പൊട്ടനാണ് പ്രാന്തന്‍; ഒന്നേ മുക്കാല്‍ വര്‍ഷം ഞാനിവിടെ ഉണ്ടാകും; എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല; ഇടതു നിയമസഭാ കക്ഷിയില്‍ പങ്കെടുക്കില്ല; റിയാസിനെ വളര്‍ത്താന്‍ മാത്രം പിണറായി; സിപിഎം ബന്ധം ഉപേക്ഷിച്ച് അന്‍വര്‍ പുറത്തേക്ക്; നിലമ്പൂരില്‍ ഞായറാഴ്ച പൊട്ടിത്തെറിക്കാന്‍ പൊതുസമ്മേളനം

ഇനിയുള്ള ഒന്നേ മുക്കാല്‍ വര്‍ഷം ഞാനുണ്ടെങ്കില്‍ ഞാന്‍ എംഎല്‍എയായി ഉണ്ടാകും

Update: 2024-09-26 13:01 GMT

മലപ്പുറം: പൊട്ടനാണ് പ്രാന്തന്‍... ഇനിയുള്ള ഒന്നേ മുക്കാല്‍ വര്‍ഷം ഞാനുണ്ടെങ്കില്‍ ഞാന്‍ എംഎല്‍എയായി ഉണ്ടാകും. ജനങ്ങളാണ് എന്നെ എംഎല്‍എയാക്കിയത്-എംഎല്‍എ സ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തോട് പിവി അന്‍വര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. മുസ്ലീം ലീഗും തന്നെ കൂട്ടില്ല. കോണ്‍ഗ്രസിലെ എംഎം ഹസന്‍ പ്രഖ്യാപിച്ചു അന്‍വറിനെ എടുക്കില്ലെന്ന്. അതുകൊണ്ട് തന്നെ താന്‍ നിലമ്പൂര്‍ സീറ്റ് രാജിവയ്ക്കുമെന്ന് കരുതി ആരും മോഹിക്കേണ്ട. കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയ സുന്ദരിയെ പോലെ ആരും നിലമ്പൂര്‍ സീറ്റ് മോഹിക്കേണ്ടെന്നും അന്‍വര്‍ പറഞ്ഞു വച്ചു. കിട്ടിയതൊന്നും താന്‍ വിടില്ല. എന്നാല്‍ ഇടതുപക്ഷത്തിന്റെ നിയമസഭാ കക്ഷി യോഗത്തില്‍ ഇനി പങ്കെടുക്കില്ലെന്നും പറഞ്ഞു. ഞായറാഴ്ച നിലമ്പൂരില്‍ പൊതു സമ്മേളനം വിളിക്കുമെന്നും പറഞ്ഞു.

ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ മുഖ്യമന്ത്രിയാവും പിണറായി വിജയനെന്ന് പി.വി. അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തെ നയിക്കുന്നത് ഉപജാപകസംഘമാണെന്നും അന്‍വര്‍ പറഞ്ഞു. 'പാര്‍ട്ടി ഇവിടെ നില്‍ക്കണം. ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് കാര്യമില്ല. ഒരു റിയാസിനെ ഉണ്ടാക്കാനല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. റിയാസിനേയും ബാക്കിയുള്ളവരേയും താങ്ങി നിര്‍ത്താനല്ല പാര്‍ട്ടി. അങ്ങനെ ആരെങ്കിലും ധരിക്കുകയും അതിനുവേണ്ടി പി.വി. അന്‍വറിന്റെ നെഞ്ചത്ത് കേറാന്‍ വരികയും വരണ്ട. ഒരു റിയാസ് മാത്രം മതിയോ?', അന്‍വര്‍ ചോദിച്ചു. അങ്ങനെ സിപിഎമ്മിനെ വെട്ടിലാക്കുകയാണ് അന്‍വര്‍.

കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലേയും എല്ലാ വലിയ നേതാക്കളും ഒറ്റക്കെട്ടാണ്. കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി അതാണ്. അതിപ്രമാദമായ ഒരുകേസും തെളിയില്ല. എന്താ തെളിയാത്തത്. ഇവരെല്ലാം ഒറ്റക്കെട്ടാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് ഒന്നിലും ഇടപെടാന്‍ കഴിയില്ല. എട്ടുകൊല്ലത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ ഏറ്റവും വലിയ സംഭാവന, പൊതുപ്രവര്‍ത്തകര്‍ക്ക് പൊതുവിഷയത്തില്‍ ഇടപെടുന്നതില്‍നിന്ന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടു എന്നതാണ്. പോലീസില്‍ മാത്രമല്ല. അത് സര്‍ക്കാരിന്റെ എട്ടുകൊല്ലത്തെ സംഭാവനയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയോട് പരിപൂര്‍ണമായും ബഹുമാനമുണ്ട്. മക്കളെ തള്ളിപ്പറയും. ഓന് കുറച്ച് മൂപ്പ് അധികമാണെന്ന് പറഞ്ഞാല്‍ സമ്മതിക്കാം. കള്ളനാക്കാന്‍ നോക്കിയാല്‍... പിന്നെ ഭീഷണിപ്പെടുത്തുകയാണ്. ഗവര്‍ണര്‍ അന്‍വറിനെപ്പറ്റി അന്വേഷിക്കാനല്ല കത്ത് നല്‍കിയത്. ഞാന്‍ പോകുമെന്ന് കരുതിയെങ്കില്‍ മുഖ്യമന്ത്രിക്ക് തെറ്റിപ്പോയി. ഉമ്മാക്കി കാണിക്കാന്‍ ആരും വരേണ്ട. ഞാന്‍ ഈ ഭൂമിയില്‍ ആരോടെങ്കിലും കീഴ്‌പ്പെടുന്നുണ്ടെങ്കില്‍ ദൈവത്തിനും പാവപ്പെട്ട മനുഷ്യര്‍ക്കും വേണ്ടിയായിരിക്കും. ശശിയെ കുറിച്ച് എന്താണ് മുഖ്യമന്ത്രി മനസിലാക്കാത്തത് ? ഒരാള്‍ക്കും അയാളെ കുറിച്ച് അഭിപ്രായമില്ല. മുഖ്യമന്ത്രിക്ക് മാത്രം എന്താണ് വേറൊരു അഭിപ്രായം. മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും ആഭ്യന്തര വകുപ്പ് വഹിക്കാന്‍ ഒരു അര്‍ഹതയുമില്ല.

സണ്‍ ഇന്‍ ലോ ആയിരിക്കും അജിത് കുമാറിനെ സംരക്ഷിക്കാന്‍ കാരണം. ഈ ഒരു മനുഷ്യനു വേണ്ടി പാര്‍ട്ടി സംവിധാനം തകര്‍ക്കരുത്. അതിനു പാര്‍ട്ടി സംവിധാനം കൂട്ടുനില്‍ക്കണമോ? റിയാസിനു വേണ്ടി അന്‍വറിന്റെ നെഞ്ചത്തോട്ട് വന്നാല്‍ നടക്കില്ല.'' അന്‍വര്‍ പറഞ്ഞു. അഡ്ജസ്റ്റ്‌മെന്റുകള്‍ പഞ്ചായത്ത് തലം വരെ എത്തിയിട്ടുണ്ട്. ഇനി ബ്രാഞ്ച് തലത്തിലേക്കേ എത്താനുള്ളൂ. ഞാന്‍ കാവല്‍ക്കാരനാണ്. പാര്‍ട്ടിയില്‍ കയറിയിട്ടില്ല. എന്റെ പണി സെക്യൂരിറ്റി പണിയാണ്. സെക്യൂരിറ്റി പണിയില്‍ നിന്നും പിരിച്ചുവിട്ടാല്‍ റോഡില്‍ ഇറങ്ങിനില്‍ക്കും. എഡിജിപി പൂരം കലക്കിയ വിവരം മുഖ്യമന്ത്രിക്ക് അറിയാമോ എന്ന ചോദ്യത്തിനു പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കാനായിരുന്നു അന്‍വറിന്റെ മറുപടി. ഒരു വ്യക്തിക്ക് വേണ്ടി ഈ പാര്‍ട്ടിയെ ബലി കൊടുക്കരുത്. ഒരു വ്യക്തി എന്ന് പറഞ്ഞത് മുഹമ്മദ് റിയാസിനെയാണെന്നും അന്‍വര്‍ ആവര്‍ത്തിച്ചു.

''സിപിഎം കേന്ദ്ര നേതൃത്വത്തോട് പരാതി പറയുമോ എന്ന ചോദ്യത്തിനു കേരളവും കേന്ദ്രവുമെല്ലാം ഒന്നല്ലേ എന്നും റിയാസ് മറുപടി പറഞ്ഞു. ആര്‍ക്കാണോ ബിജെപിക്ക് സീറ്റുണ്ടാക്കി കൊടുത്ത് അതിന്റെ സൗകര്യം പറ്റാന്‍ നോക്കുന്നത് ആ വ്യക്തിയാകും പൂരം കലക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. ആ വ്യക്തി ആരാണെന്ന് തനിക്കറിയില്ല. ബിജെപിയെ കുറ്റം പറയാനാകില്ല. ഫൈന്‍ പ്ലേയാണ് അവര്‍ കളിച്ചത്. അതിനു സൗകര്യമുണ്ടാക്കി കൊടുത്തത് ആരാണെന്ന് കണ്ടുപിടിക്കണം. കോടിയേരി സഖാവ് ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഈ മൈക്കുമായി എനിക്ക് ഇരിക്കേണ്ടി വരില്ലായിരുന്നു. കേരളം മുഴുവന്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു.

മുഖ്യമന്ത്രിക്കും കുടുംബത്തിനും അമേരിക്കയില്‍ പോകാന്‍ വേണ്ടി കോടിയേരിയുടെ സംസ്‌കാരം നേരത്തെ നടത്തിയെന്ന് വിഷമത്തോടെ ഒരു സഖാവ് പറഞ്ഞു. മുഖ്യമന്ത്രി എന്നെ വഞ്ചിച്ചു. കൊടുംചതിയാണ് നടത്തിയത്. എന്നെ കള്ളനാക്കി പേടിപ്പിക്കാന്‍ നോക്കി. തൃശൂരിലെ പ്രസംഗം നിങ്ങള്‍ കേട്ടില്ലേ. അന്‍വറിനെ പിടിച്ച് ഉള്ളിലാക്കുമെന്നാണ് പറഞ്ഞത്. പിടിക്കട്ടെ. പൊലീസിന്റെ പണി ഇപ്പോള്‍ അന്‍വറാണ് എടുക്കുന്നത്. മലപ്പുറത്തെ പാര്‍ട്ടി നേതാക്കള്‍ പച്ച സാധുക്കളാണ്. അത്ര അധികാരവും ശേഷിയുമേ അവര്‍ക്ക് കൊടുത്തിട്ടുള്ളൂ. അതുവച്ച് പരമാവധി അവര്‍ പാര്‍ട്ടിയെ ഉണ്ടാക്കാന്‍ നോക്കുകയാണ്. നിയമസഭയില്‍ കാര്യങ്ങള്‍ ഉന്നയിക്കുമോയെന്ന ചോദ്യത്തിനു നിയമസഭയില്‍ ഉണ്ടായിട്ടല്ലേ എന്നായിരുന്നു മറുപടി. ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുന്നുണ്ട്.'' അന്‍വര്‍ പറഞ്ഞു.

Tags:    

Similar News