പ്രണയകാലത്ത് സമ്മതപ്രകാരമുള്ള ബന്ധം പിന്നീട് ബലാത്സംഗമാകുമോ? ബന്ധം ഉലയുമ്പോള്‍ ബലാത്സംഗമായി കണക്കാക്കാനാവില്ല; റാപ്പര്‍ വേടന് എതിരായ പീഡനക്കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി; സ്ഥിരം കുറ്റവാളി എന്ന് എങ്ങനെ പറയാന്‍ ആകുമെന്നും പരാതിക്കാരി സ്വന്തം കേസിന്റെ കാര്യം മാത്രം പറയണമെന്നും നിര്‍ദ്ദേശം

പ്രണയകാലത്ത് സമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമാകുമോ?

Update: 2025-08-19 13:08 GMT

കൊച്ചി: റാപ്പര്‍ വേടന് എതിരായ പീഡനക്കേസില്‍, സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി. പ്രണയകാലത്തെ ലൈംഗികബന്ധം പിന്നീട് ബലാത്സംഗക്കുറ്റമായി ആരോപിക്കാന്‍ കഴിയുമോ എന്നായിരുന്നു ചോദ്യം. കഴിഞ്ഞദിവസത്തെ വാദത്തിലടക്കം യുവഡോക്ടറുമായുള്ള ബന്ധം വേടന്‍ നിഷേധിച്ചിരുന്നില്ല. എന്നാല്‍, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു വേടന്റെ വാദം.

ബലാത്സംഗക്കേസില്‍ പ്രതി ചര്‍ക്കപ്പെട്ട റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ അറസ്റ്റ് ഹൈക്കോടതി ഇടക്കാലയളവിലേക്കാണ് തടഞ്ഞത്. പ്രണയബന്ധത്തിലെ ലൈംഗികബന്ധം പിന്നീട് ബലാത്സംഗമായി ആരോപിക്കാന്‍ കഴിയുമോ എന്ന സുപ്രധാനമായ ചോദ്യം കോടതി ഉന്നയിച്ചു. സമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമാകുമോ എന്ന് കോടതി ചോദിച്ചു. ബന്ധം ഉലയുമ്പോള്‍ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നടന്ന വാദത്തിനിടെ, പരാതിക്കാരിയായ യുവ ഡോക്ടര്‍ വേടനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. വിവാഹവാഗ്ദാനം നല്‍കിയാണ് തന്നെ പീഡിപ്പിച്ചതെന്നും, പിന്നീട് വേടന്‍ എല്ലാം ഉപേക്ഷിച്ചുപോയതോടെ മാനസികനില തകരാറിലായി ചികിത്സ തേടേണ്ടി വന്നെന്നും അവര്‍ കോടതിയെ അറിയിച്ചു. വേടനെതിരെ രണ്ട് ലൈംഗികാതിക്രമ പരാതികള്‍ കൂടി ഉയര്‍ന്നിട്ടുണ്ടെന്നും പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും. നാളെ കേസ് പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചു. വിവാഹ വാഗ്ദാനം നല്‍കി തന്നെ ബലാത്സംഗം ചെയ്‌തെന്നും മറ്റു സ്ത്രീകളുമായുള്ള ബന്ധം തടയാന്‍ ശ്രമിച്ചപ്പോള്‍ താനുമായുള്ള ബന്ധം വേടന്‍ അവസാനിപ്പിച്ചെന്നും പരാതിക്കാരി കോടതിയില്‍ വാദിച്ചു. സ്ഥിരം കുറ്റവാളി ആണെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയില്‍ വാദം ഉന്നയിച്ചു.

സ്ഥിരം കുറ്റവാളി എന്ന് എങ്ങനെ പറയാന്‍ ആകുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. പരാതിക്കാരി സ്വന്തം കേസിന്റെ കാര്യം മാത്രം പറയണമെന്നും ജഡ്ജി നിര്‍ദേശിച്ചു. വേടന് എതിരെ പരാതിയുമായി മറ്റു രണ്ടു യുവതികള്‍ മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട് എന്ന വാദം പരാതിക്കാരി ഉന്നയിച്ചെങ്കിലും ക്രിമിനല്‍ പ്രോസിക്യൂഷനില്‍ മുഖ്യമന്ത്രിക്ക് എന്ത് കാര്യമെന്നും ഈ പരാതികളില്‍ എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. കോടതിയുടെ തിരക്ക് കൂടി കണക്കിലെടുത്ത് വാദം നാളെയും തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

യുവ ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്തെങ്കിലും വേടനെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു. വിദേശത്തേക്ക് പോകാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു ഈ നടപടി.

അതിനിടെ, വേടനെതിരെ രണ്ട് യുവതികള്‍കൂടി ലൈംഗികാതിക്രമ പരാതികള്‍ നല്‍കിയിട്ടുണ്ട്. ഇവരില്‍ ഒരാള്‍ 2020-ലും മറ്റൊരാള്‍ 2021-ലും തങ്ങളില്‍നിന്ന് അതിക്രമം നേരിട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരുവരും ദളിത് ഗാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്നും, വേടനെ പരിചയപ്പെട്ട ശേഷം ലൈംഗികമായി ഉപദ്രവിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

Tags:    

Similar News