ഹോളി ആഘോഷ കഞ്ചാവ് വില്‍പ്പനയ്ക്ക് 'വാട്‌സാപ്പ് ഗ്രൂപ്പ്'; 'പെരിയാറിലെ' ഗ്രൂപ്പിലേക്ക് നുഴഞ്ഞു കയറി സ്‌പെഷ്യല്‍ ബ്രാഞ്ച്; 'ജി 11' മുറിയില്‍ കഞ്ചാവ് വന്നെന്ന് അറിഞ്ഞ് ഹോസ്റ്റല്‍ മതില്‍ ചാടിക്കടന്ന് മുകള്‍ നിലയിലേക്ക് നുഴഞ്ഞെത്തിയ ഡാന്‍സാഫ്; ഇതും സര്‍ജിക്കല്‍ സ്‌ട്രൈക്ക്! ആ കളമശ്ശേരി പ്രിന്‍സിപ്പളിന് കൈയ്യടിക്കാം
കൊച്ചി: ക്യാമ്പസുകളിലെ ലഹരി നിയന്ത്രിക്കാന്‍ വേണ്ടത് പ്രിന്‍സിപ്പല്‍ ഡോ. ഐജു തോമസിനെ പോലുള്ളവരുടെ നിശ്ചയദാര്‍ഡ്യമാണ്. കളമശ്ശേരി പോളിടെക്നിക് കോളേജില്‍ അതിരുവിട്ട ലഹരി ഉപയോഗം തടയാന്‍ മുന്‍കൈയ്യെടുത്തത് ഈ അധ്യാപകനാണ്. പോലീസിന് രേഖാമൂലം പരാതി നല്‍കി. 'ഹോളി നമുക്ക് പൊളിക്കണം...' കളമശ്ശേരി പോളിടെക്നിക് കോളേജില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ ഹോളി ആഘോഷിക്കാന്‍ തീരുമാനിച്ചത് അറിഞ്ഞായിരുന്നു ഇടപെടല്‍. 12ന് രേഖാമൂലം പ്രിന്‍സിപ്പല്‍ പരാതി നല്‍കി. അടുത്ത ദിവസം രാത്രി റെയ്ഡും നടന്നു. അല്ലാം അതീവ രഹസ്യമായി. അധ്യാപകരിലെ ഇടതു സംഘടനാ നേതാക്കള്‍ പോലും ഈ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' അറിഞ്ഞില്ല. അതീവ രഹസ്യമായി ഹോസ്റ്റലില്‍ കടന്ന പോലീസ്. സ്‌റ്റെയര്‍കേസിലൂടെ മുകളിലെ മുറിയിലെത്തി. വിവാദം ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് എല്ലാം വീഡിയോയില്‍ പകര്‍ത്തി. ഒപ്പം കായകുളത്തെ എല്‍എഎ പ്രതിഭാ ഹരി ഉയര്‍ത്തിയ വിവാദം മനസ്സിലുള്ളതിനാല്‍ എല്ലാവരുടേയും മെഡിക്കലും എടുത്തു. അങ്ങനെ പഴുതടച്ചായിരുന്നു പോലീസ് നീക്കം. ആരും ഓടിപ്പോയില്ലെന്ന് പോലീസ് പറയുന്നതും ഈ തെളിവുകളുടെ കരുത്തിലാണ്.
ഹോളി ആഘോഷത്തിന് ലഹരിയുടെ എത്തിക്കാന്‍ തീരുമാനിക്കുന്നതോടെയാണ് കഞ്ചാവിലേക്ക് പോളിടെക്നിക്കിലെ പെരിയാര്‍ ഹോസ്റ്റലുകാര്‍ എത്തുന്നത്. ഇത് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിറഞ്ഞു. പണവും വിശാദാംശങ്ങളുമെല്ലാം. ഇത് ചില കുട്ടികളില്‍ നിന്നും കോളേജ് അധികൃതര്‍ തിരിച്ചറിഞ്ഞു. ഇത്തരം ആഘോഷങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് പതിവായതിനാല്‍ കോളേജ് അധികൃതര്‍ അനുമതി നല്‍കാറില്ല. ഇവിടേയും വിദ്യാര്‍ത്ഥികള്‍ സ്വയം തീരുമാനിച്ചു. ഇത് പോലീസിനെ യഥാസമയം അറിയിച്ചിടത്താണ് പ്രിന്‍സിപ്പല്‍ മാതൃകയാകുന്നത്. പല കോളേജുകളിലേയും അധ്യാപക സംഘടനകള്‍ ഇതിനെ എല്ലാം തകര്‍ക്കും. രാഷ്ട്രീയം കാരണമാണ് ഇത്. അതുകൊണ്ട് തന്നെ കളമശ്ശേരിയില്‍ എല്ലാം അതീവ രഹസ്യമായിരുന്നു. പോളിടെക്നിക് പരിസരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് സൂചനയുള്ളതിനാല്‍ എല്ലാം വിശദമായി തന്നെ പ്രിന്‍സിപ്പല്‍ മനസ്സിലാക്കി. ഹോളി ആഘോഷമുണ്ടെന്നറിഞ്ഞതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ടീം 'അലര്‍ട്ട്' ആക്കിയതും പ്രിന്‍സിപ്പല്‍ ആണ്.
ഹോളി ദിവസം ലഹരിമരുന്ന് ഉപയോഗമുണ്ടാവുമെന്ന് കൊച്ചി ഡി.സി.പിക്ക് പ്രിന്‍സിപ്പല്‍ നല്‍കിയ കത്ത് പുറത്തുവന്നിട്ടുണ്ട്. കാംപസിന് അകത്തും പുറത്തും നിരീക്ഷണം ശക്തമാക്കണമെന്ന് പ്രിന്‍സിപ്പല്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ബുധനാഴ്ചയാണ് പ്രിന്‍സിപ്പല്‍ ഡോ. ഐജു തോമസ് കത്തുനല്‍കിയത്. വെള്ളിയാഴ്ച ഉച്ചമുതല്‍ ഹോളി ആഘോഷിക്കുവാന്‍ കോളേജിലെ വിദ്യാര്‍ഥികള്‍ തീരുമാനിച്ചതായി കത്തില്‍ പറയുന്നു. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിപദാര്‍ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗമുണ്ടാകുമെന്ന് വിശ്വസനീയമായ ഉറവിടങ്ങളില്‍നിന്ന് വിവരമുണ്ട്. വിദ്യാര്‍ഥികള്‍ പണപ്പിരിവ് നടത്തുന്നുണ്ട്. അതിനാല്‍ കാംപസിനുള്ളില്‍ പോലീസ് സാന്നിധ്യമുണ്ടാവണം. നിരീക്ഷണം ശക്തമാക്കണം. കാംപസിന് പുറത്തും ഹോസ്റ്റല്‍ കേന്ദ്രീകരിച്ചും ലഹരി ഉപയോഗത്തിനെതിരെ ഇടപെടല്‍ നടത്തണമെന്നുമാണ് കത്തിലെ ഉള്ളടക്കം.
പോളിടെക്നിക്കിന്റെ 'പെരിയാര്‍' ഹോസ്റ്റലിലെ ചിലരുടെ നേതൃത്വത്തില്‍ 'കഞ്ചാവ് പിരിവ്' തുടങ്ങിയത് നിര്‍ണ്ണായകമായി. പിരിവ് എളുപ്പമാക്കാന്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി. കഞ്ചാവിന്റെ ചില്ലറ വില്‍പ്പനയ്ക്ക് വിലയിട്ടു. അഞ്ചുഗ്രാമിന്റെ പൊതിക്ക് 500 രൂപ. മുന്‍പും കഞ്ചാവ് വലിച്ചിട്ടുള്ളവര്‍ ഷെയര്‍ ഇടാന്‍ തുടങ്ങി. വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയപ്പോള്‍ തുടങ്ങിയതാണ് വിവര ചോര്‍ച്ച. ഈ ഗ്രൂപ്പിനെ സ്‌പെഷ്യല്‍ ബ്രാഞ്ച് അടക്കം നിരീക്ഷിച്ചു. പോലീസ് ആ ഗ്രൂപ്പിലേക്ക് നുഴഞ്ഞുകയറി ചാറ്റുകള്‍ ചോര്‍ത്താന്‍ തുടങ്ങിയപ്പോള്‍ തന്നെ വില്ലന്മാരെ തിരിച്ചറിഞഅഞു. എപ്പോള്‍ ഏതുമുറിയില്‍ കഞ്ചാവ് എത്തും എന്നുവരെ സന്ദേശങ്ങളില്‍ വ്യക്തം. കഞ്ചാവുപൊതി എവിടെനിന്ന് എങ്ങനെയെത്തുന്നു എന്ന വിവരത്തിനായി കാത്തു നിന്നു. 'ജി 11' മുറിയില്‍ കഞ്ചാവ് വന്നെന്നുള്ള വിവരം വ്യാഴാഴ്ച വാട്സാപ്പ് ഗ്രൂപ്പില്‍ വന്നു. ആ മുറിയിലെ താമസക്കാരനായ എം. ആകാശാണ് രണ്ടുകിലോയോളം വരുന്ന പൊതി സൂക്ഷിക്കുന്നതെന്നും ചില്ലറ വില്‍പ്പന നടത്തുന്നതെന്നും വ്യക്തമായി. ഇതിന് പിന്നിലുള്ളവരേയും മനസ്സിലാക്കി.
സ്‌പെഷ്യല്‍ ബ്രാഞ്ചും പോലീസിന്റെ ഡാന്‍സാഫ് സംഘവും ഓപ്പറേഷന്‍ തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനമായതിനാല്‍ മുന്‍കരുതലെടുക്കാതെ കാംപസില്‍ കയറിയാല്‍ വിവാദമാകുമെന്നുറപ്പുള്ള ഡാന്‍സാഫ് സംഘം പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പലിന്റെ രേഖാമൂലമുള്ള അനുമതി വാങ്ങി. രാത്രിയാണ് റെയ്ഡ് എന്നതിനാല്‍ ഭാവിയില്‍ മറ്റ് നിയമപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ റെയ്ഡിന്റെ മുഴുവന്‍ നടപടിക്രമങ്ങളും വീഡിയോയില്‍ ചിത്രീകരിച്ചു. പ്രിന്‍സിപ്പലിന്റെ രേഖാ മൂലമുള്ള പരാതി കാരണം നടപടികള്‍ എളുപ്പമാവുകയും ചെയ്തു. ഹോസ്റ്റലില്‍ കഞ്ചാവ് പിടിച്ചെടുത്തതില്‍ വിശദീകരണവുമായി പോളിടെക്‌നിക്ക് പ്രിന്‍സിപ്പല്‍ ഐജു തോമസ് രംഗത്തു വന്നു. പൊലീസും എക്‌സൈസും നിരന്തരമായി കോളജുമായി ബന്ധപ്പെട്ടിരുന്നു. ആഘോഷങ്ങളില്‍ ലഹരി സാന്നിധ്യം പ്രതീക്ഷിക്കാറുണ്ടായിരുന്നതിനാല്‍ ആഘോഷ ദിവസങ്ങളില്‍ പൊലീസ് സാന്നിധ്യം ഉണ്ടാകാറുണ്ട്. ഏതെങ്കിലും വിദ്യാര്‍ഥി സംഘടനകളെ കുറ്റപ്പെടുത്തുന്നില്ലെന്നും എല്ലാവരും ലഹരിക്കെതിരെ സഹകരിക്കാറുണ്ടെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
'ഹോസ്റ്റലില്‍ രണ്ട് ട്യൂട്ടേഴ്‌സുണ്ട്, അവര്‍ കുട്ടികളുടെ കാര്യത്തില്‍ കൃത്യമായി ഇടപെടുന്നുമുണ്ട്. പരിശോധന ഒറ്റപ്പെട്ട സംഭവമല്ല, നടക്കാനിരിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി നടത്തിയതാണ്. വിദ്യാര്‍ഥി സംഘടനകളും യൂണിയനുമൊക്കെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഒരു വിദ്യാര്‍ഥിയെ പിടിച്ചെന്നുകരുതി അതില്‍ സംഘടനകള്‍ക്കും യൂണിയനുമൊന്നും ബന്ധമില്ല.ആറ് മാസമായി ഇവിടെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കൊച്ചിയുടെ എല്ലാ പ്രശ്‌നങ്ങളും ഈ ക്യാംപസിനും ഉണ്ടാകുമല്ലോ. ലഹരിവസ്തുക്കളുടെ ലഭ്യതയെക്കുറിച്ചൊന്നും ധാരണയില്ല. ആഘോഷങ്ങള്‍ക്കെല്ലാം ലഹരിയുടെ സാന്നിധ്യത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് നമ്മള്‍ പൊലീസിനെ അറിയിക്കും. ഇത്തരം റെയിഡുകളെ വിദ്യാര്‍ഥി സംഘടനകളും യൂണിയനുമൊക്കെ അനുകൂലിക്കും. നിലവില്‍ ഒരു കുട്ടി അതില്‍ പെട്ടുപോയി. അതിനെ അങ്ങനെ കണ്ടാല്‍ മതി. വിദ്യാര്‍ഥി നേതാവെന്നൊന്നും കാണണ്ട. ഇതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടാണ് ഇങ്ങനെയൊരു ഓപ്പറേഷന്‍ നടത്തിയത്. നാളെ കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യാനുള്ള കഞ്ചാവ് ഇന്ന് തന്നെ പിടിച്ചെടുത്തില്ലേ. 9 മണിക്ക് റെയ്ഡ് ഉണ്ടെന്ന് വിളിച്ച് പറഞ്ഞിരുന്നു. ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്കും ഇതൊക്കെ പിടിച്ച് കഴിഞ്ഞിരുന്നു. അതുകൊണ്ട് അവിടെ എന്താണ് നടന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല.
റെയ്ഡ് ഉണ്ടാകുമെന്ന് നിരന്തരം പൊലീസ് അറിയിച്ചിരുന്നുവെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് കിലോയോളം കഞ്ചാവാണ് പോളിടെക്‌നിക്കിലെ ബോയ്‌സ് ഹോസ്റ്റലില്‍ നടന്ന പരിശോധയില്‍ പൊലീസ് പിടികൂടിയത്. എസ്എഫ്‌ഐ യൂണിയന്‍ ജനറല്‍ സെക്രട്ടറി കരുനാഗപ്പള്ളി സ്വദേശി അഭിരാജ്, മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ഹരിപ്പാട് സ്വദേശി ആദിത്യന്‍, കുളത്തൂപ്പുഴ സ്വദേശി ആകാശ് എന്നിവരെ പിടികൂടിയിരുന്നു. ഇതില്‍ അഭിരാജിനും ആദിത്യനും ജാമ്യം ലഭിച്ചിരുന്നു. രാത്രി മുതല്‍ ആരംഭിച്ച റെയ്ഡ് ഇന്ന് പുലര്‍ച്ചെ വരെയാണ് നീണ്ടുനിന്നത്. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളിത്തീന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്.