'മെസി കേരളത്തില്‍ കളിക്കാനെത്തും; തീയതി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചാല്‍ പണം നല്‍കും; ഇവിടെ സൗകര്യം കുറവാണെങ്കില്‍ ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കാനും തയ്യാര്‍'; വിശദീകരണവുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍
'മെസി കേരളത്തില്‍ കളിക്കാനെത്തും
കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ കളിക്കാനെത്തുമെന്നും തിയതി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിക്കുമെന്നും റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ തിയതി അറിയിച്ചാല്‍ പണം നല്‍കുമെന്നും ആന്റോ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റോ അഗസ്റ്റിന്‍.
റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ്, അര്‍ജെന്റിന ഫുട്‌ബോള്‍ അസോസിയേഷന്‍ ആയിട്ടാണ് കരാര്‍ വച്ചിരിക്കുന്നത്. അതിന്റെ നടപടികള്‍ നടന്നു കൊണ്ടിരിക്കയാണ്. എഗ്രിമെന്റ് വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കി വരികയാണ്. അര്‍ജെന്റിന ഫുട്‌ബോള്‍ അസോസിയേഷന്‍ ആണ് ഡേറ്റ് തരേണ്ടത്. അത് ഇതുവരെ ഡേറ്റ് ഫൈനല്‍ ആയിട്ടില്ല. അതിനു ശേഷമേ പണം അടക്കേണ്ടതുള്ളൂ. സ്റ്റേഡിയം, ഹോട്ടല്‍ തുടങ്ങിയ സൗകര്യം വേണം, അത് ചെയ്യണ്ടത് സര്‍ക്കാര്‍ ആണ്. അവരത് ഒരുക്കുന്നുവെന്ന് വിശ്വസിക്കുന്നു. മന്ത്രി അബ്ദു റഹ്‌മാന്‍ എടുത്ത പ്രയത്‌നം വളരെ വലുതാണ്.
ആറ് മാസമായി കരാര്‍ ഒപ്പിട്ടിട്ട്. 45 ഡേയ്സ് ഉള്ളില്‍ പണം കൊടുക്കണം എന്നില്ലെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. ഷെഡ്യൂള്‍ തന്നാലേ പണം അടയ്ക്കാന്‍ പറ്റൂ. ഫിഫ നിലവാരം ഉള്ള സ്റ്റേഡിയം വേണം. അതില്ല എന്നത് പ്രശ്‌നം ആണ്. കത്ത് കൊടുത്തിട്ടുണ്ട്. അര്‍ജെന്റിന ഫുട്‌ബോള്‍ അസോസിയേഷന്‍ ഡേറ്റ് ആകുമ്പോഴേക്ക് ഉണ്ടാക്കാം എന്ന് പറഞ്ഞുവെന്നും ആന്റോ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ മെസി കേരളത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തടസ്സങ്ങളില്ലെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും ആന്റോ അഗസ്റ്റിന്‍ അറിയിച്ചു.
'റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് മെസിയെ കേരളത്തിലേക്ക് എത്തിക്കുന്നതില്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി കരാര്‍ മുന്നോട്ട് വെച്ചത്. നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ മെസി വരുമെന്നാണ് പ്രതീക്ഷ. അതിനുള്ള എല്ലാ സംവിധാനങ്ങളും റിപ്പോര്‍ട്ടര്‍ ഒരുക്കിയിട്ടുണ്ട്. അര്‍ജന്റീന മുന്നോട്ട് വെച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം എഎഫ്എയെ അറിയിക്കുകയാണ് വേണ്ടത്. ശേഷം തിയ്യതി അനുവദിച്ചുതരും. രണ്ട് ഘട്ടങ്ങളിലായി ഒക്ടോബര്‍ ആറ് മുതല്‍ 14 വരെയും 10 മുതല്‍ 18 വരെയുമാണ് ഫിഫ അനുവദിച്ചു നല്‍കിയ ഇന്റര്‍നാഷണല്‍ ബ്രേക്ക്.
സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍, ആര്‍ബിഐ, വിദേശ കാര്യമന്ത്രാലയം, ധനമന്ത്രാലയം എന്നിവരുടെ അനുമതി ഇതിനകം ലഭിച്ചു. നിലവിലെ നടപടികള്‍ കഴിഞ്ഞ ശേഷമായിരിക്കും പണം അടക്കേണ്ട തിയ്യതി നിര്‍ദേശിക്കുക. അതിന് വേണ്ടി കാത്തിരിക്കുകയാണ്.' 'മെസി വരില്ലെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നമുക്ക് അനുവദിച്ച ദിവസങ്ങളൊഴിച്ച് അവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ കളിക്കാം. മെസി വരുന്നത് സംബന്ധിച്ച് എഎഫ്എയാണ് പ്രഖ്യാപിക്കേണ്ടത്. - ആന്റോ പറഞ്ഞു.
'അര്‍ജന്റൈന്‍ ടീമിനെ കേരളത്തിലേക്ക് എത്തിക്കുമ്പോള്‍ എതിര്‍ ടീമായി റാങ്കിംഗ് അന്‍പതിന് താഴെയുള്ള ടീമിനെ കൂടി കൊണ്ടുവരേണ്ടതുണ്ട്. അവരുമായും ചര്‍ച്ച നടക്കുകയാണ്. സര്‍ക്കാരും റിപ്പോര്‍ട്ടറും ചെയ്യേണ്ട കാര്യങ്ങള്‍ ഇരുവരുടെയും ഭാഗത്ത് നിന്നും പുരോഗമിക്കുന്നുണ്ട്. ഇന്ത്യയില്‍ കളിക്കുന്നില്ലെന്ന് ടീം തീരുമാനിച്ചാല്‍ ഒന്നും ചെയ്യാനാകില്ല. ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കരുത്. മീഡിയ ഹൗസ് എന്ന നിലയ്ക്കല്ല കേരളത്തിലേക്ക് മെസിയെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. മെസി വന്നാല്‍ കേരളത്തിലെ കായിക മേഖലയ്ക്ക് ഉണ്ടായേക്കാവുന്ന മാറ്റം ചെറുതായിരിക്കില്ല. എന്നാല്‍ മെസി വരില്ലെന്ന് പ്രചരിപ്പിക്കാന്‍ വളരെ എളുപ്പമാണ്'.
'മെസി വരില്ലെന്ന തരത്തില്‍ വാര്‍ത്ത പൊട്ടിപ്പുറപ്പെട്ടതിന്റെ ഉറവിടം അറിയില്ല. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലയിലായിരിക്കാം വാര്‍ത്ത വന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വലിയ പിന്തുണയുണ്ട്. ഇന്ന് രാവിലെയും എഎഫ്എയുമായി ബന്ധപ്പെട്ടിരുന്നു. പോസിറ്റീവ് പ്രതികരണമാണ് ലഭിച്ചത്. സര്‍ക്കാരിന്റെ പിന്തുണ വേണം. റിപ്പോര്‍ട്ടര്‍ ടി വി ചെയ്യേണ്ടതെല്ലാം ചെയ്യാം. സര്‍ക്കാരാണ് ഇടനിലക്കാര്‍. അവരാണ് ഫുട്ബോള്‍ അസോസിയേഷനെ ക്ഷണിച്ചത്. വലിയ തുക ചെലവാക്കിയിട്ടുള്ള കാര്യമാണ്. വരാന്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ കൊണ്ടുവരാനുള്ള ഏജന്‍സിയായി റിപ്പോര്‍ട്ടര്‍ ടിവി നില്‍ക്കുമെന്നും ആന്റോ അറിയിച്ചു.
നേരത്തെ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റ കേരള സന്ദര്‍ശനം മുടങ്ങിയതിന് പിന്നാലെ സ്പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജ്മെന്റിനെ കുറ്റപ്പെടുത്തി സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. വാഗ്ദാനം നല്‍കിയ പണം നല്‍കി ടീമിനെ എത്തിക്കേണ്ട ഉത്തരവാദിത്തം സ്പോണ്‍സര്‍ക്കാണെന്ന് കായിക മന്ത്രി പറഞ്ഞു. കരാര്‍ ലംഘനത്തിന് റിപ്പോര്‍ട്ടര് ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മെസി വരുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ പരിഹാരം കാണാനുള്ള തന്ത്രപ്പാടിലാണ്. കരാര്‍ ഒപ്പിട്ട് 45 ദിവസത്തിനകം മൊത്തം തുകയുടെ 50 ശതമാനം നല്‍കണം എന്നാണ് വ്യവസ്ഥ. സമയം നീട്ടി നല്‍കിയിട്ടും വാക്ക് പാലിക്കാന്‍ സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് കഴിയാതെ വന്നതോടെയാണ് അര്‍ജന്റീന ടീമിന്റെ കേരളസന്ദര്‍ശനം മുടങ്ങിയത്. ഇതോടെയാണ് പണം വാഗ്ദാനം നല്‍കി മുങ്ങിയ സ്പോണ്‍സര്‍ക്കെതിരെ സര്‍ക്കാര്‍ രംഗത്ത് വന്നത്.
എന്നാല്‍ അത്ര എളുപ്പം സര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിനാകില്ല. മെസി വരുമെന്ന് വാര്‍ത്തസമ്മേളനം നടത്തി പ്രഖ്യാപിച്ചത് കായികമന്ത്രിയാണ്. തൊട്ടുപിറ്റേന്ന്, മെസി വരുന്നത് ഇടതു സര്‍ക്കാരിന്റെ അഭിമാനനേട്ടമെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി ഫേസ് ബുക് പോസ്റ്റുമിട്ടു. സ്പോണ്‍സര്‍ പണം നല്‍കി, മെസിയെ കൊണ്ടുവരുമെന്ന് ഇപ്പോഴും പ്രതീക്ഷയെന്ന് മന്ത്രി പറയുമ്പോഴും ഈ സീസണിണ്‍ അത് നടക്കില്ലെന്ന് അര്‍ജന്റീനയുടെ ടൂര്‍ ഷെഡ്യൂള്‍ വന്നതോടെ വ്യക്തമായി.