ടി സിദ്ദിഖിന് കോഴിക്കോട്ടും വയനാട്ടിലും വോട്ട്; തദ്ദേശ വോട്ടര്‍പട്ടികയില്‍ പെരുമണ്ണയിലും കല്‍പ്പറ്റയിലും വോട്ടുണ്ടെന്ന് ആരോപണം; രേഖകള്‍ പുറത്തുവിട്ട് സിപിഎം; രണ്ടിടത്ത് വോട്ട് ചെയ്യുന്ന ആളല്ലെന്ന് സിദ്ദിഖ്; കെ റഫീഖ് ബിജെപിയുടെ നാവാകുന്നത് അപമാനകരമെന്നും പ്രതികരണം

ടി സിദ്ദിഖിന് കോഴിക്കോട്ടും വയനാട്ടിലും വോട്ട്

Update: 2025-09-08 08:08 GMT

വയനാട്: കല്പറ്റ എംഎല്‍എ ടി സിദ്ദിഖിന് ഇരട്ട വോട്ടെന്ന ആരോപണവുമായി സിപിഎം. കോഴിക്കോട് പെരുമണ്ണയിലും വയനാട് കല്പറ്റയിലും സിദ്ദിഖിന് വോട്ട് ഉണ്ടെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ആരോപിച്ചു. കെ റഫീഖ് ഇതിന്റെ രേഖകള്‍ പുറത്ത് വിട്ടു. വോട്ടര്‍ പട്ടിക വിശദമായി പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ 20-ാം വാര്‍ഡായ പന്നിയൂര്‍കുളത്ത് ക്രമനമ്പര്‍ 480-ലും വയനാട് ജില്ലയില്‍ കല്‍പ്പറ്റ നഗരസഭയിലെ ഡിവിഷന്‍ 25 ഓണിവയലില്‍ ക്രമനമ്പര്‍ 799-ലും പേരുണ്ടെന്നാണ് വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ഉള്‍പ്പെടെ പുറത്തുവിട്ട് റഫീഖ് ആരോപിച്ചിട്ടുള്ളത്.

ജനങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുക എന്നുള്ള കാര്യമാണ് ഇപ്പോള്‍ ചെയ്തത്. ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തില്‍ നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും പ്രവര്‍ത്തിക്കുന്നതും കള്ളവോട്ട് ചേര്‍ക്കുന്നതും ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കെ. റഫീഖ് പറഞ്ഞു.

അതേസമയം വിഷയത്തില്‍ പ്രതികരണവുമായി ടി സിദ്ദിഖ് രംഗത്തെത്തി. റഫീക്കും സിപിഎമ്മും രാജ്യ വ്യാപകവോട്ട് കൊള്ള നടക്കുമ്പോള്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. വോട്ട് ഷിഫ്റ്റ് ചെയ്യാന്‍ താന്‍ അനുമതി ചോദിച്ചതാണ്. കല്പറ്റയിലേക്ക് വോട്ട് ഷിഫ്റ്റ് ഓട്ടോമാറ്റിക് ആയി മാറും എന്നാണ് താന്‍ മനസിലാക്കുന്നത്. കോഴിക്കോട്ടെ വോട്ട് നീക്കം ചെയ്യാന്‍ താന്‍ തന്നെ ഇടപെടും.തനിക്ക് ഇരട്ട വോട്ട് ചെയ്യേണ്ട കാര്യമില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.

പെരുമണ്ണ പഞ്ചായത്തിലെ പന്നിയൂര്‍കുളത്തുനിന്നും കല്‍പ്പറ്റ നഗരസഭയിലെ ഓണിവയലിലേക്ക് തന്റെ വോട്ട് മാറ്റിയതാണെന്ന് ടി. സിദ്ദിഖ് പ്രതികരിച്ചു. കല്‍പ്പറ്റയില്‍ വോട്ട് ചേര്‍ക്കപ്പെട്ടെങ്കിലും പെരുമണ്ണയില്‍നിന്ന് വോട്ട് ഒഴിവാക്കപ്പെട്ടിട്ടില്ല. ഈ അപാകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വോട്ട് പെരുമണ്ണയില്‍നിന്ന് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ ഇതുവരെ ഒരക്ഷരം മിണ്ടാത്ത പിണറായി വിജയന്റെ ശിഷ്യനാണ് റഫീഖ് എന്നും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തി വോട്ട് ചോരി ക്യാമ്പയിന്റെ പ്രഭ കെടുത്താനുള്ള ശ്രമമാണ് റഫീഖിന്റേതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

പുതുതായി വോട്ട് ചേര്‍ക്കുമ്പോള്‍ നമ്മള്‍ കൊടുത്ത വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി പെരുമണ്ണയില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെടും എന്നാണ് തന്റെ ബോധ്യം. എന്നാല്‍ അങ്ങിനെ ഉണ്ടായിട്ടില്ല എങ്കില്‍ കോഴിക്കോട്ടെ വോട്ട് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.

ജനാധിപത്യ പ്രക്രിയയെ വളരെ പവിത്രതയോടെ കാണുന്നയാളാണ് താന്‍. സിപിഎമ്മിനെ പോലെ രണ്ടും മൂന്നും വോട്ടുകള്‍ താന്‍ ചെയ്യാറില്ല. ബിജെപിക്ക് ആയുധം കൊടുക്കാനാണ് സിപിഎം ശ്രമമെന്ന് ടി സിദ്ധിഖ് ആരോപിച്ചു. കെ റഫീഖ് ബിജെപിയുടെ നാവാകുന്നത് അപമാനകരമാണ്. ബിജെപിയുടെ വക്കാലത്ത് സ്വീകരിച്ച് സിപിഎം നടത്തുന്ന ക്യാമ്പയിനായി ഇത് മാറുകയാണെന്ന് ടി സിദ്ദിഖ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി പരിഷ്‌ക്കരിച്ച വോട്ടര്‍ പട്ടികയനുസരിച്ച് ടി സിദ്ദിഖിന് കോഴിക്കോട് പെരുമണ്ണയിലും വയനാട് കല്‍പ്പറ്റയിലും വോട്ടെന്നാണ് സിപിഐഎം ആരോപണം. കോഴിക്കോട് പെരുമണ്ണ 20-ാം വാര്‍ഡിലെ വോട്ടറായ ടി സിദ്ദിഖിന് കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ ഓണിവയലിലും വോട്ടുണ്ടെന്നാണ് സിപിഎം ആരോപണം.

Tags:    

Similar News