പ്രാണനായി കരുതിയ മകന്റെ ചേതനയറ്റ ദേഹം കണ്ട് നെഞ്ചുപൊട്ടി അലമുറയിട്ടു കരഞ്ഞ് അമ്മ സുജ; ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ ഉറ്റവര്‍; കണ്ണീരണിഞ്ഞ് മിഥുന്റെ സഹപാഠികളും അധ്യാപകരും; മിഥുന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍; കണ്ണീര്‍ക്കടലായി തേവലക്കരയിലെ ആ കൊച്ചുവീട്

പ്രാണനായി കരുതിയ മകന്റെ ചേതനയറ്റ ദേഹം കണ്ട് നെഞ്ചുപൊട്ടി അലമുറയിട്ടു കരഞ്ഞ് അമ്മ സുജ

Update: 2025-07-19 09:31 GMT

കൊല്ലം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ അരികിലേക്ക് എത്തിയ അമ്മയുടെ കാഴ്ച്ച നാടിന് വിങ്ങലായി മാറി. മകന്റെ ചേതനയറ്റ ശരീരത്തിനരികെ അമ്മ സുജയെത്തിയത് കരള്‍ പിളരുന്ന കാഴ്ച്ചയായിരുന്നു. മകനെ കണ്ട് സുജ അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അടുത്ത ബന്ധുക്കളും സുജയെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ സങ്കടപ്പെട്ടു. സ്‌കൂളിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി വിളന്തറയിലെ വീട്ടിലേക്ക് മിഥുന്റെ ഭൗതികശരീരം എത്തിച്ചു.

സഹപാഠികളും അധ്യാപകരും നാട്ടുകാരുമുള്‍പ്പെടെ നൂറ് കണക്കിന് ആളുകളാണ് മിഥുന് ആദരാജ്ഞലി അര്‍പ്പിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ തിരികെ വീട്ടിലേക്ക് എത്തിച്ചു. വിളന്തറയിലെ വീട്ടില്‍ മൃതദേഹം എത്തിയപ്പോള്‍ മിഥുന്‍ കളിച്ചുവളര്‍ന്ന വീട് കണ്ണീര്‍ക്കടലായി മാറിയിരുന്നു. വന്‍ ജനാവലിയാണ് മിഥുനെ അവസാനമായി കാണാന്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത്.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും 11 മണിയോടെയാണ് മിഥുന്റെ മൃതദേഹം സ്‌കൂളില്‍ എത്തിയത്. ഉച്ചയ്ക്ക് ഒരു മണിവരെ സ്‌കൂളില്‍ പൊതുദര്‍ശനം തുടര്‍ന്നു. തുടര്‍ന്നാണ് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്കു കൊണ്ടുപോയത്. വൈകീട്ട് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മിഥുനെ അവസാന നോക്ക് കാണാനായി സ്‌കൂളില്‍ സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരുമൊക്കെ അവിടെയെത്തി. കൊച്ചുമകന്റെ ചേതനയറ്റ ശരീരം കണ്ട് മിഥുന്റെ പിതാവിന്റെ അമ്മ മണിയമ്മയും ക്ലാസ് ടീച്ചറും തളര്‍ന്നുവീണു. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് കുഴഞ്ഞുവീണ ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൃദയഭേദക നിമിഷങ്ങള്‍ക്കാണ് നെടുമ്പാശേരി വിമാനത്താവളം ഇന്ന് സാക്ഷിയായത്. പുറത്തിറങ്ങിയ സുജ ഇളയ മകനെ ചേര്‍ത്തു നിര്‍ത്തി പൊട്ടിക്കരഞ്ഞു. കഴിഞ്ഞ ദിവസമാണ്, തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്‌കൂളിലെത്തി കളിക്കുന്നതിനിടെ, സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്.

ഇരുമ്പ് ഷീറ്റിട്ട ഷെഡിന് മുകളിലാണ് ചെരുപ്പ് വീണത്. ഇത് എടുക്കാന്‍ വേണ്ടി മുകളിലേക്ക് കയറി. ഷീറ്റിനു മുകളില്‍ ബെഞ്ചിട്ടു. അതിനിടെ തെന്നിയപ്പോള്‍ വീഴാതിരിക്കാന്‍ വേണ്ടി കൈ നീട്ടിയപ്പോള്‍ തൊട്ടടുത്ത വീട്ടിലേക്ക് പോകുന്ന വൈദ്യുതി ലൈനില്‍ കൈ തട്ടുകയായിരുന്നു. ഷോക്കേറ്റത് കണ്ട് ഓടിയെത്തിയ അധ്യാപകര്‍ ട്രാന്‍സ്‌ഫോമര്‍ ഓഫ് ചെയ്തശേഷം, മിഥുനെ താഴെയിറക്കി. ഉടന്‍ തന്നെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    

Similar News