‍ അതിന്റെ പൊതു സ്വത്ത് ഇപ്പോള്‍ പാഴാക്കുന്നത് എന്നും ഇവരൊയൊക്കെ ജയില്‍ ഇട്ടു നന്നാക്കിയിട്ട് വല്ല കാര്യവുമുണ്ടോ എന്ന ചോദ്യം ഉയര്‍ത്തുന്നതും തദ്ദേശവാസികള്‍ തന്നെയാണ്. ഇയാളുടെ ഉപദ്രവത്തിനു വിധേയയായ സ്ത്രീയും സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തലുമായി എത്തിയതോടെ അവര്‍ക്ക് കയ്യടിക്കുകയാണ് നാട്ടുകാര്‍.

പ്രിന്‍സ് നടത്തിയത് ഉപദ്രവത്തിന്റെ പരകോടിയില്‍ എത്തിയ പീഡനം, അടിവയറ്റില്‍ ചവിട്ടേറ്റ് അവശയായ ഭാര്യയെ തുടര്‍ന്നും ഉപദ്രവിച്ചെന്നു വെളിപ്പെടുത്തല്‍

ഭാര്യയെ കഴുത്തു പിടിച്ചു ഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസിലാണ് പ്രിന്‍സ് ഫ്രാന്‍സിസ് ജയിലില്‍ എത്തിയിരിക്കുന്നത്. ഈസ്റ്റ്ബോണില്‍ കഴിഞ്ഞിരുന്ന 40കാരനായ പ്രിന്‍സിനെ ഈ മാസം പത്താം തീയതിയാണ് ഐല്‍ ഓഫ് വൈറ്റ് കോടതി ശിക്ഷിച്ചിരിക്കുന്നത്. ഭാര്യയെ മാനസികമായും ശാരീരികമായും അടിമയാക്കിയിരുന്നു എന്നും മനഃപൂര്‍വം അയല്‍വാസിയായ സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നും ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു.

2023 നവംബറില്‍ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മദ്യം കഴിച്ചാല്‍ ഭാര്യയെ ഉപദ്രവിക്കുക എന്നത് ഇയാളുടെ സ്ഥിരം സ്വഭാവം ആണെന്നാണ് കോടതിയില്‍ എത്തിയ വെളിപ്പെടുത്തല്‍. നാലാമത്തെ കുഞ്ഞു ജനിച്ച ശേഷം പ്രസവ ശുശ്രൂഷയില്‍ കഴിഞ്ഞ സമയത്തു ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ ചവിട്ടിയെന്ന പ്രോസിക്യൂട്ടര്‍ നീല്‍ ട്രെഹാമിന്റെ വാക്കുകള്‍ അവിശ്വസനീയതയോടെയാണ് കോടതി കേട്ടിരുന്നത്.

ഭര്‍ത്താവിനെ ഭയത്തോടെ മാത്രം കണ്ടിരുന്ന നിസ്സഹായ ആയിരുന്നു ഇയാളുടെ ഭാര്യ എന്നും പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തി. ഇയാള്‍ ശാരീരിക ഉപദ്രവം നടത്തുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന തരത്തിലാണ് പെരുമാറിയിരുന്നത്. കയ്യില്‍ മുറിവേല്‍പ്പിക്കുക, കൈ പിടിച്ചു തിരിച്ചു വേദനിപ്പിക്കുക, ചവിട്ടി വീഴ്ത്തുക തുടങ്ങിയ ദേഹോപദ്രവങ്ങള്‍ ഒക്കെ വര്‍ഷങ്ങളായി സഹിക്കുക എന്ന ദയനീയ സ്ഥിതിയില്‍ ആയിരുന്നു ഭാര്യ കഴിഞ്ഞിരുന്നത്.

മര്‍ദന ശേഷം പോലീസിനെ വിളിച്ചു വരുത്തിയത് പ്രിന്‍സ് തന്നെ ആയിരുന്നു എന്ന ട്വിസ്റ്റും ഈ കേസില്‍ പ്രത്യേകതയാണ്. ഭാര്യ തന്നെ ഉപദ്രവിച്ചു എന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ സ്ഥലത്ത് എത്തിയ പോലീസ് പ്രിന്‍സ് തന്നെയാണ് പ്രതിയാകേണ്ടത് എന്ന് തിരിച്ചറിയുകയായിരുന്നു. സഹികെട്ട ഭാര്യ പോലീസിനെ വിളിക്കും എന്ന് പറഞ്ഞതിനെ തുടര്‍ന്ന് മുന്‍കൂര്‍ രക്ഷ മുന്നില്‍ കണ്ടു പ്രിന്‍സ് തന്നെ പോലീസിനെ വിളിച്ചതായിരിക്കാം എന്നും കരുതപ്പെടുന്നു.

ഇന്ത്യയിലേക്ക് മടങ്ങാന്‍ തയ്യാറെന്നു പ്രതി, ശിക്ഷ കഴിഞ്ഞു മടങ്ങിക്കോളൂവെന്നു കോടതി

കഴിഞ്ഞ 13 വര്‍ഷമായി ഇയാളുടെ മാരക ഉപദ്രവത്തിനു താന്‍ വിധേയയാവുക ആയിരുന്നു എന്നാണ് ഭാര്യ പൊലീസിന് നല്‍കിയ മൊഴി. ഇത് പരിഗണിച്ചു ജയില്‍ മോചിതന്‍ ആയാലും അടുത്ത പത്തു വര്‍ഷത്തേക്ക് ഭാര്യയെ സമീപിക്കുന്നതില്‍ നിന്നും ഇയാളെ കോടതി വിലക്കിയിട്ടുണ്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന് സഹികെട്ട ഭാര്യ പോലീസിനെ വിളിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ഒടുവില്‍ അറസ്റ്റിലാകുന്നത്. മദ്യപിച്ചെത്തിയ ഇയാളെ വീട്ടില്‍ കയറ്റാതിരുന്നത് മറ്റൊരിക്കല്‍ പ്രകോപന കാരണമായതായും പോലീസ് രേഖകള്‍ പറയുന്നു. ഇതേതുടര്‍ന്ന് അയല്‍വാസികളുടെ വീടുകളില്‍ എത്തി വാതില്‍ക്കല്‍ മുട്ടി ഭാര്യയെ സമ്മര്‍ദ്ദത്തിലാക്കാനും പ്രിന്‍സിനു കഴിഞ്ഞിരുന്നു. ഇത്തരം സന്ദര്‍ഭത്തിലാണ് അയല്‍വാസിയായ സ്ത്രീയുടെ കഴുത്തില്‍ ഞെക്കി ആക്രമിക്കാനും ഇയാള്‍ തയ്യാറായത്.

പത്തു വയസുകാരിയായ ഇയാളുടെ മകളുടെ സാന്നിധ്യത്തില്‍ താനെയായിരുന്നു ഈ അക്രമം എന്നതും ഞെട്ടലോടെയാണ് കോടതിയില്‍ വെളിപ്പെടുത്തപ്പെട്ടത്. എന്നാല്‍ ബിസിനസ് ചെയ്തതില്‍ ഉണ്ടായ തകര്‍ച്ചയാണ് ഇയാളെ ഇത്തരത്തില്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കും വിധമുള്ള മദ്യപാനി ആക്കിയതെന്നും മൂന്നു കുട്ടികള്‍ ഇന്ത്യയില്‍ കഴിയുന്നതും ഇയാളെ സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നു എന്നുമാണ് പ്രിന്‍സിനു വേണ്ടി ഹാജരായ അഭിഭാഷകന് നാഥേ ലാറ കോടതിയില്‍ ബോധിപ്പിച്ചത്.

പ്രായമായ അമ്മയെ സംരക്ഷിക്കാനും കുഞ്ഞുങ്ങളെ പരിചരിക്കാനുമായി ഇയാള്‍ ഇന്ത്യയിലേക്ക് മടങ്ങാനും തയ്യാറാണ് എന്ന് പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യയിലേക്ക് ഉള്ള മടക്കം ജയില്‍ ശിക്ഷ കഴിഞ്ഞു മതി എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. എങ്ങനെയും ശിക്ഷയില്‍ നിന്നും രക്ഷപ്പെടുക എന്ന ശ്രമമാണ് ഈ ഘട്ടത്തിലും പ്രിന്‍സ് കോടതിയില്‍ നടത്തിയത് എന്ന് വ്യക്തം. പ്രതിയുടെ വര്‍ഷങ്ങള്‍ നീണ്ട പീഡനം സഹിച്ച ഭാര്യയുടെ മാനസിക, ശാരീരിക പ്രയാസങ്ങള്‍ കോടതി മുഖവിലയ്ക്ക് എടുത്താണ് ഇയാളെ 27 മാസത്തെ ശിക്ഷക്ക് വിധിച്ചിരിക്കുന്നത്.

ജയില്‍ വാസം കാത്തിരിക്കുന്നത് പത്തിലേറെ മലയാളികള്‍, നല്ല നടപ്പ് കിട്ടിയ യുവാവ് തിരികെ നാട്ടിലെത്തി

അതിനിടെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ പത്തോളം മലയാളികള്‍ ഇപ്പോള്‍ ജയില്‍ വാസം എന്ന് എന്ന ചോദ്യവുമായാണ് യുകെയില്‍ കഴിയുന്നത്. ഒരു വര്‍ഷത്തെ ജയില്‍ വാസം ലഭിക്കുന്ന കേസുകളില്‍ കോടതി ഉത്തരവിട്ടില്ലെങ്കില്‍ പോലും സ്വാഭാവിക നാടുകടത്തല്‍ ഉറപ്പായ നിലയ്ക്ക് ഈ കേസുകളില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ പേരും തിരികെ നാട്ടില്‍ എത്തും എന്നുറപ്പാണ്.

ഇപ്പോള്‍ വിചാരണ നേരിടുന്ന ഭൂരിഭാഗം കേസുകളും കോവിഡിന് ശേഷം യുകെയില്‍ എത്തിയ പുതുതലമുറ മലയാളികളില്‍ നിന്നാണ് എന്നതും പ്രത്യേകതയാണ്. അതിനിടെ ബ്രിട്ടീഷ് യുവതിയെ കൂട്ടമായി മലയാളി യുവാക്കള്‍ ബലാല്‍ക്കാരം നടത്താന്‍ ശ്രമിച്ച കേസില്‍ വര്‍ഷങ്ങള്‍ ജയിലില്‍ ആയ മലയാളി യുവാവ് നല്ല നടപ്പിന്റെ പേരില്‍ ശിക്ഷ കാലാവധി കുറഞ്ഞു കിട്ടിയതിനെ തുടര്‍ന്ന് തിരികെ നാട്ടിലെത്തി.

കോഴിക്കോട് സ്വദേശിയായ ഇയാള്‍ക്ക് നാലുവര്‍ഷത്തെ ജയില്‍ വാസം പൂര്‍ത്തിയാക്കിയപ്പോള്‍ അധികൃതര്‍ മോചനം അനുവദിക്കുക ആയിരുന്നു. ലങ്കാഷെയര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ എത്തിയ യുവാവ് മികച്ച അക്കാദമിക് ബാക്ക്ഗ്രൗണ്ട് ഉള്ള ആളായിരുന്നെങ്കിലും ജയില്‍ വാസത്തോടെ പഠനവും ഭാവിയും വലിയ ചോദ്യമായി മാറിയ നിലയിലാണ് ഇയാള്‍ നാട്ടില്‍ എത്തിയത്. യുവാക്കള്‍ ചേര്‍ന്ന് നടത്തിയ ഹൗസ് പാര്‍ട്ടിയിലേക്ക് ക്ഷണിക്കാതെ എത്തിയ യുവതി മദ്യലഹരിയില്‍ അടുത്തിടപഴകിയത് പിന്നീട് കേസിലേക്ക് വഴി മാറുകയായിരുന്നു എന്നാണ് മലയാളി യുവാവിന്റെ സുഹൃത്തുക്കള്‍ പിന്നീട് വെളിപ്പെടുത്തിയത്.

യുകെയില്‍ എത്തുന്നവരേ ഇത്തരം പല സാഹചര്യങ്ങളും കാത്തിരിക്കുന്നുണ്ട് അതില്‍ നിന്നും അകലം പാലിച്ചു കഴിഞ്ഞില്ലെങ്കില്‍ ജയിലില്‍ എത്താന്‍ വേറെ ഒരു കാരണവും വേണ്ടിവരില്ല എന്നാണ് ഇത്തരം കേസുകള്‍ തെളിയിക്കുന്നതും. കൂട്ട കൊലപാതകവും ഡ്രൈവിംഗ് മൂലം വരുത്തി വച്ച മനഃപൂര്‍വം അല്ലാത്ത നരഹത്യയ്ക്കും അപകടത്തിനും ഗാര്‍ഹിക പീഡനത്തിനും അടക്കം ഇപ്പോള്‍ ജയിലില്‍ കഴിയുന്നവരും പത്തിലേറെ മലയാളികളുണ്ട്.

Tags:    

Similar News