ഏപ്രില്‍ 2 ട്രംപിന് വിമോചന ദിനമെങ്കില്‍ മറ്റുരാജ്യങ്ങള്‍ക്ക് കൂട്ടിലടയ്ക്കുന്നത് പോലെ; പകര തീരുവയുടെ ആശങ്കയില്‍ ആഗോള ഓഹരി വിപണിയില്‍ പ്രകമ്പനങ്ങള്‍; എല്ലാ രാജ്യങ്ങള്‍ക്കു മേലും യുഎസ് നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ മാന്ദ്യഭീഷണി; യുഎസുമായി വാണിജ്യകരാറിനായി പണിപ്പെട്ട് യുകെ; ജാക് ഡാനിയല്‍സിനും ഹാലീ ഡേവിഡ്സനും ലീവിസിനും അധിക നികുതി ചുമത്തും?
എല്ലാ രാജ്യങ്ങള്‍ക്കു മേലും യുഎസ് നികുതി ചുമത്തുമെന്ന് ട്രംപ്
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് സമ്മര്‍ദ്ദത്തിലാണ് ആഗോള വിപണി. ട്രംപ് തുടങ്ങി വച്ച വ്യാപാര യുദ്ധം ആഗോള തലത്തില്‍ ഓഹരി വിപണികളില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇതിന്റെ അനുരണനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണികളിലും പ്രകടമായിരുന്നു. ഇപ്പോഴിതാ ഏപ്രില്‍ രണ്ടിന് ട്രംപ് പ്രഖ്യാപിച്ച 20 ശതമാനം തീരുവ നിലവില്‍ വരുന്നതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുമോ?
വ്യാപാര യുദ്ധം യുകെ വിപണിയെ ബാധിക്കില്ലെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് യുകെയിലും ഓഹരികള്‍ കൂപ്പുകുത്തി. അമേരിക്കയെ മറ്റും രാജ്യങ്ങള്‍, വാറ്റ് പോലെ അന്യായമായ വിദേശ നികുതികളിലൂടെ ചൂഷണം ചെയ്യുകയാണെന്നാണ് യുഎസ് പ്രസിഡന്റിന്റെ വാദം.
ആഗോള മാന്ദ്യത്തിലേക്കോ?
വ്യാപാര യുദ്ധം മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് ആഗോള ഓഗരി വിപണി. ഏഷ്യന്‍ ഓഹരി വിപണിയിലും ഇടിവ് രേഖപ്പെടുത്തി. യുകെയും, അമേരിക്കയും തമ്മിലുള്ള വ്യാപാരം തുല്യനിലയിലാണെന്ന വാദം ഉന്നയിച്ച് വിപുലമായ കരാറിലൂടെ യുകെയ്ക്ക് താരിഫില്‍ നിന്ന് ഒഴിവ് നേടിയെടുക്കാന്‍ പരിശ്രമിക്കുകയായിരുന്നു കെയര്‍ സ്റ്റാര്‍മര്‍. എന്നാല്‍, ഉരുക്കിന് താരിഫ് ഒഴിവ് നേടിയെടുക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടതോടെ ബ്രിട്ടനും താരിഫ് പട്ടികയില്‍ വരുമെന്നാണ് പൊതുധാരണ. ബുധനാഴ്ചയ്ക്ക് ശേഷവും ചര്‍ച്ച തുടരുമെന്നാണ് ഡൗണിങ് സ്ട്രീറ്റ് നല്‍കുന്ന സൂചന. എങ്ങനെയെങ്കിലും യുഎസ്-യുകെ വാണിജ്യ കരാര്‍ യാഥാര്‍ഥ്യമാക്കാനാണ് സ്റ്റാര്‍മറുടെ പരിശ്രമം.
ബദലുക്ക് ബദല്‍
ട്രംപിന്റെ താരിഫിന് തിരിച്ചടിയായി ജാക് ഡാനിയല്‍സ് വിസ്‌കി, ഹാലീ ഡേവിഡ്സണ്‍ മോട്ടോര്‍ ബൈക്ക്, ലീവിസ് ജീന്‍സ് എന്നീ യുഎസ് ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്താന്‍ ബ്രിട്ടീഷ് ഭരണകൂടം ആലോചിച്ചുവരികയാണ്. യുഎസിലക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകള്‍ക്കും 25 ശതമാനം ഇറക്കുമതി നികുതി ചുമത്തുമെന്ന് ട്രംപ് ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സിനും ആസ്റ്റണ്‍ മാര്‍ട്ടിനും തിരിച്ചടിയായേക്കും.
എല്ലാ രാജ്യങ്ങള്‍ക്കും നികുതി ചുമത്താന്‍ ട്രംപ്
അതിനിടെ, ലോകത്തെ എല്ലാരാജ്യങ്ങള്‍ക്കു മേലും യുഎസ് നികുതി ചുമത്തുമെന്ന് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. പകര തീരുവ നിലവില്‍ വരുന്ന ഏപ്രില്‍ രണ്ട് രാജ്യത്തിന്റെ 'വിമോചനദിന'മായിരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. 'എല്ലാരാജ്യങ്ങളിലും തുടങ്ങാം. എന്തുസംഭവിക്കുമെന്ന് നോക്കാം', എന്നായിരുന്നു എയര്‍ഫോഴ്‌സ് വണ്ണില്‍ വച്ച് അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ, 10- 15 വരെ രാജ്യങ്ങള്‍ക്ക് മേലായിരിക്കും നികുതി ചുമത്തുക എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാ രാജ്യങ്ങള്‍ക്കും മേലേ തീരുവ എന്നാണ് ട്രംപ് പറയുന്നത്.
യുഎസിന്റെ പകര തീരുവ ഇന്ത്യയുടെ കയറ്റുമതിയില്‍ വലിയ ആഘാതമുണ്ടാക്കും. അടുത്ത സാമ്പത്തികവര്‍ഷം കയറ്റുമതിയില്‍ 730 കോടി ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ഇളവുകിട്ടുന്നതിനായി ചില മോട്ടോര്‍സൈക്കിളുകള്‍, ബേബണ്‍ വിസ്‌കി തുടങ്ങിയ യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ ഇന്ത്യ കുറച്ചിരുന്നു. ബേബണ്‍ വിസ്‌കിയുടേത് 150 ശതമാനത്തില്‍നിന്ന് 50 ആയാണ് കുറച്ചത്.
വെനസ്വേലയില്‍നിന്ന് എണ്ണവാങ്ങുന്ന രാജ്യങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തുമെന്ന യുഎസിന്റെ പ്രഖ്യാപനവും ഇന്ത്യക്ക് തിരിച്ചടിയാകും. ഇന്ത്യ അവിടെ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നുണ്ട്.
അമേരിക്കയിലെ സ്ഥിതി ഗുഭകരമോ?
യു.എസ് ഓഹരി വിപണിയില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. താരിഫിലെ അനിശ്ചിതാവസ്ഥയാണ് ഇതിന് പ്രധാന കാരണം. വ്യാപാര യുദ്ധം നീണ്ടു നില്‍ക്കുകയാണൈങ്കില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ നേട്ടം നഷ്ടമായേക്കും. പുതിയ താരിഫ് പണപ്പെരുപ്പം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. ഇത് വില വര്‍ധനയ്ക്കും, കുടുംബ ബജറ്റ് താളം തെറ്റാനും കാരണമായേക്കും.
ഒക്ടോബര്‍ മുതല്‍ യു.എസിലെ തൊഴില്‍ വളര്‍ച്ച മന്ദഗതിയിലാണ്. ഇതിനാല്‍ യു.എസ് ഫെഡ് കൂടുതല്‍ അഗ്രസീവായി പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യതകള്‍ ഉയരുന്നു. ഇത് സ്വര്‍ണ്ണം അടക്കമുള്ള സുരക്ഷിത നിക്ഷേപങ്ങളുടെ വില വര്‍ധിക്കാനും, ഓഹരി വിപണിയില്‍ വില്പന സമ്മര്‍ദ്ദം വര്‍ധിക്കാനും കാരണമായേക്കും.യു.എസ് വിപണിയില്‍ ഇടിവുണ്ടായാല്‍ തീര്‍ച്ചയായും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ വിപണികളിലും അതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് ഉറപ്പ്.