കള്ളം പൊളിഞ്ഞു, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതി നവംബര്‍ 28ന്! മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ കോപ്പി സണ്ണി ജോസഫിനും വി.ഡി. സതീശനും കിട്ടി; ഒളിച്ചുകളിച്ച കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ പ്രതിരോധത്തില്‍; ശബരിമല കൊള്ള ഉന്നയിച്ച് ചെറുത്ത് ഷാഫി പറമ്പില്‍; തനിക്കെതിരായ പരാതി പച്ചക്കള്ളമെന്നും ഗൂഢാലോചനയെന്നും രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍
കള്ളം പൊളിഞ്ഞു, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതി നവംബര്‍ 28ന്!
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യ പരാതി ലഭിച്ചതിനെക്കുറിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ് നടത്തിയ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. രാഹുലിനെതിരായ ആദ്യ രേഖാമൂലമുള്ള പരാതി നവംബര്‍ 28-ന് തന്നെ ലഭിച്ചിരുന്നു. ഈ വിവരം കോണ്‍ഗ്രസ് നേതൃത്വം മറച്ചുവെച്ചുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ഏറ്റവും പുതിയ വിമര്‍ശനം.
'രാഹുലിനെതിരെ കെപിസിസിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും, ബെംഗളൂരു സ്വദേശിനി നല്‍കിയ പരാതിയാണ് ആദ്യമായി ലഭിച്ചതെന്നും' ആയിരുന്നു സണ്ണി ജോസഫിന്റെ മുന്‍ നിലപാട്. എന്നാല്‍, ഈ വാദങ്ങളെല്ലാം പൊളിച്ചുകൊണ്ടാണ് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവരുന്നത്.
അതിജീവിത രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് നവംബര്‍ 28-ന് ഉച്ച കഴിഞ്ഞാണ്. മുഖ്യമന്ത്രിക്ക് അയച്ച പരാതിയുടെ അതേ ഇ-മെയില്‍ സണ്ണി ജോസഫിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോപ്പി (CC) വെച്ചിരുന്നു. രാഹുല്‍ ഗാന്ധിക്കും ഈ പരാതിയുടെ പകര്‍പ്പ് മെയില്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഇതോടെ, സംഭവം പുറത്തുവന്നതിന് ശേഷം ദിവസങ്ങളോളം പരാതി ലഭിച്ച വിവരം കോണ്‍ഗ്രസ് നേതൃത്വം മറച്ചുവെച്ചുവെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനിടെ ഇന്ന് (ഡിസംബര്‍ 2) ഉച്ചയോടെ രാഹുലിനെതിരെ മറ്റൊരു യുവതിയും സണ്ണി ജോസഫ് അടക്കമുള്ളവര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കി. ഈ പരാതിയുടെ പകര്‍പ്പ് സണ്ണി ജോസഫിന് പുറമെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും നല്‍കിയിട്ടുണ്ട്.
വിവാഹ വാഗ്ദാനം നല്‍കി ഹോം സ്റ്റേയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചതായി യുവതി ആരോപിക്കുന്നു. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും, ഭയം കാരണമാണ് പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതികള്‍ ലഭിച്ച വിവരം മറച്ചുവെച്ച കോണ്‍ഗ്രസ് നേതൃത്വം, ഒളിവില്‍ കഴിയുന്ന എം.എല്‍.എ.യെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഇതോടെ കൂടുതല്‍ ശക്തമാവുകയാണ്.
ശബരിമല കൊളളയില്‍ സിപിഎം എന്തുനടപടി എടുത്തെന്ന് ഷാഫി പറമ്പില്‍?
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ ബലാത്സംഗ പരാതി ലഭിച്ച ഉടന്‍ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ എംപി. രാഹുലിനെതിരായ പുതിയ പരാതിയില്‍ കെപിസിസി ഒരു നിലപാട് എടുത്തിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടത്തുന്നത് കോണ്‍ഗ്രസ് അല്ല. വന്ന പരാതി ഉടന്‍ പോലീസിന് കൈമാറിയിട്ടുണ്ട്. സിപിഎം കൈകാര്യം ചെയ്യുന്ന പോലെ അല്ല നിയമപരമായി തന്നെ കാര്യങ്ങള്‍ നടക്കട്ടെയെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു.
ശബരിമല കൊള്ളയില്‍ ജയിലില്‍ കിടക്കുന്ന നേതാക്കള്‍ക്ക് എതിരെ സിപിഎം എന്ത് നടപടി എടുത്തു? ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും സിപിഐഎം നല്‍കിയില്ല. സ്വര്‍ണക്കൊള്ള നടത്തിയവരെ സമരങ്ങളില്‍ ജയിലില്‍ കിടന്ന കമ്മ്യൂണിസ്റ്റുകളുമായാണ് ഉപമിക്കുന്നത്. അയ്യന്റെ മുതല്‍ കാക്കാന്‍ ഉള്ളതാണ്. കക്കാന്‍ ഉള്ളതല്ല. ഈ നാട്ടിലെ ജനങ്ങള്‍ സര്‍ക്കാരിനെ പഠിപ്പിക്കുന്ന തിരഞ്ഞെടുപ്പ് ആക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റണമെന്നും ഷാഫി പറമ്പില്‍.
ശബരിമലയിലെ സ്വര്‍ണം എടുത്ത് നമ്മള്‍ ഓഫീസിന്റെ മതില്‍ കെട്ടാറില്ല. അവിടെ കേറി കക്കാന്‍ മടിക്കാത്തവര്‍ എന്തും ചെയ്യും. പിഎം ശ്രീയില്‍ നമ്മള്‍ കണ്ടതാണ് കേരളത്തില്‍ സിപിഐഎം-ബിജെപി ബാന്ധവം. എസ്‌ഐആറുമായി രാജ്യം ഭരിക്കുന്നവരും ഇറങ്ങിയിട്ടുണ്ട്. ജനങ്ങളെ രാജ്യത്ത് നിന്നും തുടച്ചു നീക്കാനുള്ള അജണ്ടയുടെ ഭാഗമാണ് അതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
പരാതി പച്ചക്കളളമെന്നും ഗൂഢാലോചനയെന്നും ഫെന്നി നൈനാന്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സംഗ പരാതിയില്‍ പ്രതികരണവുമായി സുഹൃത്ത് ഫെന്നി നൈനാന്‍. പരാതി പച്ചക്കള്ളമാണെന്നും പിന്നില്‍ ഗൂഢാലോചനയെന്നും ഫെന്നി വ്യക്തമാക്കി. പരാതി പറഞ്ഞ വ്യക്തിയെ അറിയില്ല. ഇങ്ങനെ ഒരാളെ ജീവിതത്തില്‍ കണ്ടിട്ടുമില്ല അറിയുകയുമില്ല. ഡിജിപിക്ക് പരാതി നല്‍കി കഴിഞ്ഞു. ഉടന്‍ നിയമ നടപടിയും സ്വീകരിക്കും. പ്രചരണം നിര്‍ത്തി എന്നത് വ്യാജ പ്രചരണമാണ്. ഇപ്പോഴും എപ്പോഴും വീടുകയറി വോട്ട് തേടുകയാണെന്നും ഫെന്നി മാധ്യമങ്ങളോട് വ്യക്തമാക്കി. അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഫെന്നി നൈനാന്‍.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇനിയും ഇത്തരം ആരോപണങ്ങള്‍ വരുമെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ ഇത്രയും ക്രൂരമായ രീതിയില്‍ അതുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഫെനി നൈനാന്‍ പറഞ്ഞു. 'പരാതിക്കാരിയെ അറിയില്ല. പക്ഷേ, ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് എനിക്ക് പരിപൂര്‍ണമായ ബോധ്യമുണ്ട്. പരാതിയില്‍ എഴുതിപിടിപ്പിച്ചിരിക്കുന്നതെല്ലാം പച്ചക്കള്ളമാണ്.' ഫെനി പറഞ്ഞു.
'എന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് ആരോപണം വന്നിരിക്കുന്നത്. ഞാന്‍ മനസുകൊണ്ടുപോലും അറിയാത്ത ആരോപണമാണ് ഇപ്പോള്‍ എനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇതിനുമുമ്പും പലവിധമായ ആരോപണങ്ങള്‍ എന്റെ പേരില്‍ എഴുതി മാധ്യമങ്ങളിലൂടെയും മറ്റും അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ക്ക് ശേഷം ഒരു പരാതിയിലെങ്കിലും ഒരു തെളിവെങ്കിലും പുറത്തുവിടാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ?' ഫെനി ചോദിച്ചു. ആരോപണവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി അയച്ചിട്ടുണ്ടെന്നും പരാതി നല്‍കിയ വ്യക്തിക്കും വാര്‍ത്തയ്ക്കുമെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഫെനി വ്യക്തമാക്കി.
'തെരഞ്ഞെടുപ്പ് സമയത്ത് വ്യക്തിപരമായി ആക്രമിക്കുന്ന രീതി കഴിഞ്ഞ കാലത്തും ഇത്തരം ആളുകളില്‍നിന്നും ഉണ്ടായിട്ടുണ്ട്. ഇത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്. ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായാണ് ഈ തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ഇത്തരം ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനൊരു സംഭവം നടന്നിട്ടില്ല. മനസാക്ഷി ഒരു തരിമ്പെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ആ സ്ത്രീ അത്തരത്തില്‍ ഒരു പരാതി എഴുതില്ലായിരുന്നു.' ഫെനി പറഞ്ഞു.
'എന്തടിസ്ഥാനത്തിലാണ് അവര്‍ ഇത്തരം പച്ചക്കള്ളങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. നാളെ രാഹുലിന്റെ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കുകയാണ്. ഹര്‍ജി തള്ളിക്കുവാന്‍കൂടി വേണ്ടിയാണോ ഇപ്പോള്‍ ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നതെന്നും സംശയമുണ്ട്.' ഫെനി പറഞ്ഞു.
