അതുകൊണ്ടരിശം തീരാത്തൊരു അന്‍വര്‍...! മുഖ്യമന്ത്രിയുടെ കുടഞ്ഞതോടെ കലിപ്പിച്ച അന്‍വര്‍ ഇക്കുറി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ; ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരം; മന്ത്രി ശശീന്ദ്രനെ വേദിയിലിരുത്തി ഇടത് എംഎല്‍എയുടെ വിമര്‍ശനം

ഉദ്യോഗസ്ഥരോട് തട്ടിക്കയറി പിവി അന്‍വര്‍

Update: 2024-09-23 09:13 GMT

മലപ്പുറം: മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനും സിപിഎം നേതൃത്വത്തിന്റെ താക്കീതിനും പിന്നാലെ വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും നിലമ്പൂരില്‍ വനംവകുപ്പിന്റെ പരിപാടിയില്‍ വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് പി വി അന്‍വര്‍ എംഎല്‍എ. വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോഴെന്നും വനംവകുപ്പ് ജീവനക്കാരുടെ തോന്നിവാസത്തിന് അതിരില്ലെന്നും ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരമാണെന്നും പിവി അന്‍വര്‍ എംഎല്‍എ തുറന്നടിച്ചു. വനം മന്ത്രി എകെ ശശീന്ദ്രനെ വേദിയിലിരുത്തിയാണ് വകുപ്പിനെതിരെ വിമര്‍ശനം.

വനത്തില്‍ ആര്‍ക്കും പ്രവേശനമില്ല. വനത്തില്‍ എന്തും നടക്കുമെന്നതാണ് സ്ഥിതി. ജനവാസ മേഖലയില്‍ സ്ഥിരമായി വന്യ ജീവി ആക്രമണം ഉണ്ടാകുകയാണ്. നഗരങ്ങളില്‍ വരെ വന്യജീവികള്‍ എത്തുന്നുണ്ട്. സോഷ്യല്‍ ഓഡിറ്റിന് വിധേയമാകത്ത വകുപ്പാണ് വനം വകുപ്പ്. അന്യര്‍ക്ക് പ്രവേശനമില്ലെന്ന് എഴുതി വെക്കുന്ന വകുപ്പാണ് വനം വകുപ്പ്. മാധ്യമപ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും വനത്തിലേക്ക് കയറ്റി വിടില്ല. വനത്തിനകത്ത് വന്യജീവികള്‍ക്ക് ഭക്ഷണം കിട്ടുന്നില്ല.

കെ സുധാകരന്‍ വനം മന്ത്രിയായിട്ട് ഇതൊന്നും നേരിയായിട്ടില്ല. പിന്നല്ലെ പാവം ശശീന്ദ്രന്‍ വിചാരിച്ചിട്ടെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. വനത്തിനുളളില്‍ അനാവശ്യമായി വനംവകുപ്പ് കെട്ടിടങ്ങള്‍ പണിയുകയാണ്. ഇത് ശരിയല്ല. പാര്‍ട്ടി ഇടപെടേണ്ട വിഷയമാണിത്. മനുഷ്യ - വന്യ ജീവി സംഘര്‍ഷം ശക്തമാകുമ്പോഴും ഒരു നടപടിയും ഉണ്ടാകുന്നില്ല. ഈ വിഷയം ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വലിയ വോട്ടുചോര്‍ച്ചയുണ്ടാക്കി. വനം വകുപ്പുദ്യോഗസ്ഥരുടെ മനസ് വന്യ ജീവികളെക്കാള്‍ ക്രൂരമാണ്. വനം വകുപ്പുദ്യോഗസ്ഥന്‍ മരിച്ചിട്ട് മൃതദേഹം ഓഫീസില്‍ വക്കാന്‍ പോലും മേലുദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ല.

ഇടതു രീതിയല്ല. വരച്ച വരയില്‍ ഉദ്യോഗസ്ഥരെ നിര്‍ത്താനാവണം. വന്യജീവി ആക്രമണത്തെക്കുറിച്ച് പരാതി പറയാന്‍ ചെന്നപ്പോള്‍ നഷ്ടപരിഹാരം 10 ലക്ഷം കിട്ടുന്നില്ലേയെന്ന് ഒരു ഉദ്യോഗസ്ഥന്‍ ചോദിച്ചു. താന്‍അപ്പോള്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അടി കൊടുത്തേനെയെന്നും പി.വി.അന്‍വര്‍ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പണ്ടത്തെ പോലെ ഇപ്പോള്‍ പണിയില്ല. ഈ നിയമസഭ പ്രസംഗത്തില്‍ പറയാന്‍ ഉള്ളതാണ് പറഞ്ഞത്.

ഈ നിയമസഭ സമ്മേളനത്തില്‍ പറയാന്‍ കഴിയുമോ എന്ന് ഉറപ്പില്ലാത്തതിനാല്‍ നേരത്തെ പറയുകയാണ്. ആവാസ വ്യവസ്ഥയും പ്രകൃതിയും മാത്രം മതി എന്നാണ് ഉദ്യോഗസ്ഥരുടെ വിചാരം. മനുഷ്യര്‍ക്കും ഇവിടെ ജീവിക്കണം.ലോക രാജ്യങ്ങളില്‍ കാലത്തിന് അനുസരിച്ച് പല നിയമങ്ങള്‍ പരിഷ്‌ക്കരിച്ചു. ഓസ്‌ട്രേലിയയില്‍ കങ്കാരുക്കളെ കൊല്ലാന്‍ തോക്ക് നല്‍കിയിട്ടുണ്ട്. ജനങ്ങളെ വെല്ലുവിളിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.

അവര്‍ കോടികള്‍ മുടക്കി പല ഭാഗത്തും കെട്ടിടങ്ങള്‍ ഉണ്ടാക്കുകയാണ്. തന്റെ നേതൃത്വത്തിലാണ് ഈ പണി നടന്നിരുന്നതെങ്കില്‍ ഉദ്യോഗസ്ഥരെയൊക്കെ ഡിസ്മിസ് ചെയ്‌തേനെ.

വനം വകുപ്പിന്റെ തോന്നിവാസത്തിന് അതിരില്ലാത്ത സ്ഥിതിയാണ്. ഇതൊക്കെ ഇവിടെ മാത്രമേ നടക്കു. തമിഴ്‌നാട്ടിലാണെങ്കില്‍ ചെപ്പക്കുറ്റിക്ക് അടി കിട്ടിയേനെ. പണ്ടൊക്കെ നാട്ടുകാര്‍ ഇരുട്ടടി അടിച്ചേനെ. ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ വന്നതോടെ അതിനും കഴിയാതായി. അതേസമയം, വനം വകുപ്പുദ്യോഗസ്ഥര്‍ക്കെതിരെ പി.വി അന്‍വറിന്റെ വിമര്‍ശനം പരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

ഉദ്യോഗസ്ഥനോട് കയര്‍ത്ത് അന്‍വര്‍

നിലമ്പൂരില്‍ വനംവകുപ്പിന്റെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥനോട് പിവി അന്‍വര്‍ എംഎല്‍എ കയര്‍ത്തു. വേദിയിലുള്ള പരസ്യവിമര്‍ശനത്തിന് പിന്നാലെ പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയശേഷമാണ് പിവി അന്‍വര്‍ വനംവകുപ്പ് റേഞ്ച് ഓഫീസറോട് കയര്‍ത്ത് സംസാരിച്ചത്. വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഉദ്യോഗസ്ഥനോട് പിവി അന്‍വര്‍ രോഷം പ്രകടിപ്പിച്ചത്. നിലമ്പൂര്‍ അരുവാക്കോട് വനം ഓഫിസിലെ ഉദ്ഘാടനത്തിന് എത്തിയ പി വി അന്‍വറിന്റെ വാഹനം മാറ്റി നിര്‍ത്താന്‍ ഒരു ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനം. പരിപാടിയില്‍ അധ്യക്ഷനായാണ് പിവി അന്‍വര്‍ എംഎല്‍എ എത്തിയത്.

ആദ്യം ഒരു സ്ഥലത്ത് പാര്‍ക്ക് ചെയ്‌തെങ്കിലും മാറ്റിയിടണമെന്ന് പറഞ്ഞു. വീണ്ടും മാറ്റിയിട്ടപ്പോള്‍ അവിടെ നിന്നും മാറ്റിയിടാന്‍ പറഞ്ഞുവെന്നാണ് ആരോപണം. ഇക്കാര്യം പിവി അന്‍വര്‍ പരിപാടി കഴിഞ്ഞ് എത്തിയപ്പോള്‍ ഡ്രൈവര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വണ്ടി മാറ്റിയിടാന്‍ പറഞ്ഞ ഓഫീസര്‍ ആരാണെന്ന് ചോദിച്ച് ഓഫീസിലേക്ക് പിവി അന്‍വര്‍ നടന്നുവരുകയായിരുന്നു. എന്നാല്‍, ഓഫീസര്‍ അവിടെ ഇല്ലെന്ന് റേഞ്ച് ഓഫീസര്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്നാണ് റേഞ്ച് ഓഫീസറോട് അന്‍വര്‍ കയര്‍ത്ത് സംസാരിച്ചത്. തന്നോടുള്ള വിരോധത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടായതെന്നാണ് പിവി അന്‍വറിന്റെ ആരോപണം. വണ്ടി മാറ്റിയിടാന്‍ പറഞ്ഞ ഉദ്യോഗസ്ഥനോട് നാലു മണിക്ക് മുമ്പ് ഗസ്റ്റ് ഗൗസില്‍ തന്നെ വന്ന് കാണണമെന്നും ഇല്ലെങ്കില്‍ ഇങ്ങോട്ട് വരുമെന്നും ഉദ്യോഗസ്ഥനോട് പിവി അന്‍വര്‍ പറഞ്ഞു. ആവശ്യത്തിന് മതി, നിങ്ങള്‍ കുറെ ആള്‍ക്കാര് ട്രൗസറിട്ട് നടക്കുന്നതല്ല ഫോറസ്റ്റെന്നും മര്യാദ കാണിക്കണമെന്നും തെണ്ടിത്തരം ചെയ്യുകയാണെന്നും പറഞ്ഞ് രോഷത്തോടെ സംസാരിച്ചശേഷമാണ് അന്‍വര്‍ കാറില്‍ കയറി മടങ്ങിപ്പോയത്. വാഹന പാര്‍ക്കിങുമായി ബന്ധപ്പെട്ട തര്‍ക്കത്തിലേര്‍പ്പെട്ട ഉദ്യോഗസ്ഥന്റെ മേലുദ്യോഗനോടാണ് അന്‍വര്‍ കയര്‍ത്തത്.

വിമര്‍ശിച്ച് മന്ത്രി ശശീന്ദ്രനും

പൊതുജനങ്ങളോട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം നല്ല രീതിയിലല്ലെന്ന് പരിപാടിയില്‍ മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. മന്ത്രിയായ ആദ്യം നടന്ന അവലോകന യോഗത്തില്‍ അത് മനസിലായി. മനുഷ്യരുടെ ഭാവിക്കയാണ് വനവും പ്രകൃതിയും. ജനങ്ങളുടെ പ്രശ്‌നം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പഠിച്ചിട്ടില്ലെന്നും പഠിപ്പിച്ചിട്ടുമില്ലെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനുള്ള സഹിഷ്ണുത ഉദ്യോഗസ്ഥര്‍ക്കുണ്ടാവണം. ജന വിരുദ്ധ വകുപ്പില്‍ നിന്നും ജന സൗഹൃദ വകുപ്പാക്കി മാറ്റുക എന്ന നടപടിയാണ് താന്‍ ചെയ്തത്.അത് പൂര്‍ണ്ണമായിട്ടില്ല. ഒരു പരിധി വരെ അത് ചെയ്യാന്‍ കഴിഞ്ഞുവെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

വിശദീകരണവുമായി അന്‍വര്‍ 

അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തി. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പിവി അന്‍വര്‍ എംഎല്‍എ വിശദീകരണം നല്‍കിയത്. പരിപാടി നടക്കുന്നതിനിടയില്‍ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന എംഎല്‍എ ബോര്‍ഡ് വെച്ച വാഹനം ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ മൂന്നു തവണ മാറ്റിയീടിച്ചെന്നും വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചില്ലെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.

ഫേയ്‌സ്ബുക്ക് പോസ്റ്റ്;

പി.വി.അന്‍വര്‍ പാവപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിച്ചത്രേ.!

സ്ഥലം എം.എല്‍.എ എന്ന നിലയില്‍ വനം വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി യോഗം നടക്കുന്ന സ്ഥലത്തെത്തുന്നു.

പ്രോട്ടോക്കോള്‍ പ്രകാരം,വകുപ്പ് മന്ത്രി പങ്കെടുക്കുന്ന യോഗത്തിന്റെ അധ്യക്ഷനാണ് സ്ഥലം എം.എല്‍.എ.

പരിപാടി നടക്കുന്നതിനിടയില്‍ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന 'എം.എല്‍.എ ബോര്‍ഡ്' വച്ച വാഹനം ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ വന്ന് മാറ്റി ഇടീച്ചത് മൂന്ന് തവണയാണ്.

വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാതെ,

പരിപാടിക്കെത്തുന്നിടത്തെല്ലാം എം.എല്‍.എ ഇനി 'വാഹനം തലയില്‍ ചുമന്നൊണ്ട് നടക്കണം' എന്നാണോ.

ആണെങ്കില്‍,അതൊന്നും അംഗീകരിച്ച് കൊടുക്കാന്‍ മനസ്സില്ല.ഉദ്യോഗസ്ഥ തന്‍പ്രമാണിത്തമൊക്കെ കൈയ്യില്‍ വച്ചാല്‍ മതി.

Tags:    

Similar News