ചില പോലീസുകാര്‍ക്കെതിരായ ആക്ഷേപങ്ങളും അജിത് കുമാര്‍ നല്‍കിയ പരാതിയും പരിശോധിക്കണമെന്ന് ഉത്തരവ്; വാദി പ്രതിയാകുമോ? അന്‍വറിന് ആശങ്ക കൂടുന്നു...

അന്‍വറിന് ആശങ്ക കൂടുന്നു...

Update: 2024-09-03 06:42 GMT

തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പി.വി.അന്‍വറിന്റെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പിവി അന്‍വറിന് അതൃപ്തി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ഇന്ന് പുലര്‍ച്ചെയാണ് ഉത്തരവിറങ്ങിയത്.

എന്നാല്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ അന്വേഷണമെന്ന് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല. ചില പോലീസുകാര്‍ക്കെതിരായ ആക്ഷേപങ്ങളും എം.ആര്‍.അജിത് കുമാര്‍ നല്‍കിയ പരാതിയും പരിശോധിക്കണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. അതായത് അന്‍വറിനെതിരേയും അന്വേഷണമുണ്ട്. ഫോണ്‍ ചോര്‍ത്തല്‍ അടക്കം അന്‍വര്‍ സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയങ്ങളിലേക്കും അന്വേഷണം നടക്കും. അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളും ഇത് സംബന്ധിച്ച് എം.ആര്‍.അജിത് കുമാര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയുമാണ് പ്രത്യേക സംഘം അന്വേഷിക്കുക.

സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, ഐജി സ്പര്‍ജന്‍ കുമാര്‍, തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ്. മറ്റ് രണ്ട് എസ്പിമാര്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. ഇതില്‍ സംസ്ഥാന പോലീസ് മേധാവി ഒഴികെയുള്ള അംഗങ്ങള്‍ അജിത് കുമാറിന്റെ കീഴുദ്യോഗസ്ഥരാണ്. ഇതെല്ലാം പിവി അന്‍വറിന്റെ അതൃപ്തി കൂട്ടിയിട്ടുണ്ട്. അജിത് കുമാറിനെ കൈവിടില്ലെന്ന വ്യക്തമായ സൂചനകള്‍ ഉത്തരവിലുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി അടക്കമുള്ളവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിര്‍ണ്ണായക ശക്തിയായി തുടരും.

താന്‍ ഉന്നയിച്ച ആരോപണങ്ങളിലും പുറത്തുവിട്ട തെളിവുകളിലും സത്യസന്ധവും വിശദവുമായ അന്വേഷണം നടത്തണമെന്നാവശ്യമാണ് അന്‍വര്‍ ഉന്നയിച്ചത്. തിങ്കളാഴ്ചതന്നെ അന്‍വര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. രേഖകള്‍ സഹിതം അദ്ദേഹം മുഖ്യമന്ത്രിക്ക് ഇനിയും പരാതിനല്‍കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ അടക്കം ആഭ്യന്തര വകുപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരുന്നത്.

അന്‍വറിന്റെ ഗുരുതര ആരോപണങ്ങളില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ മുഖ്യമന്ത്രി തിങ്കളാഴ്ച അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആരോപണവിധേയരായ എ.ഡി.ജി.പി.യെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമുണ്ടാകുമെന്ന സൂചനയാണുണ്ടായിരുന്നതെങ്കിലും അന്വേഷണത്തിന് ഡി.ജി.പി.യുടെ നേതൃത്വത്തില്‍ ഉന്നതസംഘത്തെ മാത്രമാണ് തിങ്കളാഴ്ച രാത്രി പ്രഖ്യാപിച്ചത്. അതേസമയം, ആരോപണവിധേയനായ പത്തനംതിട്ട എസ്.പി. എസ്. സുജിത് ദാസിനെ മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ സസ്‌പെന്റും ചെയ്തില്ല. ഇതും അന്‍വറിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

എ.ഡി.ജി.പി.യെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമാണ് അന്‍വറിന്റെ ആവശ്യം. സത്യസന്ധരും മിടുക്കരുമായ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ കേരള പോലീസിലുണ്ട്. അവരുള്‍പ്പെടുന്ന പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാണ് അന്‍വര്‍ ഉന്നയിക്കുന്ന ആവശ്യം. വിരമിച്ച ജഡ്ജിയെ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെടുമെന്ന് അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സത്യസന്ധമായി അന്വേഷിച്ചാല്‍ പല ദുരൂഹമരണങ്ങളുടെയും രഹസ്യമഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണ ഉത്തരവ് അന്‍വറിന് കൂടി എതിരായി മാറിയെന്നതാണ് വസ്തുത.

Tags:    

Similar News