ആഘോഷങ്ങളില്‍ കാണികളെ ആവേശത്തിലാക്കും; പാപ്പാന്‍ പറയുന്നത് പോലെ ചെയ്യുന്ന അനുസരണാ ശീലം; പേടിച്ചാല്‍ കാടു കയറുന്ന പ്രകൃതം; ഗജരാജരത്‌നം കിട്ടിയ പുതുപ്പളളിയുടെ പൊന്നാമന; വിജയ് ദേവരകൊണ്ടയുടെ സെറ്റില്‍ വീണ്ടും കാടുകയറ്റം; സാധു തിരിച്ചെത്തുമ്പോള്‍

അരുണാചല്‍പ്രദേശില്‍ നിന്ന് കൊണ്ടുവന്ന പുതുപ്പള്ളി സാധു മുമ്പും ഇത്തരത്തില്‍ കാട് കയറിയിട്ടുണ്ട്.

Update: 2024-10-05 04:40 GMT

കൊച്ചി: എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമാ ഷൂട്ടിങ് സെറ്റില്‍ നിന്ന് വിരണ്ടോടി കാടു കയറിയ നാട്ടാന 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലില്‍. ആന ആരോഗ്യവാനാണ്. ലോറിയില്‍ കയറ്റി സാധുവിനെ നാട്ടിലേക്ക് കൊണ്ടു പോയി. പാപ്പാന്മരെ കണ്ടപ്പോള്‍ തന്നെ സാധുവിന് ആശ്വാസമായി. പിന്നീട് അവരുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായി സാധു.

ഈ ആനയുടെ സ്വഭാവവും സാധുവായിരുന്നു. അതുകൊണ്ടാണ് സാധുവെന്ന പേരിടാനും കാരണം. ഏല്‍പ്പിച്ച പണി പാപ്പാന്‍ പറയുന്നത് അനുസരിച്ച് ചെയ്യും. വെള്ളത്തോടും താല്‍പ്പര്യം കൂടുതലാണ്. ആനലക്ഷണത്തിന്റെ തികവുകള്‍ ഒത്തിണങ്ങിയ ആനയെ ആന പ്രേമികളും ആരാധനയോടെയാണ് കണ്ടത്. 1999-ല്‍ അരുണാചല്‍ പ്രദേശില്‍നിന്ന് പുതുപ്പള്ളി സ്വദേശി പോത്തന്‍വര്‍ഗീസ് കൊണ്ടു വന്നതാണ് ഈ ആനയെ. സ്വഭാവം അറിഞ്ഞാണ് സാധുവെന്ന പേരിട്ടത്. ഇത്തിത്താനം ഗജമേളയില്‍ ഗജരാജരത്നപ്പട്ടം കിട്ടിയ സാധു ആനകള്‍ക്കിടയിലെ സാധുവായിരുന്നു.

ഷൂട്ടിംഗിനിടെ ആന കാടുകയറിയത് അതുകൊണ്ട് തന്നെ പുതുപ്പളളിക്കാര്‍ക്കും വലിയ വേദനയായി. അതിനിടെയാണ് ഭൂതത്താന്‍കെട്ടിലെ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് തിരച്ചില്‍ സംഘം ആനയെ കണ്ടെത്തിയത്. കാടിനകത്ത് നാല് കിലോമീറ്ററിനുള്ളില്‍ നിന്നാണ് ആനയെ കണ്ടെത്തിയത്. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ആന കാട്ടിലേക്ക് വിരണ്ടോടിയത്. സിനിമാ ചിത്രീകരണത്തിനിടെ കൊമ്പന്മാര്‍ കുത്തുകൂടുകയായിരുന്നു. കുത്തേറ്റ പുതുപ്പള്ളി സാധു എന്ന നാട്ടാന കാട്ടിലേക്ക് ഓടി. ആന വിരണ്ടതോടെ ഷൂട്ടിങ് താത്കാലത്തേക്ക് നിര്‍ത്തിവെച്ചു.

വനംവകുപ്പ് ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ ഏറെനേരം തിരഞ്ഞെങ്കിലും ആനയെ കണ്ടെത്താനായില്ല. രാത്രിയായതോടെ തിരച്ചിലവസാനിപ്പിച്ചു. ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് നിര്‍ണ്ണായകമായത്. ഷൂട്ടിങ്ങിനായി അഞ്ച് ആനകളെയാണ് എത്തിച്ചിരുന്നത്. വൈകീട്ട് അഞ്ചുമണിയോടെ ചങ്ങലകള്‍ അഴിച്ചുമാറ്റി ആനകള്‍ റോഡ് കുറുകെ കടക്കുന്ന സീന്‍ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് മണികണ്ഠന്‍ എന്ന കൊമ്പന്‍ സാധു എന്ന കൊമ്പനെ കുത്തിയത്. ആനകള്‍ തമ്മില്‍ കുത്തുണ്ടായതോടെ രണ്ടും വിരണ്ടു കാട്ടിലേക്കോടി. മണികണ്ഠനെ വൈകാതെ തിരഞ്ഞു കണ്ടെത്തി തിരികെയെത്തിച്ചു. എന്നാല്‍, സാധു ഭൂതത്താന്‍കെട്ടു വനത്തിലെ തേക്ക് പ്ലാന്റേഷനും മാട്ടുങ്കല്‍ തോടും കടന്നു തെട്ടടുത്തുള്ള ചതുപ്പും താണ്ടി നിബിഡ വനത്തിലേക്ക് ഓടി മറയുകയായിരുന്നു.

ആഘോഷങ്ങളില്‍ കാണികളെ ആവേശത്തിലാക്കുന്ന കൊമ്പനാണു പുതുപ്പള്ളി സാധു. സിനിമ അഭിനയവും കമ്പമാണ്. തമിഴ് സിനിമകളില്‍ മുമ്പും അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കുന്നതിനു സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചുരുക്കം ആനകളില്‍ ഒന്നാണ്. വനംവകുപ്പിന്റെ സമ്മതപത്രം ലഭിച്ചാലേ ആനകളെ സിനിമയില്‍ അഭിനയിപ്പിക്കാനാകൂ. തൃശൂര്‍ പൂരമടക്കം സംസ്ഥാനത്തെ ഒട്ടുമിക്ക ഉത്സവങ്ങളിലും താരസാന്നിധ്യമാണ് പുതുപ്പള്ളി സാധു.

അരുണാചല്‍പ്രദേശില്‍ നിന്ന് കൊണ്ടുവന്ന പുതുപ്പള്ളി സാധു മുമ്പും ഇത്തരത്തില്‍ കാട് കയറിയിട്ടുണ്ട്. ഏകദേശം 16 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആനയെ കേരളത്തിലെത്തിക്കുന്നത്. ബിഹാറില്‍ വച്ച് ഈ ആന മുമ്പും കാട് കയറിയിട്ടുണ്ട്. അതിനുശേഷം ഒരു മാസത്തോളം കഴിഞ്ഞ് പുലിക്കായി വെച്ച കെണിയില്‍ ആനയുടെ കാല് അകപ്പെട്ടതോടെ കണ്ടുകിട്ടുന്നത്. പിന്നീടാണ് കേരളത്തിലേക്ക് വീണ്ടും കൊണ്ടുവന്നത്.

പുതുപ്പള്ളി സാധു, ആന

Tags:    

Similar News