16 മീറ്റര്‍ ഡ്രാഫ്റ്റില്‍ വിര്‍ജീനിയ എത്തി; 5000 ടിഇയു കണ്ടെയ്നറുകള്‍ കയറ്റിയതോടെ ഡ്രാഫ്റ്റ് 16.95 മീറ്ററായി; ഭാരം കയറ്റിയത് അനുസരിച്ച് കപ്പലിന്റെ അടിത്തട്ടു മുതല്‍ കടല്‍ നിരപ്പു വരെയുള്ള ഉയരത്തിനുണ്ടായത് ഈ മാറ്റം; എന്നിട്ടും ആ കപ്പല്‍ സുഗമമായി സ്‌പെയിനിലേക്ക് തീരം വിട്ടു; വീണ്ടും വിഴിഞ്ഞം വിജയഗാഥ

Update: 2025-09-08 03:26 GMT

തിരുവനന്തപുരം: വിഴിഞ്ഞത്തിന് മറ്റൊരു നേട്ടം കൂടി. 18 മീറ്റര്‍ മുതല്‍ 20 മീറ്റര്‍വരെ സ്വഭാവിക ആഴമുള്ള വിഴിഞ്ഞത്തിന്റെ ശേഷി ആഗോള മാരിടൈം മേഖലയ്ക്ക് മുന്നില്‍ തെളിയുകയാണ്. ഇന്ത്യയിലെത്തിയ രണ്ടാമത്തെ ഡ്രാഫ്റ്റ് (കപ്പലിന്റെ അടിത്തട്ടു മുതല്‍ കടല്‍ നിരപ്പ് വരെയുള്ള ഉയരം) കൂടിയ കണ്ടെയ്‌നര്‍ കപ്പല്‍ കൈകാര്യം ചെയ്തതിന്റെ റെക്കോര്‍ഡുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. 16.95 മീറ്റര്‍ ഡ്രാഫ്റ്റ് ഉള്ള കപ്പല്‍ എംഎസ്സി വിര്‍ജീനിയ വിഴിഞ്ഞത്ത് നിന്ന് സ്പെയിനിലേക്ക് പുറപ്പെട്ടു. ഇതോടെയാണ് വിഴിഞ്ഞത്തിന് സുവര്‍ണ്ണ നേട്ടം സ്വന്തമായത്.

അദാനി മുന്ദ്ര തുറമുഖത്തു നിന്ന് വിഴിഞ്ഞത്ത് എത്തുമ്പോള്‍ 16 മീറ്റര്‍ ആയിരുന്നു കപ്പലിന്റെ ഡ്രാഫ്റ്റ് . ഏതാണ്ട് 5000 ടിഇയു ചരക്ക് വിഴിഞ്ഞത്ത് കൈകാര്യം ചെയ്ത ശേഷമാണ് ഡ്രാഫ്റ്റ് 16.95 ആയി വര്‍ധിച്ചത്. ഇതിനു മുന്പ് 16.8 മീറ്റര്‍ ആയിരുന്നു വിഴിഞ്ഞത്ത് എത്തിയ ഡ്രാഫ്റ്റ് കൂടിയ കപ്പല്‍. ഇതുവരെ 16.5 മീറ്ററില്‍ കൂടുതല്‍ ഡ്രാഫ്റ്റ് ഉള്ള 17 കപ്പല്‍ വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്. കപ്പലിന്റെ അടിത്തട്ടു മുതല്‍ കടല്‍ നിരപ്പു വരെയുള്ള ഉയരമാണ് ഡ്രാഫറ്റ്. തുറമുഖത്തിന് 19 മുതല്‍ 20 വരെ മീറ്റര്‍ വരെ ആഴമുണ്ടെങ്കില്‍ മാത്രമേ 17 മീറ്റര്‍ വരെ ഡ്രാഫ്റ്റില്‍ കപ്പലിനെ എത്തിക്കാനാകൂ. രാജ്യത്ത് ഈ ഡ്രാഫ്റ്റില്‍ കപ്പലെത്തുന്ന രണ്ടാമത്തെ തുറമുഖമായി വിഴിഞ്ഞം. ഇതു തുറമുഖത്തിനു മറ്റൊരു ചരിത്ര നേട്ടമായി. ഗുജറാത്തിലെ മുന്ദ്ര തുറമുഖമാണ് ആദ്യത്തേത്ത് 17 മീറ്റര്‍. മുന്ദ്ര തുറമുഖത്തിന്റെ ആഴം ഡ്രജിങ്ങിലൂടെയാണ് രൂപപ്പെട്ടത്. എന്നാല്‍ സ്വാഭാവിക ആഴമാണ് വിഴിഞ്ഞത്തിന്റെ സവിശേഷത.

വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യേകതയായ പ്രകൃതിദത്ത ആഴം ഒരിക്കല്‍കൂടി സ്ഥാപിക്കുന്നതാണ് ഇപ്പോഴത്തെ നേട്ടം. 16.7 മീറ്റര്‍ ഡ്രാഫ്റ്റില്‍ വിഴിഞ്ഞത്തെത്തിയ എം.എസ്.സി.യുടെ ക്ലൗഡ് ജെറാഡറ്റാണ് നേരത്തെ ഇന്ത്യന്‍ തീരത്ത് എത്തിയ കപ്പലുകളില്‍ ഏറ്റവും ഉയര്‍ന്ന ഡ്രാഫ്റ്റ്. ഭാരം കയറുന്നതിന് അനുസരിച്ച് കപ്പലിന്റെ അടിത്തട്ടു മുതല്‍ കടല്‍ നിരപ്പു വരെയുള്ള ഉയരത്തിന് മാറ്റമുണ്ടാകും.

ഇന്ത്യയുടെ തെക്കേയറ്റത്തുള്ള വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. നേരത്തെ ഇന്ത്യയിലേക്കുള്ള ട്രാന്‍സ്ഷിപ്പ്‌മെന്റിന്റെ ഭൂരിഭാഗവും നടക്കുന്നത് കൊളംബോ തുറമുഖം വഴിയായിരുന്നു. മദര്‍ഷിപ്പുകള്‍ക്ക് അടുക്കാന്‍ കഴിയുന്ന തുറമുഖങ്ങള്‍ ഇന്ത്യയില്‍ ഇല്ലാത്തതിനാലാണ് ചരക്കുനീക്കം കൊളംബോ വഴിയായത്. ഇപ്പോള്‍ മദര്‍ഷിപ്പ് ഹബ്ബെന്ന നിലയിലേക്ക് വിഴിഞ്ഞം വളരുകയാണ്. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ (ഏകദേശം 19 കിലോമീറ്റര്‍) അടുത്ത് സ്ഥിതി ചെയ്യുന്നതിന്റെ ഭൂമി ശാസ്ത്രപരമായ നേട്ടവും വിഴിഞ്ഞത്തിനുണ്ട്. കപ്പല്‍ചാലില്‍ നിന്നും ഒരു മണിക്കൂര്‍ കൊണ്ട് വിഴിഞ്ഞത്തെത്താന്‍ കഴിയുന്ന കപ്പലുകള്‍ക്ക് 10 മണിക്കൂര്‍ കൊണ്ട് ചരക്കിറക്കി തിരികെ മടങ്ങാന്‍ കഴിയും.

ഇന്ത്യന്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്നും കൊളംബോ തീരത്തേക്കുള്ള ദൂരം 79 നോട്ടിക്കല്‍ മൈലാണ് (ഏകദേശം 146.30 കിലോമീറ്റര്‍). വിഴിഞ്ഞത്തുള്ള ആധുനിക കയറ്റിറക്ക് ഉപകരണങ്ങളുടെ കുറവും കൊളംബോയ്ക്ക് തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വിഴിഞ്ഞം കേന്ദ്രീകരിച്ച് കോടികളുടെ ബിസിനസ് അവസരമാണ് തുറക്കുന്നത്. കേരളത്തെ ഗ്ലോബല്‍ മാരിടൈം, ലോജിസ്റ്റിക്സ് ഹബ്ബാക്കാനുള്ള ശേഷി തുറമുഖത്തിനുണ്ടെന്നാണ് പ്രതീക്ഷ. കൂടുതല്‍ മദര്‍ഷിപ്പുകളെത്തുകയും വ്യവസായിക നിക്ഷേപങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നത് കയറ്റുമതി രംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കും. കേരളത്തിലെ കയര്‍, മത്സ്യവിഭവങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്ക്ക് പുതിയ വിപണികള്‍ കണ്ടെത്താന്‍ സാധിക്കും.

കൂടാതെ വെയര്‍ഹൗസ്, ലോജിസ്റ്റിക്സ്, കോള്‍ഡ് സ്റ്റോറേജ് പോലുള്ള സംവിധാനങ്ങളും കൂടുതലായി പ്രദേശത്ത് വരും. തുറമുഖത്തിന് അനുബന്ധമായി റോഡ്, റെയില്‍ ഗതാഗത മാര്‍ഗങ്ങള്‍ വികസിക്കുന്നത് പ്രാദേശിക വികസനത്തിനും ഗുണകരമായി മറും.

Tags:    

Similar News