റേഷനരിക്ക് വില കൂടുമോ? സംസ്ഥാനത്തെ 4000 റേഷന്‍ കടകള്‍ പൂട്ടാന്‍ നീക്കം; സര്‍ക്കാര്‍ നിയോഗിച്ച സമിതി ശുപാര്‍ശ നല്‍കി; മുന്‍ഗണനേതര വിഭാഗത്തിലെ നീല റേഷന്‍ കാര്‍ഡില്‍ അരിവില കിലോയ്ക്ക് 4 രൂപയില്‍ നിന്ന് 6 രൂപയാക്കാന്‍ ശുപാര്‍ശ; ഒരു കടയില്‍ 800 കാര്‍ഡ് ഉടമകള്‍ വേണെന്ന നിര്‍ദേശം
റേഷനരിക്ക് വില കൂടുമോ?
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളെ ആശ്രയിക്കുന്നവര്‍ക്കും തിരിച്ചടിയാകുന്ന തീരുമാനം വരുന്നു. സംസ്ഥാനത്തെ റേഷനരിക്ക് അടക്കം വില കൂട്ടണമെന്ന് നിര്‍ദേശിക്കുന്ന ശുപാര്‍ശ സര്‍ക്കാറിന് ലഭിച്ചു. ഇത് പ്രകാരം നിലവിലുള്ള റേഷന്‍ കടകളുടെ എണ്ണം കുറയ്ക്കാനും നിര്‍ദേശിക്കുന്നുണ്ട്. സംസ്ഥാനത്ത് നാലായിരത്തോളം റേഷന്‍ കടകള്‍ പൂട്ടി, ബാക്കി കടകളില്‍ വില്‍പന കൂട്ടാന്‍ അവസരമൊരുക്കണമെന്നു സര്‍ക്കാര്‍ സമിതിയുടെ റിപ്പോര്‍ട്ട്.
മുന്‍ഗണനേതര വിഭാഗത്തിലെ നീല റേഷന്‍ കാര്‍ഡില്‍ അരിവില കിലോയ്ക്ക് 4 രൂപയില്‍നിന്ന് 6 രൂപയാക്കണമെന്നും ശുപാര്‍ശയുണ്ട്. വ്യാപാരികള്‍ക്കുള്ള കമ്മിഷന്‍ കൂട്ടുന്നതിനാണിതെന്നാണ് പറയുമ്പോഴും നിര്‍ദേശത്തില്‍ സാധാരണക്കാര്‍ക്ക് ആശങ്ക ശക്തമാണ്.
റേഷന്‍ വ്യാപാരികളുടെ വേതനപരിഷ്‌കരണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയാണ് സംസ്ഥാനത്തെ 13,872 റേഷന്‍ കടകള്‍ പതിനായിരമായി കുറയ്ക്കാനുള്ള ശുപാര്‍ശയോടെ റിപ്പോര്‍ട്ട് നല്‍കിയതെന്ന് മലയാള മനോരമ റിപ്പോര്‍ട്ടു ചെയ്തു. 2023 ഡിസംബറിലെയും മറ്റും കണക്കുകള്‍പ്രകാരമാണ് റിപ്പോര്‍ട്ട്. നിലവില്‍ പതിനാലായിരത്തിലേറെ കടകളുണ്ട്.
വിറ്റുവരവു കൂടി നോക്കിയാണു വ്യാപാരികള്‍ക്കു കമ്മിഷന്‍. 18,000 രൂപ മിനിമം കമ്മിഷന് 70 ശതമാനം വില്‍പന വേണം. 45 ക്വിന്റലിനു താഴെയാണു വില്‍പനയെങ്കില്‍ ഇതു ലഭിക്കില്ല. ഏതു കടയില്‍നിന്നും റേഷന്‍ വാങ്ങാവുന്ന പോര്‍ട്ടബിലിറ്റി രീതി വന്നതോടെ ഓരോ കടയിലും എത്ര കാര്‍ഡ് റജിസ്റ്റര്‍ ചെയ്യുന്നുവെന്നതിനു പ്രസക്തിയില്ല. അതിനാല്‍ ഒരു കടയില്‍ 800 കാര്‍ഡ് ഉടമകളെങ്കിലും എത്തുന്ന രീതിയില്‍ എണ്ണം ക്രമീകരിക്കണമെന്നാണു ശുപാര്‍ശ.
വില്‍പനയുടെ തോതനുസരിച്ചുള്ള കമ്മിഷന്‍ നിരക്കുകളും നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് തയാറാക്കിയത് റേഷനിങ് കണ്‍ട്രോളര്‍, സിവില്‍ സപ്ലൈസ് വകുപ്പിലെ വിജിലന്‍സ് ഓഫിസര്‍, ലോ ഓഫിസര്‍ എന്നിവരടങ്ങുന്ന സമിതിയാണ്. തെക്കന്‍ ജില്ലകളിലെ റേഷന്‍ കടകളുടെ എണ്ണം വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് കൂടുതലാണെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
വ്യാപാരികള്‍ 70ാം വയസ്സില്‍ വിരമിക്കുമ്പോള്‍ പകരം മറ്റൊരാള്‍ക്കു കട അനുവദിക്കരുത്. മാസം 15 ക്വിന്റലില്‍ താഴെമാത്രം വില്‍പനയുള്ള 85 കടകള്‍ നിലനിര്‍ത്തണോയെന്നു പരിശോധിക്കണം. ഒരു ലൈസന്‍സിയുടെ കീഴില്‍ അധികച്ചുമതലയിലുള്ള മറ്റു കടകളെ ലയിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്.