'യുക്രെയിനും നാറ്റോയും തോറ്റോടി, യുദ്ധത്തില്‍ റഷ്യ ജയിച്ചു': ദിവസങ്ങള്‍ക്കകം യുദ്ധ വിജയം പ്രഖ്യാപിക്കാന്‍ പുടിന്‍; പാശ്ചാത്യ രാഷ്ട്രങ്ങള്‍ യുക്രെയിനെ വഞ്ചിച്ചുവെന്നും യുക്രെയിന്‍ സര്‍ക്കാര്‍ അനധികൃതമെന്നും ഉള്ള കുപ്രചാരണങ്ങള്‍ക്ക് ഏജന്റുമാര്‍; ട്രംപ് റഷ്യക്ക് അനുകൂലമായതോടെ യുദ്ധ കുറ്റവാളി എന്ന പ്രതിച്ഛായ വെള്ളപൂശിയെടുക്കാന്‍ പുടിന്റെ കളികള്‍
യുക്രെയിന്‍ യുദ്ധത്തില്‍ വിജയം പ്രഖ്യാപിക്കാന്‍ പുടിന്‍
മോസ്‌കോ: ഒരു ഭാഗത്ത് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും, യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയും തമ്മില്‍ വാക്‌പോരും വെല്ലുവിളിയും. മറുവശത്ത് യുക്രെയിന്റെയും തങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ദൗത്യവുമായി യൂറോപ്പിലെ നേതാക്കള്‍. അതിനിടെ, റഷ്യ യുക്രെയിന് എതിരായ യുദ്ധത്തില്‍,തങ്ങളുടെ വിജയം പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്.
യുക്രെയിന് എതിരായ യുദ്ധവിജയം മാത്രമല്ല, നാറ്റോയ്ക്ക് എതിരായ ജൈത്രയാത്ര കൂടിയായി വ്‌ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിക്കുമെന്നാണ് യുക്രെയിന്റെ സൈനിക ഇന്റലിജന്‍സ് ഏജന്‍സി GUR വെളിപ്പെടുത്തിയത്. യുദ്ധത്തില്‍ പാശ്ചാത്യ ശക്തികള്‍ക്ക് പരാജയം സംഭവിച്ചുവെന്ന് വ്യാഖ്യാനിക്കാനാണ് പുടിന്‍ തയ്യാറെടുക്കുന്നത്.
റഷ്യയുടെ യുക്രെയിന്‍ അധിനിവേശത്തിന്റെ മൂന്നാം വാര്‍ഷികമാണ് തിങ്കളാഴ്ച. 2014 ല്‍ റഷ്യ ക്രിമിയയും കിഴക്കന്‍ യുക്രെയിനിലെ ഡോനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് മേഖലകളും പിടിച്ചെടുത്തപ്പോള്‍ മുതലാണ് യഥാര്‍ഥത്തില്‍ സംഘര്‍ഷത്തിന്റെ തുടക്കം. പക്ഷേ പൂര്‍ണതോതിലുള്ള യുദ്ധം ആരംഭിച്ചിട്ട് ഫെബ്രുവരി 24 ന് മൂന്നുവര്‍ഷം തികയുകയാണ്.
ട്രംപ് ഭരണകൂടം യുദ്ധം അവസാനിപ്പിക്കാനുളള തീവ്രശ്രമങ്ങള്‍ തുടരുമ്പോള്‍, വെടിനിര്‍ത്തല്‍ കരാറില്‍ റഷ്യയ്ക്ക് മേല്‍ക്കൈ കിട്ടുന്ന തരത്തിലാകുമെന്ന ആശങ്ക യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കും യുക്രെയിനും ഉണ്ട്. പുടിന്റെ സൈനിക അധിനിവേശത്തിന് പാരിതോഷികം നല്‍കുന്നത് പോലെയുള്ള ഉപാധികള്‍ കരാറില്‍ വരുമോ എന്നാണ് സംശയം.
യുക്രെയിനില്‍ ആഭ്യന്തര അസ്ഥിരത സൃഷ്ടിക്കാന്‍ റഷ്യ ശ്രമം ഊര്‍ജ്ജിതമാക്കിയെന്നും കീവിന്റെ GUR റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. തങ്ങളുടെ പൗരന്മാര്‍ക്കിടയില്‍ തെറ്റായ വിവരം പരത്താനും പാശ്ചാത്യ സഖ്യകക്ഷികളുടെ പിന്തുണയുടെ വിലയിടിക്കാനും ശ്രമം നടക്കുന്നു. സമാധാനപരമായ കരാറിന് സന്നദ്ധമെന്ന പ്രതീതി സൃഷ്ടിച്ച് പരിഷ്‌കൃത ലോകത്തിന് മുമ്പിലെ തങ്ങളുടെ 'യുദ്ധ കുറ്റവാളി' എന്ന പ്രതിച്ഛായ മായ്ക്കാനാണ് റഷ്യയുടെ പരിശ്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'.ഇതിനുപുറമേ, 'പാശ്ചാത്യ രാഷ്ട്രങ്ങള്‍ യുക്രെയിനെ വഞ്ചിച്ചു', 'റഷ്യയോ, അമേരിക്കയോ യൂറോപ്യരുടെയും യുക്രെയിന്‍കാരുടെയും അഭിപ്രായങ്ങളെ വിലമതിക്കുന്നില്ല', 'യുക്രെയിന്‍ സര്‍ക്കാര്‍ അനധികൃതമാണ് ', 'യുക്രെയിനെ മാറ്റി നിര്‍ത്തി അമേരിക്കയും, റഷ്യയും തമ്മില്‍ എല്ലാക്കാര്യത്തിലും ധാരണയിലെത്തി', 'യുക്രെയിന്‍ സൈന്യം യുദ്ധത്തില്‍ തോറ്റോടുന്നു', 'അമേരിക്കയുടെ സഹായത്തില്‍ നിന്നുള്ള ബില്യന്‍ കണക്കിന് ഡോളറുകള്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ അടിച്ചുമാറ്റുന്നു', എന്നിങ്ങനെയാണ് കുപ്രചാരണം മുന്നേറുന്നത്.
റഷ്യയാണ് യുക്രെയിനില്‍ അധിനിവേശം നടത്തിയതെങ്കിലും എല്ലാറ്റിനും യുക്രെയിന്‍ പ്രസിഡന്റിനെ പഴിക്കുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നത്. റഷ്യന്‍ വ്യാജ വാര്‍ത്തകളില്‍ വീണിരിക്കുകയാണ് ട്രംപ് എന്ന് സെലന്‍സ്‌കി തിരിച്ചടിച്ചതും ട്രംപിനെ പ്രകോപിപ്പിച്ചു. അതോടെ, തിരഞ്ഞെടുപ്പ് നടത്താതെ സ്വേച്ഛാധിപതിയായി വാഴുകയാണ് സെലന്‍സ്‌കിയെന്നും ജനപിന്തുണ നഷ്ടപ്പെട്ട നേതാവാണെവന്നും ട്രംപ് വിമര്‍ശിച്ചു.
അതേസമയം, സെലന്‍സ്‌കിയെ പിന്തുണയ്ക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനോടാണ് അദ്ദേഹത്തെ താരതമ്യം ചെയ്തത്. യുദ്ധ സമയത്ത് തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കാന്‍ മതിയായ കാരണം ഉണ്ടെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലിയും യുക്രെയിനെ പിന്തുണച്ചു. തിരഞ്ഞെടുപ്പ് നടത്തണമെന്ന് റഷ്യയും യുക്രെയിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, യുദ്ധം താറുമാറാക്കിയ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്തുക ബുദ്ധിമുട്ടേറിയ കാര്യമാണ്. വിശേഷിച്ചും റഷ്യന്‍ നിയന്ത്രിത മേഖലകളില്‍.
യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍ എത്തിക്കാന്‍ യൂറോപ്യന്‍ നേതാക്കളും തങ്ങളുടേതായ രീതിയില്‍ പരിശ്രമം തുടരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വൈറ്റ് ഹൗസില്‍ വച്ച് ട്രംപുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. കെയര്‍ സ്റ്റാര്‍മര്‍ വ്യാഴാഴ്ച ട്രംപിനെ കാണുന്നുണ്ട്.