'വയനാട്ടില്‍ നിന്ന് ഡല്‍ഹിയില്‍ വന്നപ്പോള്‍ ഗ്യാസ് ചേംബറില്‍ കയറിയ പോലെ; വിമാനത്തില്‍ നിന്ന് ഡല്‍ഹിയെ നോക്കുമ്പോള്‍ കാണുന്ന പുകപടലം ഞെട്ടിക്കുന്നതാണ്'; പ്രചരണത്തിനെത്തി വയനാടിന് നന്നേബോധിച്ച പ്രിയങ്ക ഗാന്ധിക്ക് ഡല്‍ഹിയെ കുറിച്ചോര്‍ത്ത് ദുഖം

'വയനാട്ടില്‍ നിന്ന് ഡല്‍ഹിയില്‍ വന്നപ്പോള്‍ ഗ്യാസ് ചേംബറില്‍ കയറിയ പോലെ

Update: 2024-11-14 11:21 GMT

ന്യൂഡല്‍ഹി: ഇന്നലെയാണ് വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പു നടന്നത്. പ്രിയങ്ക ഗാന്ധി ആദ്യമായി മത്സരത്തിന് ഇറങ്ങിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ സമയം വയനാട്ടില്‍ പ്രിയങ്ക സമയം ചെലവഴിച്ചു. ഇന്നലെ ബൂത്തില്‍ സന്ദര്‍ശനത്തിനും പ്രിയങ്ക എത്തിയിരുന്നു. വൈകുന്നേരത്തോടയാണ് അവര്‍ ഡല്‍ഹിയിലേക്ക് വണ്ടി കയറിയത്. വയനാട്ടിലെ സുന്ദരമായ കാലവസ്ഥയില്‍ നിന്നും ഡല്‍ഹിയിലെ പൊടിപടലം നിറഞ്ഞ കാലാവസ്ഥയില്‍ എത്തിയ അവസ്ഥയെ കുറിച്ചാണ് പ്രിയങ്ക ഇപ്പോള്‍ അനുഭവമായി പങ്കുവെച്ചത്.

താന്‍ മത്സരിക്കുന്ന മണ്ഡലത്തിലെ മുക്കിലും മൂലയിലും യാത്ര ചെയ്ത പ്രിയങ്കയ്ക്ക് ശുദ്ധവായുവുള്ള വയനാട് ഏറെ ഇഷ്ടമായി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം പച്ചപ്പും തണുത്ത കാറ്റുമുള്ള വയനാടിനെ വിട്ട് ഡല്‍ഹിയിലേക്ക് പോയ വിഷമം തോന്നിയെന്നാണ് പ്രിയങ്ക വ്യക്തമാക്കിയത്. താന്‍ ഒരു ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയായിരുന്നു ഡല്‍ഹിയിലെത്തിയപ്പോള്‍ എന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന. ഡല്‍ഹിയിലെ വായൂ മലിനീകരണത്തിന്റെ അവസ്ഥ സൂചിപ്പിച്ചു കൊണ്ടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രിയങ്ക രാജ്യതലസ്ഥാനത്തെക്കുറിച്ചുള്ള തന്റെ ദുഃഖം കുറിച്ചത്. 'എയര്‍ ക്വോളിറ്റി ഇന്‍ഡെക്സില്‍ 35 ഉണ്ടായിരുന്ന വയനാടില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തുമ്പോള്‍ ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയായിരുന്നു. വിമാനത്തില്‍ നിന്ന് ഡല്‍ഹിയെ നോക്കുമ്പോള്‍ കാണുന്ന പുകപടലം ഞെട്ടിക്കുന്നതാണ്' എന്നായിരുന്നു പ്രിയങ്ക കുറിച്ചത്.

'ഡല്‍ഹിയിലെ അന്തരീക്ഷ ഓരോ വര്‍ഷം പിന്നിടുന്തോറും മോശമായിക്കൊണ്ടിരിക്കുകയാണ്. ഈ വായു ശുദ്ധമാക്കുന്നതിനായി നാം എല്ലാവരും ഒത്തുചേര്‍ന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് രാഷ്ട്രീയത്തിന്റെയോ മറ്റ് വിഷയങ്ങളുടെയോ കാര്യമല്ല. ആര്‍ക്കും ശ്വസിക്കാനാവുന്നില്ല കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ വന്നുതുടങ്ങി. നമ്മള്‍ ഉടന്‍ ഇതിന് പരിഹാരമായി ചെയ്തേ പറ്റൂ.' പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും എയര്‍ ക്വോളിറ്റി 450ന് മുകളിലാണ്. ചിലയിടങ്ങളില്‍ ഇത് 473ന് മുകളില്‍ എത്തിയിട്ടുണ്ട്. ഇത് അതീവഗുരുതരത്തിനും മുകളിലാണ്. തണുപ്പുകാലമടുത്തതോടെ പുകയും കോടമഞ്ഞും കൂടിയ സ്മോഗിന്റെ വലയത്തിലാണ് രാജ്യതലസ്ഥാനം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാത്താവളത്തില്‍ സ്മോഗിന്റെ സാന്നിധ്യം കാരണം വൈകിയത് 283 വിമാനങ്ങളാണ്.

പല വിമാനക്കമ്പനികളും തലസ്ഥാനത്തേക്ക് പോകുന്ന യാത്രക്കാരോട് വിമാനം വൈകാനുള്ള സാധ്യതയെക്കുറിച്ച സന്ദേശമയച്ചു തുടങ്ങിയിട്ടുണ്ട്. 'അമൃതസര്‍, വാരണസി, ഡല്‍ഹി ഭാഗങ്ങളിലെ വിമാനങ്ങള്‍ വരാനും പോകാനും സമയം വൈകാന്‍ സാധ്യതയുണ്ട്. എന്നാല്‍ എയര്‍ പോര്‍ട്ടിലേക്ക് വരുന്ന സമയം നേരത്ത ഇറങ്ങണം കാരണം റോഡില്‍ കാലവസ്ഥ കാരണം യാത്ര വളരെ പതുക്കെയാണ്' എന്നാണ് ഇന്‍ഡിഗോ തങ്ങളുടെ എക്സില്‍ കുറച്ചത്.

അതേസമയം തെരഞ്ഞെടുപ്പു അടത്തതോടെ ഡല്‍ഹിയിലെ മലിനീകരണത്തെ എഎപി സര്‍ക്കാരിനെതിരായ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. പരിസ്ഥിതിയെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത ഭരണമാണ് മുഖ്യമന്ത്രി അതിഷിയുടെ കീഴിലുള്ള സര്‍ക്കാര്‍ നയിക്കുന്നതെന്നാണ് ബിജെപിയുടെ വിമര്‍ശനം. നേരത്തെ കെജ്രിവാളിനെ കുറ്റപ്പെടുത്തിയ ബിജെപി ഇപ്പോള്‍ അത് മുഖ്യമന്ത്രി അതിഷിയിലേക്ക് തിരിക്കുന്നു എന്നു മാത്രം.

ഡല്‍ഹിയിലെ കാലാവസ്ഥ തണുപ്പ് കൂടുന്നതോടെ ഡല്‍ഹിയിലെ അന്തരീക്ഷം കൂടുതല്‍ മോശമാകുമെന്നാണ് കണക്കുകൂട്ടല്‍. തലസ്ഥാനത്ത് മഞ്ഞുകാലത്ത് കാറ്റിന്റെ വേഗത കുറയുന്നതും മലിനീകരണത്തിന് കാരണമാവുന്നുണ്ട്. കുമിഞ്ഞുകൂടി നില്‍ക്കുന്ന സ്മോഗിന് പറന്നുപോകാന്‍ ആവസരം ലഭിക്കുന്നില്ല. സമീപ സംസ്ഥാനങ്ങളായ ഹരിയാനയിലെയും പഞ്ചാബിലെയും പാടംകത്തിക്കല്‍, കാലാവസ്ഥാ മാറ്റം, ഫാക്ടറികളിലെയും വാഹനങ്ങളുടെയും പുക, നിര്‍മ്മാണ സൈറ്റുകളിലെ പൊടി എന്നിവയാണ് പ്രധാന വായൂമലിനീകരണ കാരണമായി വിലയിരുന്നത്.

Tags:    

Similar News