മന്ത്രി സ്ഥാനം പോയാലും എംഎല്‍എ സ്ഥാനം രാജി വയ്ക്കുന്ന പതിവും കീഴ് വഴക്കവുമില്ല; കുറ്റാരോപിതനായതിന്റെ പേരില്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് ജനപ്രാതിനിധ്യ നിയമത്തിലും ഇല്ല; നീലലോഹിതദാസന്‍ മുതല്‍ എല്‍ദോസ് കുന്നപ്പിള്ളി വരെ സൃഷ്ടിച്ച 'രക്ഷാകവചം'; സഖാക്കളും പട്ടികയില്‍; സിപിഎമ്മിന്റെ മുറവിളി ചീറ്റിപ്പോകുമോ ?

മന്ത്രി സ്ഥാനം പോയാലും എംഎല്‍എ സ്ഥാനം രാജി വയ്ക്കുന്ന പതിവും കീഴ് വഴക്കവുമില്ല

Update: 2025-11-28 10:30 GMT

തിരുവനന്തപുരം: സ്വര്‍ണ്ണക്കൊള്ളയില്‍ കുടുങ്ങി നിന്ന സിപിഎം രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണം വലിയ ആയുധമാക്കുകയാണ്. രാഹുലിന്റെ രാജി വയ്ക്കണമെന്ന് ഇതിനോടകം സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായമാണ് നിലനില്‍ക്കുന്നത്. നിയമത്തിന്റെ വഴി, അന്വേഷണം നടക്കട്ടെ എന്ന രീതിയിലുള്ള പതിവ് പല്ലവിക്കിടെ, അടൂര്‍ പ്രകാശ് മാത്രമാണ് ശക്തമായ രാഷ്ട്രീയ വാദം ഉയര്‍ത്തി ചെറുത്തുനില്‍ക്കുന്നത്.

അതേസമയം, ബിഎന്‍എസ് 64, 89, 115, 351 വകുപ്പുകളും ഐടി നിയമത്തിലെ 66സി അടക്കമുള്ള വകുപ്പുമാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ബിഎന്‍എസ് 64 പ്രകാരം ബലാത്സംഗത്തിന് കുറഞ്ഞതു പത്തുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം. വാറന്റ് കൂടാതെ പൊലീസിനു പ്രതിയെ അറസ്റ്റ് ചെയ്യാനും കഴിയും. സ്ത്രീയുടെ അനുമതിയില്ലാതെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് എതിരെയുളളതാണ് ബിഎന്‍എസ് 89-ാം വകുപ്പ്. ഇതിനും 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെയാണ് തടവുശിക്ഷ.

എന്നാല്‍ ആരോപണം നേരിടുന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ മാത്രമല്ല. രാഹുലിനെ കൂടാതെ മൂന്ന് സിറ്റി ഗ് എംഎല്‍എമാരും പീഡന ആരോപണങ്ങള്‍ നേരിടുന്നുണ്ട്. അങ്ങനെ നാല് എംഎല്‍എമാരാണ് ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടുന്ന കൂട്ടത്തിലുള്ളത്. അതില്‍ മൂന്നും കോണ്‍ഗ്രസ് എംഎല്‍മാരാണെന്നതാണ് വസ്തുത. എം വിന്‍സെന്റ്, എല്‍ദോസ് കുന്നപ്പള്ളി, രാഹുല്‍ മാങ്കൂട്ടത്തില്‍ ഇവരാണ് പീഡന ആരോപണത്തില്‍ കുരുങ്ങിയ എംഎല്‍എമാരെങ്കില്‍ സിപിഎമ്മില്‍ എം മുകേഷാണ് കേസില്‍ കുടുങ്ങിയിരിക്കുന്നത്. സിപിഎമ്മിന്റെ എം മുകേഷിനെതിരെ രണ്ട് കേസുകളില്‍ കുറ്റപത്രം ഉള്ളപ്പോള്‍, കോണ്‍ഗ്രസ് എംഎല്‍എമാരായ എം വിന്‍സെന്റും എല്‍ദോസ് കുന്നപ്പള്ളിയും ബലാല്‍സംഗ കേസുകളില്‍ വിചാരണ നേരിടുകയാണ്.

സിറ്റിംഗ് എംഎല്‍എമാര്‍ക്ക് എതിരായ കേസുകള്‍

കോവളം എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എം വിന്‍സെന്റിനെതിരെ ബലാല്‍സംഗ കേസില്‍ കുറ്റപത്രം കോടതിയിലുണ്ട്. അയല്‍വാസിയായ 51 കാരി വിന്‍സെന്റിനെതിരെ ബലാല്‍സംഗ കേസ് നല്‍കുന്നത് 2017 ജൂലൈയിലാണ്. അറസ്റ്റിലായ വിന്‍സെന്റ് പിന്നീട് ജാമ്യത്തില്‍ ഇറങ്ങി. കേസില്‍ ആ വര്‍ഷം അവസാനം തന്നെ നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

കൊല്ലം എംഎല്‍എയും സിപിഎം നേതാവും ചലച്ചിത്ര താരവുമായ എം മുകേഷിനെതിരെ രണ്ട് ലൈംഗിക പീഡന കേസുകളില്‍ കുറ്റപത്രം കോടതികളിലുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത പീഡന കേസുകളില്‍ ഈ വര്‍ഷമാണ് കുറ്റപത്രം നല്‍കിയത്. മുകേഷ് ചലച്ചിത്ര താരമായിരിക്കുമ്പോള്‍ ചലച്ചിത്ര മേഖലയിലെ ചില സ്ത്രീകളെ ബലാല്‍സംഗം ചെയ്തെന്നായിരുന്നു ആരോപണം. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

പെരുമ്പാവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പള്ളിക്കെതിരെയും ബലാല്‍സംഗ കേസില്‍ കുറ്റപത്രം നിലവിലുണ്ട്. 2022 ല്‍ എല്‍ദോസ് പല തവണ പീഡിപ്പിച്ചെന്നും വധിക്കാന്‍ ശ്രമിച്ചെന്നും കാട്ടി തിരുവനന്തപുരം സ്വദേശിയായ അദ്ധ്യാപിക നല്‍കിയ കേസിലാണ് കുറ്റപത്രം.

രാജി വേണ്ടെന്ന കാര്യത്തില്‍ ഒറ്റക്കെട്ട്

മുമ്പും പല ജനപ്രതിനിധികളും പീഡനക്കേസുകളില്‍ പ്രതികളായിട്ടുണ്ട്. അന്നൊന്നും അവരാരും എംഎല്‍എ സ്ഥാനം രാജിവെച്ച കീഴ് വഴക്കമോ പാരമ്പര്യമോ കേരള നിയമസഭയില്‍ ഉണ്ടായിട്ടില്ല. ധാര്‍മികതയുടെ പേരില്‍ ശക്തമായ രാജി ആവശ്യമുയരുമ്പോഴും, ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ സഹായകമാകുന്നത്. ക്രിമിനല്‍ കേസുകളില്‍ കുറ്റാരോപിതരാകുന്നവര്‍ സ്ഥാനമൊഴിയേണ്ടതില്ലെന്ന പൊതുധാരണയില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്.

നിയമത്തില്‍ പറയുന്നത്

ജനപ്രാതിനിധ്യ നിയമപ്രകാരം, ഒരു എംപിയെയോ എംഎല്‍എയെയോ ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷമോ അതിലധികമോ തടവിന് ശിക്ഷിച്ചാല്‍ മാത്രമേ സ്ഥാനം നഷ്ടമാവുകയുള്ളൂ. എന്നാല്‍, കേവലം കുറ്റാരോപിതനായി എന്നതിന്റെ പേരില്‍ മാത്രം എംഎല്‍എ സ്ഥാനമോ എംപി സ്ഥാനമോ രാജിവയ്ക്കണമെന്ന് നിയമത്തില്‍ ഒരിടത്തും പറയുന്നില്ല.

കേരള നിയമസഭയിലെ കീഴ്വഴക്കങ്ങള്‍

ആരോപണങ്ങളെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും എംഎല്‍എ സ്ഥാനത്ത് തുടര്‍ന്ന നിരവധി ഉദാഹരണങ്ങള്‍ കേരളത്തിലുണ്ട്.

1996-2001 കാലഘട്ടത്തില്‍ മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനത്ത് നിന്ന് പുറത്തായി. എന്നാല്‍ അദ്ദേഹം എംഎല്‍എ സ്ഥാനത്ത് തുടര്‍ന്നു.

ഐസ്‌ക്രീം പാര്‍ലര്‍ക്കേസില്‍ ആരോപണമുയര്‍ന്ന മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും എംഎല്‍എയായി തുടര്‍ന്നു.വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ 2006-ല്‍ പി.ജെ. ജോസഫ് മന്ത്രിസ്ഥാനം രാജിവെച്ചു. എങ്കിലും എംഎല്‍എ സ്ഥാനം നിലനിര്‍ത്തി.

ഗാര്‍ഹിക പീഡന പരാതിയുടെ പേരില്‍ കെ.ബി. ഗണേഷ് കുമാര്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചെങ്കിലും എംഎല്‍എയായി തുടര്‍ന്നു. മുന്‍മന്ത്രിയും എംഎല്‍എയുമായിരുന്ന ജോസ് തെറ്റയിലിനെതിരെ പീഡനപരാതി ഉയരുകയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്‌തെങ്കിലും അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവെച്ചില്ല.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന്‍ ലൈംഗികാരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും എംഎല്‍എയായി തുടര്‍ന്നു. ഇതേ കാലയളവില്‍, ഷൊര്‍ണ്ണൂര്‍ എംഎല്‍എയും സി.പി.എം. നേതാവുമായിരുന്ന പി.കെ. ശശിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പീഡനപരാതി ഉയര്‍ന്നപ്പോള്‍, പാര്‍ട്ടി അന്വേഷണക്കമ്മീഷന്‍ അദ്ദേഹത്തെ സംരക്ഷിക്കുകയും എംഎല്‍എ സ്ഥാനത്ത് തുടരുകയും ചെയ്തു.

പീഡനക്കേസുകളില്‍ പ്രതികളായി ജയിലില്‍ കഴിഞ്ഞ എംഎല്‍എമാര്‍ പോലും സ്ഥാനം രാജിവെച്ചില്ല എന്നതും ശ്രദ്ധേയമാണ്. 2017-ല്‍ വിഴിഞ്ഞം എംഎല്‍എയായ കോണ്‍ഗ്രസ് നേതാവ് എം. വിന്‍സന്റ് പീഡനക്കേസില്‍ പ്രതിയായി ജയിലില്‍ കിടന്നു. 2022-ല്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി പീഡനക്കേസില്‍ പ്രതിയായിട്ടും എംഎല്‍എ സ്ഥാനത്ത് തുടരുകയാണ്.

നിയമപരമായി ശിക്ഷിക്കപ്പെടാത്ത കാലത്തോളം സ്ഥാനങ്ങള്‍ രാജിവെക്കേണ്ടതില്ല എന്ന നിലപാടില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍, ലൈംഗിക അതിക്രമക്കേസില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അവരുടെ ജനപ്രതിനിധി പദവി തത്കാലം സുരക്ഷിതമായിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

പീഡന കേസുകള്‍ കൂടാതെ, മറ്റ് ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് അറസ്റ്റിലായ എം.എല്‍.എമാരുടെ പട്ടിക ഇതാ:

എം.എല്‍.എ. (അറസ്റ്റ് ചെയ്ത വര്‍ഷം)  പാര്‍ട്ടി,  കുറ്റം/കേസ്

എം.വി. രാജഗോപാലന്‍ നായര്‍ (1980)

സി.പി.എം.

ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.

ശോഭന ജോര്‍ജ് (2002)

കോണ്‍ഗ്രസ്

ടൂറിസം മന്ത്രിയായിരുന്ന കെ.വി. തോമസിന് ഹവാലാ റാക്കറ്റുമായി ബന്ധമുണ്ടെന്ന് കാട്ടുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യാജമായി നിര്‍മ്മിച്ച കേസില്‍ അറസ്റ്റ്.

ടി.വി. രാജേഷ് (2012)

സി.പി.എം.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു.

വി.കെ. ഇബ്രാഹിം കുഞ്ഞ് (2020)

മുസ്ലിം ലീഗ്

പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അറസ്റ്റ് ചെയ്തു.

എം.സി. കമറുദ്ദീന്‍ (2020)

മുസ്ലിം ലീഗ്

ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് 100-ല്‍ അധികം പേരെ പറ്റിച്ച കേസില്‍ അറസ്റ്റ്.

മാത്യു കുഴല്‍നാടന്‍ (2024)

കോണ്‍ഗ്രസ്

കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു.

മന്ത്രിസ്ഥാനം തെറിച്ചവര്‍, എം.എല്‍.എ. സ്ഥാനത്ത് തുടരുന്നവര്‍

പല നേതാക്കള്‍ക്കും ആരോപണങ്ങളെ തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടമായെങ്കിലും എം.എല്‍.എ. സ്ഥാനത്ത് തുടരുന്ന കീഴ്വഴക്കവും കേരളത്തിനുണ്ട്. ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട പി.ടി. ചാക്കോ (കോണ്‍ഗ്രസ്), എ.കെ. ശശീന്ദ്രന്‍, നീലലോഹിതദാസന്‍ നായര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരൊന്നും എം.എല്‍.എ. സ്ഥാനം രാജിവച്ചില്ല. കൂടാതെ, പാര്‍ട്ടിക്കുള്ളില്‍ പീഡന പരാതി ഉയര്‍ന്ന സി.പി.എം. നേതാവ് പി.കെ. ശശിയും എം.എല്‍.എ. സ്ഥാനത്ത് തുടര്‍ന്നു.

Tags:    

Similar News