താന്‍ നേരത്തെ വേദിയില്‍ എത്തിയത് പ്രവര്‍ത്തകരെ കാണാന്‍; അതില്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്‌നമുണ്ടെങ്കില്‍ ഡോക്ടറെ കാണട്ടെ; എത്ര വേണമെങ്കിലും ട്രോളിക്കോളൂ, ഈ ട്രെയിന്‍ വിട്ടുകഴിഞ്ഞു; മരുമകന് വേണമെങ്കിലും ഈ ട്രെയിനില്‍ കയറാം; വിഴിഞ്ഞം വിവാദത്തില്‍ മുഹമ്മദ് റിയാസിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍

താന്‍ നേരത്തെ വേദിയില്‍ എത്തിയത് പ്രവര്‍ത്തകരെ കാണാന്‍;

Update: 2025-05-03 07:21 GMT

ആലപ്പുഴ: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിലെ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പരിപാടിക്ക് ക്ഷണിച്ചതു മുതല്‍ തുടങ്ങിയ വിവാദം, ഇന്നലെ കൂടുതല്‍ വഷളായിരുന്നു. മന്ത്രിമാര്‍ വേദിയില്‍ കയറുന്നതിന് മുമ്പായി ബിജെപി അധ്യക്ഷന്‍ കയറിയ ഇരുന്നതും മുഹമ്മദ് റിയാസ് ഇതിനെ പരിഹസിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതോടെ രാജീവിനെതിരെ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഈ ട്രോളുകള്‍ക്കും വിവാദങ്ങള്‍ക്കും മറുപടിയുമായി ഇന്ന് രാജീവ് രംഗത്തെത്തി.

മുഹമ്മദ് റിയാസിനെ പരോഷമായി പരിഹസിച്ച് കൊണ്ടാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. താന്‍ നേരത്തെ വേദിയില്‍ എത്തിയത് പ്രവര്‍ത്തകരെ കാണാനാണ്. അതില്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്‌നമുണ്ടെങ്കില്‍ ഡോക്ടറെ കാണട്ടെ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പരിഹാസം. എത്ര വേണമെങ്കിലും ട്രോളിക്കോളൂ, ഈ ട്രെയിന്‍ വിട്ടുകഴിഞ്ഞു. മരുമകന് വേണമെങ്കില്‍ ഈ ട്രെയിനില്‍ കയറാമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ മാറ്റം വരുത്താന്‍ ബിജെപിക്കേ കഴിയൂ. ബിജെപിയെ അധികാരത്തില്‍ എത്തിച്ചിട്ടേ ഞാന്‍ ഇവിടെ നിന്ന് പോകൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിഴിഞ്ഞം ഇന്ത്യയ്ക്ക് വേണ്ടിയുള്ള പ്രോജക്റ്റാണ്. ചില രാജവംശത്തിലെ മരുമകന് ചില പ്രശ്‌നങ്ങളുണ്ട്. വേദിയില്‍ നേരത്തെ വന്നത് കാണുമ്പോള്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്‌നമായി. മരുമകന്‍ ഡോക്ടറെ കാണട്ടെ എന്നും രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു. സിപിഎമ്മുകാര്‍ മുഴുവന്‍ ട്രോളുകയാണ്.

വിഴിഞ്ഞം തുറമുഖം സാക്ഷാല്‍ക്കരിക്കാന്‍ കാരണം നരേന്ദ്രമോദിയാണ്. അവര്‍ക്ക് ഇനി എന്തുമാത്രം സങ്കടപ്പെടാന്‍ ഇരിക്കുന്നു. എന്നെ എത്ര വേണമെങ്കിലും ട്രോളിക്കോളൂ. ഈ ട്രെയിന്‍ വിട്ടു കഴിഞ്ഞു. ആര്‍ക്ക് വേണമെങ്കിലും ട്രെയിനില്‍ കയറാം . മരുമകന് വേണമെങ്കിലും ഈ ട്രെയിനില്‍ കയറാമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. താന്‍ നേരത്തെ വേദിയില്‍ എത്തിയതാണ് ചിലര്‍ക്ക് വിഷമം. പ്രവര്‍ത്തകര്‍ നേരത്തെ വരും. അവരെ കാണാനാണ് താന്‍ നേരത്തെ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമംയ രാജീവ് ചന്ദ്രശേഖര്‍ അല്‍പ്പത്തരം കാണിച്ചെന്ന് കുറ്റപ്പെടുത്തിയാണ് ദേശാഭിമാനി രംഗത്തുവന്നിരുന്നു. പിന്‍വാതിലിലൂടെയാണ് രാജീവ് ചന്ദ്രശേഖര്‍ ഇരിപ്പിടം തരപ്പെടുത്തിയതെന്ന് ദേശാഭിമാനി പരിഹിച്ചത്. മണിക്കൂറുകള്‍ക്ക് മുന്‍പേ വേദിയില്‍ വന്നിരുന്ന അദ്ദേഹം അവിടെയിരുന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് മുദ്രാവാക്യം വിളിച്ചുകൊടുത്തു. രാജീവ് ചന്ദ്രശേഖറിന്റെ അല്‍പ്പത്തരത്തിന് രാജ്യം സാക്ഷിയായെന്നും എഡിറ്റോറിയലില്‍ പരാമര്‍ശമുണ്ട്.

അതേസമയം വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ ഇടം കിട്ടാത്തതില്‍ മന്ത്രി മുഹമ്മദ് റിയാസ് ആത്മരോഷം പ്രകടിപ്പിക്കേണ്ടത് മോദിയോടോ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനോടോ അല്ലെ, സ്വന്തം അമ്മായി അപ്പനോടാണെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മരുമകനായതുകൊണ്ട് ഒരാള്‍ക്ക് വേദിയില്‍ ഇടം കിട്ടുമോയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. ബിജെപി അധ്യക്ഷന്‍ വിഴിഞ്ഞം ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തത് കേരള സര്‍ക്കാരിന്റെ ഔദാര്യത്തിലല്ലെന്നും തൃശൂരില്‍ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒരു ഔദാര്യത്തിലുമല്ല, മുന്‍ കേന്ദ്രമന്ത്രിയായിട്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. അദ്ദേഹത്തെ കേന്ദ്ര സര്‍ക്കാരാണ് ഉദ്ഘാടന ചടങ്ങില്‍ നിശ്ചയിച്ചത്. ഇവിടെ ഏത് ബിജെപി അധ്യക്ഷന്‍മാര്‍ വന്നാലും പരിഹസിച്ചും കളിയാക്കിയും അവരെ വായടിപ്പിക്കുകയെന്ന തന്ത്രമാണ് കുറച്ചുകാലമായി കേരളത്തില്‍ നടക്കുന്നത്. അതൊന്നും വകവെച്ച് കൊടുക്കാനാവില്ല. എസ്പിജിയുടെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രധാനമന്ത്രി എത്തുന്നതിന് ഏതാണ്ട് ഒരു മണിക്കൂര്‍ മുന്‍പ് സദസ്സിലും വേദിയിലും ഉള്ളവര്‍ എത്തേണ്ടതാണ്. അത്രമാത്രമേ രാജീവ് ചന്ദ്രശേഖരന്‍ ചെയ്തിട്ടുള്ളു.

അതിന് ശേഷം ബ്രിട്ടാസും വിന്‍സെന്റും റഹീമുമെല്ലാം വന്നു. എന്നാല്‍ അതൊന്നും വിമര്‍ശകര്‍ കണ്ടില്ലല്ലോ?. ജനാധിപത്യവിരുദ്ധമായ പ്രവൃത്തി ആര് ചെയ്താലും അതിനെ എതിര്‍ക്കും. രാജീവ് ചന്ദ്രശേഖര്‍ മുദ്രാവാക്യമല്ല ഭാരത് മാതാ കി ജയ് ആണ് വിളിച്ചത്. പിണറായി വിജയന്‍ ഒഴികെ എല്ലാവരും വിളിക്കുന്നതാണത്. മന്ത്രി വിഎന്‍ വാസവന്‍ എല്‍ഡിഎഫിന്റെ മുദ്രാവാക്യം വിളിച്ചപ്പോള്‍ ബിജെപി അധ്യക്ഷനെ വിമര്‍ശിച്ചവര്‍ എവിടെയായിരുന്നു'- സുരേന്ദ്രന്‍ ചോദിച്ചു.

Tags:    

Similar News