ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; ബസ് സ്റ്റാന്‍ഡും പീഢകരുടെ താവളം; പത്തനംതിട്ടയില്‍ സംഭവിച്ചത് എന്ത്? വിദേശത്തേക്ക് മുങ്ങിയ ക്രൂരന്മാര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്; അച്ഛന്റെ ഫോണിലും ഡയറിയിലും നോട്ട് ബുക്കിലും എല്ലാം പേരുകള്‍; അതിജീവിത സത്യം പറയുമ്പോള്‍

Update: 2025-01-13 01:47 GMT

പത്തനംതിട്ട : പത്തനംതിട്ടയില്‍ കായികതാരമായ ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിവളപ്പില്‍ വച്ചും കൂട്ട ബലാത്സംഗത്തിനിരയായെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ രാത്രിയില്‍ നാലുപേര്‍ ചേര്‍ന്നാണ് ജനറല്‍ ആശുപത്രിയില്‍ വച്ച് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം ഏഴുപേര്‍ കൂടി പത്തനംതിട്ട പൊലിസിന്റെ പിടിയിലായി. കേസില്‍ എഫ്‌ഐആറുകളുടെ എണ്ണം 29 ആയി. ജില്ലയിലെ കൂടുതല്‍ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പന്തളം , മലയാലപ്പുഴ പോലീസ് സ്റ്റേഷനുകളില്‍ ഓരോ കേസുകള്‍ വീതം പുതുതായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ 28 പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളില്‍ ചിലര്‍ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുകയാണ്. ശാസ്ത്രീയ, സാഹചര്യ തെളിവുകളും ഡിജിറ്റല്‍ വിവരങ്ങളും ശേഖരിച്ച ശേഷമാകും അതിവേഗം കുറ്റപത്രം നല്‍കും. അഞ്ചുവര്‍ഷമായി നടന്ന പീഡനമായതിനാല്‍ പ്രതികളും പെണ്‍കുട്ടിയുമായി നടന്ന മൊബൈല്‍ ഫോണ്‍ സംഭാഷണത്തിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ മൊബൈല്‍ കമ്പനികളെ സമീപിക്കേണ്ടിവരും. പീഡിപ്പിച്ച നാല്‍പ്പതോളം പേരുടെ നമ്പരുകളാണ് പെണ്‍കുട്ടി അച്ഛന്റെ ഫോണില്‍ സേവ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഡയറിയിലും നോട്ടുബുക്കിലും മറ്റുള്ളവരുടെ പേരുകളുണ്ട്. അമ്മയുടെ ഫോണും പൊലീസ് കസ്റ്റഡിയിലാണ്. ഇതും വിശദമായി പരിശോധിക്കും.

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടുപോയി തോട്ടുപുറത്തെ പൂട്ടിയിട്ട കടയുടെ സമീപത്ത് കാറില്‍ വച്ച് രണ്ടുപേര്‍ പീഡിപ്പിച്ചതായും പെണ്‍കുട്ടി വെളിപ്പെടുത്തി. പീഡിപ്പിച്ചശേഷം ഇവര്‍ വീടിനരികില്‍ ഇറക്കിവിട്ടു. കഴിഞ്ഞവര്‍ഷം ജൂലായിലാണ് സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് പ്രതികളില്‍ പലരെയും പരിചയപ്പെട്ടത്. കുട്ടിയെ മറ്റ് പല സ്ഥലങ്ങളിലേക്കും വാഹനങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതേസമയം കേസ് അന്വേഷിക്കാന്‍ ഡി.ഐ.ജി അജിതാ ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ 25 അംഗസംഘത്തെ നിയോഗിച്ചു. പത്തനംതിട്ട പൊലീസ് ചീഫ് വി.ജി വിനോദ്കുമാര്‍, ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍, പത്തനംതിട്ട, ഇലവുംതിട്ട, റാന്നി, വനിതാ പൊലീസ് എസ്.എച്ച്.ഒമാര്‍ എന്നിവര്‍ സംഘത്തിലുണ്ടാകും. പ്രതികളില്‍ വിദേശത്ത് ഉള്ള ആള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം 64 പേരാണ് പീഡനകേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജില്ലക്കുള്ളിലുള്ള മുഴുവന്‍ പ്രതികളെയും രണ്ട് ദിവസത്തിനകം പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്. ഇതുവരെ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും 30 വയസിനു താഴെയുള്ളവരാണ്. പ്ലസ്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പല സ്ഥാപനങ്ങളിലും പഠിക്കുന്നവര്‍ ഇതിലുണ്ട്. ഓട്ടോഡ്രൈവര്‍മാരടക്കമുള്ളവരും കൂട്ടത്തിലുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവരില്‍ പലരും മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതിയാണ്.

18കാരിയായ വിദ്യാര്‍ഥി കഴിഞ്ഞ രണ്ടു വര്‍ഷമായി നേരിട്ട ലൈംഗികാതിക്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് വെളിപ്പെടുത്തിയത്. 13 വയസ്സുള്ളപ്പോള്‍ സഹപാഠിയായ സുബിന്‍ മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്ത് കുട്ടിയുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും കൈക്കലാക്കി. അച്ഛന്റെ ഫോണാണ് കുട്ടി ഉപയോഗിച്ചിരുന്നത്. ഇതിലൂടെയാണ് സുബിന്‍ സന്ദേശങ്ങളും മറ്റും അയച്ചതും. പെണ്‍കുട്ടിക്ക് 16 വയസ്സായപ്പോള്‍ ബൈക്കില്‍ കയറ്റി വീടിന് സമീപത്തെ അച്ചന്‍കോട്ടുമലയിലെത്തിച്ച് ആള്‍താമസമില്ലാത്ത ഭാഗത്ത് റബര്‍ തോട്ടത്തില്‍ വച്ച് ബലാത്സംഗം ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. മറ്റൊരു ദിവസം പുലര്‍ച്ചെ കുട്ടിയുടെ വീടിനടുത്ത് റോഡരികിലെ ഷെഡ്ഡില്‍ വച്ച് പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാര്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നു. ഇവര്‍ സംഘം ചേര്‍ന്ന് അച്ചന്‍കോട്ടുമലയിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയതായും മൊഴിയില്‍ പറയുന്നു. തുടര്‍ന്ന് സഹപാഠികളടക്കം പലരും ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നാലുപേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സ്വന്തം ജില്ലയാണ് പത്തനംതിട്ട. ഇവിടെയുള്ള പ്രധാന സര്‍ക്കാര്‍ ആശുപത്രിയില്‍ പീഡനം നടന്നുവെന്നാണ് വ്യക്തമാകുന്നത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ഏതായാലും സുരക്ഷാ വീഴ്ചകളിലേക്കാണ് ചര്‍ച്ചകള്‍ വിരല്‍ ചൂണ്ടുന്നത്.

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍നിന്നു കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ചശേഷം വീടിനടുത്ത് ഇറക്കിവിട്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ദീപുവും ഇയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് റാന്നിയില്‍ തോട്ടത്തില്‍ എത്തിച്ച് കാറിനുള്ളില്‍വെച്ച് പീഡിപ്പിച്ചെന്ന മൊഴിപ്രകാരമാണ് ആറുപേരെ ശനിയാഴ്ച അറസ്റ്റുചെയ്തത്. ജില്ലയുടെ പല പ്രദേശങ്ങളിലുമുള്ളവര്‍ പെണ്‍കുട്ടിയെ പിഡനത്തിനിരയാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലും ജില്ലക്ക് പുറത്തു തിരുവനന്തപുരത്തും എത്തിച്ചു പീഡിപ്പിച്ചെന്നാണ് മൊഴി. വാഹനത്തിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും പിടയിലായവരുടെ വീട്ടിലും പത്തനംതിട്ടയിലെ ചുട്ടിപ്പാറയിലുമെല്ലാം എത്തിച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ആളില്ലാത്ത ബസിലും പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഒരുദിവസംതന്നെ നാലുപേര്‍ മാറിമാറി ബലാത്സംഗം ചെയ്‌തെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ കാണിച്ചാണ് പലരും വിളിച്ചുവരുത്തി പീഡിപ്പിച്ചതെന്നാണ് സൂചന. സംഭവത്തില്‍ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പത്തനംതിട്ട എസ്പിയോട് വനിത കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി നിര്‍ദേശം നല്‍കി.

അതെസമയം അതിജീവിതയ്ക്ക് താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കണമെന്ന് ഡിഐജി അജിതാ ബീഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കുട്ടിയുടെ സംരക്ഷണത്തിന് ലെയിസണ്‍ ഓഫീസറായി വനിതാ എസ്‌ഐയെ നിയോഗിച്ചു. കുട്ടിക്ക് കൗണ്‍സിലിംങ് ഉള്‍പ്പടെ വിദഗ്ദ ചികിത്സ ആവശ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസവും ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്തനംതിട്ട ജനറല്‍ ആശുപത്രി

Tags:    

Similar News