തദ്ദേശത്തില്‍ കുന്നത്തുനാടും മഴുവന്നൂരും പോയത് കണ്ണ് തുറപ്പിച്ചു; കിഴക്കമ്പലത്തും ഐക്കരനാട്ടിലും വോട്ട് വിഹിതം കുറഞ്ഞതോടെ അപകടം മണത്തു; ഇടത്-വലത് മുന്നണികളുടെ ഒത്തുകളിക്ക് മറുപടി; ട്വന്റി 20 എന്‍ഡിഎയില്‍ എത്തുമ്പോള്‍ അണിയറയില്‍ ചരടുവലിച്ച് അമിത് ഷാ; എറണാകുളത്ത് ഇനി ത്രികോണ പോര്; രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു!
ട്വന്റി 20 എന്‍ഡിഎയില്‍ എത്തുമ്പോള്‍ അണിയറയില്‍ ചരടുവലിച്ച് അമിത് ഷാ
കൊച്ചി: സംസ്ഥാനത്തെ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെ പാടെ മാറ്റിമറിച്ചുകൊണ്ടാണ് കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമാകുന്നത്. വികസന രാഷ്ട്രീയമെന്ന മുദ്രാവാക്യവുമായി എറണാകുളത്തെ പഞ്ചായത്തുകളില്‍ വേരോട്ടമുണ്ടാക്കിയ സാബു എം. ജേക്കബ്, ദേശീയ നേതൃത്വവുമായി നടത്തിയ ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണ്ണായക തീരുമാനമെടുത്തത്.
തിരുവനന്തപുരം നഗരസഭയിലെ ബിജെപിയുടെ വിജയമാഘോഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തിയപ്പോള്‍ സാബു ജേക്കബുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയാണ് ഈ സഖ്യത്തിന് അടിത്തറയിട്ടത്. തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ കൊച്ചിയില്‍ വെച്ച് സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുമ്പോള്‍ അദ്ദേഹത്തോടൊപ്പം സാബു ജേക്കബ് വേദി പങ്കിടുന്നത് കേരള രാഷ്ട്രീയത്തില്‍ പുതിയൊരു വിളംബരമാകും.
ട്വന്റി 20-യുടെ ഈ ചുവടുമാറ്റത്തിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ സാഹചര്യങ്ങളുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകള്‍ നഷ്ടപ്പെട്ടത് ട്വന്റി 20-ക്ക് വലിയ തിരിച്ചടിയായിരുന്നു. തങ്ങളെ തകര്‍ക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുന്നുവെന്ന സാബു ജേക്കബിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പ്രതിരോധമെന്ന നിലയില്‍ ബിജെപി പാളയത്തിലേക്കുള്ള ഈ കൂടുമാറ്റം. കിഴക്കമ്പലം, ഐക്കരനാട് തുടങ്ങിയ കോട്ടകളില്‍ വോട്ട് വിഹിതം കുറഞ്ഞതും രാഷ്ട്രീയമായ ഒരു സുരക്ഷാ കവചം ആവശ്യമാണെന്ന ചിന്ത പാര്‍ട്ടിക്കുള്ളില്‍ ശക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ വികസന നയങ്ങളോടുള്ള ആഭിമുഖ്യം പരസ്യമായി പ്രഖ്യാപിച്ച സാബു ജേക്കബ്, ഇടത്-വലത് മുന്നണികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ എന്‍ഡിഎ ഒരു കരുത്തുറ്റ പങ്കാളിയാകുമെന്ന് കണക്കുകൂട്ടുന്നു.
എന്‍ഡിഎയില്‍ ചേരാന്‍ കാരണം ഇതെന്ന് സാബു
ട്വന്റി ട്വന്റിയെ തുടച്ചുനീക്കാന്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ സംഘടിതനീക്കം നടന്ന സാഹചര്യത്തിലാണ് എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് സാബു ജേക്കബ് വ്യക്തമാക്കി. 'എല്‍ഡിഎഫും യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയും പിഡിപിയും എസ്.ഡി.പി.ഐയും ഉള്‍പ്പെടെ 25 പാര്‍ട്ടികള്‍ ഒന്നിച്ചാണ് ട്വന്റി ട്വന്റി മല്‍സരിച്ച വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.' ചരിത്രത്തിലാദ്യമായാണ് സിപിഎമ്മും കോണ്‍ഗ്രസും ഇത്രയധികം വാര്‍ഡുകളില്‍ സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നതെന്നും സാബു ജേക്കബ് ചൂണ്ടിക്കാട്ടി.
ട്വന്റി ട്വന്റി ഒറ്റയ്ക്കുനിന്നാല്‍ വികസിത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ പ്രയാസമാണെന്ന് തിരിച്ചറിഞ്ഞുകൂടിയാണ് എന്‍ഡിഎയില്‍ തീരുമാനിച്ചതെന്നും സാബു ജേക്കബ് പറഞ്ഞു. ട്വന്റി ട്വന്റിയുടെ നിലപാടുകളോടും ലക്ഷ്യങ്ങളോടും ചേര്‍ന്നുനില്‍ക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച മുന്നണി എന്‍ഡിഎ ആണ്. കേരളത്തില്‍ നിന്ന് യുവാക്കള്‍ കൊഴിഞ്ഞുപോകുന്നതും വ്യവസായങ്ങള്‍ കേരളം വിട്ടുപോകുന്നതുമായ സാഹചര്യം മാറ്റിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വളരെ ആലോചിച്ചാണ് എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും സാബു ജേക്കബ് വ്യക്തമാക്കി. താന്‍ രാഷ്ട്രീയക്കാരനല്ല, വ്യവസായിയാണ്. എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് നാടിനെ കട്ടുമുടിക്കുന്നത് കണ്ട് അതിന് മാറ്റം വരുത്തണം എന്നാഗ്രഹിച്ചാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്ത് സഖ്യം ചലനങ്ങളുണ്ടാക്കുമോ?
എറണാകുളം ജില്ലയിലെ രാഷ്ട്രീയ ചിത്രത്തില്‍ ഈ സഖ്യം വലിയ ചലനങ്ങളുണ്ടാക്കും. നിലവില്‍ ട്വന്റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലെ വോട്ട് ബാങ്ക് എന്‍ഡിഎയിലേക്ക് ചേരുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ മുന്‍തൂക്കം നല്‍കും. പ്രത്യേകിച്ച് ക്രൈസ്തവ വോട്ടുകള്‍ നിര്‍ണ്ണായകമായ മണ്ഡലങ്ങളില്‍ ട്വന്റി 20-യുടെ സാന്നിധ്യം വോട്ടുകള്‍ ഭിന്നിപ്പിക്കാനോ കേന്ദ്രീകരിക്കാനോ സഹായിക്കും. കൊച്ചി കോര്‍പ്പറേഷന്‍ അടക്കമുള്ള നഗരമേഖലകളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബിജെപിക്ക്, ട്വന്റി 20-യുടെ സംഘടനാ സംവിധാനവും സാമ്പത്തിക അടിത്തറയും വലിയ മുതല്‍ക്കൂട്ടാകും.
