ശക്തന്റെ തട്ടകത്തില്‍ ഇന്ന് പുലിക്കൂട്ടമിറങ്ങും; സ്വരാജ് റൗണ്ടില്‍ മടവിട്ടിറങ്ങുന്നത് 459 പുലികള്‍; ഒമ്പത് പുലിമടകളിലും ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; നഗരത്തില്‍ ഗതാഗതനിയന്ത്രണം
തൃശൂര്‍: ഓണാഘോഷങ്ങളുടെ സമാപനം അറിയിച്ചുകൊണ്ട് തൃശ്ശൂരില്‍ ഇന്ന് പുലികളി. ഒമ്പത് പുലികളി സംഘങ്ങളാണ് ഇത്തവണ മടവിട്ട് ഇറങ്ങുക. ഒരു ടീമില്‍ 35 മുതല്‍ 50 പുലികള്‍ വരെയാണ് ഉണ്ടാവുക. ഒന്‍പത് സംഘങ്ങളിലായി 459 പുലികളാണ് ഉച്ച തിരിഞ്ഞ് സ്വരാജ് റൗണ്ടില്‍ ഇറങ്ങുന്നത്.
പുലിമടകളില്‍ ഒരുക്കങ്ങള്‍
നഗരത്തില്‍ പുലിക്കളിയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇന്ന് പുലര്‍ച്ചെ തന്നെ ഒമ്പത് പുലിമടകളിലും വരകള്‍ ആരംഭിച്ചിരുന്നു. വൈകിട്ട് നാലുമണിയോടെ നിശ്ചല ദൃശ്യങ്ങള്‍ക്കൊപ്പം പുലികള്‍ തൃശൂരിലെ സ്വരാജ് ഗ്രൗണ്ടിലേക്ക് കടക്കും. പുലിക്കളിപോലെ ആവേശം പകരുന്ന പുലിയൊരുക്കം കാണാനായി ആളുകള്‍ മടകളിലേക്ക് ഒഴുകിയെത്തുകയാണ്.
കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും നിരവധിയാളുകളാണ് സാധാരണയായി പുലിക്കളി കാണാനായി എത്തുന്നത്. രാത്രി പത്തിന് നടക്കുന്ന സമാപനച്ചടങ്ങോടെയാണ് പുലിക്കളി അവസാനിക്കുക. അതുവരെ പുലികള്‍ റൗണ്ടില്‍ നിറഞ്ഞാടും. സമാപനച്ചടങ്ങളില്‍ പുലികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്യും. പുലിക്കളിയോടെയാണ് തൃശൂരിന്റെ ഓണാഘോഷം അവസാനിക്കുക.
പത്തിലധികം പേരാണ് ഓരോ സംഘത്തിലും നിറം അരയ്ക്കാന്‍ ഉണ്ടാകുന്നത്. വെള്ള, കറുപ്പ്, മഞ്ഞ എന്നിവയാണ് ആദ്യം അരച്ച് തയ്യാറാക്കുന്നത്. പിന്നെ ചുവപ്പും ബ്രൗണുമെല്ലാം തയ്യാറാക്കും. ഓരോ നിറവും കുറഞ്ഞത് അഞ്ച് ലിറ്ററെങ്കിലും വേണ്ടിവരും. എന്നാല്‍ ഇത്തവണ മെറ്റാലിക് പുലികളുമായാണ് വിയ്യൂര്‍ യുവജനസംഘം എത്തുന്നത്. ഇതാദ്യമായാണ് പുലിക്കളിയില്‍ മെറ്റാലിക് നിറം ഉപയോഗിക്കുന്നത്. പുലികള്‍ കൂടുതല്‍ തിളങ്ങുമെന്നതാണ് ഇതിന്റെ പ്രത്യേകത.
നീല, പച്ച, വയലറ്റ് മെറ്റാലിക് നിറങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്.അതേസമയം, പുലിക്കളിയോടനുബന്ധിച്ച് പൊലീസ് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തേക്കിന്‍കാട് മൈതാനത്തും നടപ്പാതയിലും സുരക്ഷിതയിടങ്ങളില്‍ ജനങ്ങള്‍ക്കു പുലിക്കളി ആസ്വദിക്കാം. ജീര്‍ണാവസ്ഥയിലുള്ള കെട്ടിടങ്ങളിലും വൃക്ഷങ്ങളിലും കയറി നില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. നഗരത്തിലേക്ക് വരുന്നവര്‍, റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാതെ സുരക്ഷിതമായ ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യണമെന്നും മുന്നറിയിപ്പുണ്ട്. ക്രമസമാധാനപാലനത്തിനും ഗതാഗത ക്രമീകരണത്തിനുമായി തൃശൂര്‍ അസിസ്റ്റന്‍ഡ് കമ്മിഷണറുടെ കീഴില്‍ വിവിധ സെക്ടറുകളാക്കി തിരിച്ച് പ്രധാന സ്ഥലങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
പ്രദേശിക അവധി
പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശ്ശൂര്‍ താലൂക്ക് പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചിട്ടുണ്ട്. പുലികളിയുമായി ബന്ധപ്പെട്ട് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.