രാഹുലിന്റെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിക്കാതെ; പരാതിക്കാരി മൊഴി നല്‍കാന്‍ വൈകി; ഒരു വര്‍ഷവും 9 മാസവും വൈകി പോലീസിനെ സമീപിച്ചതില്‍ വിശദീകരണം നല്‍കിയിട്ടില്ല; വിവാഹ ബന്ധം നിലനില്‍ക്കെ രാഹുലുമായി നിയമപരമായ മറ്റൊരു വിവാഹം എങ്ങനെ സാധ്യമാകും? മൂന്നാം ബലാത്സംഗ കേസിന്റെ നിയമ സാധുതയില്‍ ചോദ്യങ്ങളുമായി കോടതി; ജാമ്യ വിധിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

രാഹുലിന്റെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിക്കാതെ

Update: 2026-01-28 10:51 GMT

കോട്ടയം: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ച വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സോഷ്യല്‍ മീഡിയയിലൂടെ യാതൊരു ഭീഷണിയും പാടില്ലെന്നും കോടതി രാഹുലിനോട് പറഞ്ഞിട്ടുണ്ട്.

പ്രത്യേക അന്വേഷണ സംഘത്തിന് രാഹുലിനെ കൂടുതല്‍ കസ്റ്റഡിയില്‍ ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നുവെന്നാണ് കോടതി അറിയിച്ചത്. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റല്‍ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിന്റെ അടുത്ത ഘട്ടത്തിലാണെന്നും കോടതി ജാമ്യ ഉത്തരവില്‍ വ്യക്തമാക്കുന്നു. കേസിലെ അന്വേഷണം പ്രാരംഭഘട്ടത്തിലാണ്, രാഹുലിന്റെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്നും ഉത്തരവില്‍ പറയുന്നു.

പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നല്‍കാന്‍ വൈകി (ഒരു വര്‍ഷം, ഒന്‍പത് മാസം) എന്ന പ്രതിഭാഗത്തിന്റെ വാദവും പരിഗണിച്ച ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. പരാതിക്കാരി വിദേശത്ത് ആയതിനാല്‍ രാഹുല്‍ ജാമ്യത്തില്‍ ഇറങ്ങിയാല്‍ ഭീഷണിപ്പെടുത്തുമെന്ന വാദം നിലനില്‍ക്കില്ലെന്നും കേസില്‍ നേരിട്ടുള്ള മറ്റ് സാക്ഷികളില്ലെന്നും അതുകൊണ്ടുതന്നെ കസ്റ്റഡി ഇനി വേണ്ടെന്നാണ് കോടതി വിധിയില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

രാഹുല്‍ ഹാജരാക്കിയ ഓഡിയോ ഇരയുടെതാണെന്ന് ഉറപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ നേരത്തെ രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ജസ്റ്റിസ് അരുന്ധതി ദിലീപ് ആണ് ജാമ്യഹര്‍ജിയില്‍ ഉത്തരവിട്ടത്. അടച്ചിട്ട കോടതി മുറിയില്‍ രണ്ട് മണിക്കൂര്‍ വിശദമായ വാദം കേട്ടതിനുശേഷമായിരുന്നു വിധി. പ്രോസിക്യൂഷന് വേണ്ടി എം ജി ദേവിയായിരുന്നു ഹാജരായത്.

രാഹുലും യുവതിയുമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നതിന് ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പ്രതിഭാഗം ഹാജരാക്കുകയായിരുന്നു. അറസ്റ്റില്‍ നിയമപരമായ വീഴ്ച പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും രാഹുലിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലുണ്ട്.

രണ്ടാഴ്ചയില്‍ അധികമായി ജയിലില്‍ കഴിയുകയായിരുന്നു രാഹുല്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബഞ്ചാണ് ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുക. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


രാഹുലിനെതിരെ അതിജീവിതയുടെ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് സത്യവാങ്മൂലത്തില്‍ അതിജീവിത ഉന്നയിക്കുന്ന പ്രധാന വാദം.

Tags:    

Similar News