യുക്രെയിനുമായി ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് തയ്യാര്‍; ഇതിനകം തന്നെ ഈ നിലപാട് വ്യക്തമാക്കിയിരുന്നു; ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചതാണെന്ന് മാത്രം; പുടിന്‍ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനോട് അറിയിച്ചതായി ക്രെംലിന്‍
മോസ്‌കോ: യുക്രെയിനുമായി ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനോട് അറിയിച്ചതായി ക്രെംലിന്‍ വ്യക്തമാക്കി. ഇതിനകം തന്നെ ഈ നിലപാട് വ്യക്തമാക്കിയതാണെന്നും ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചതാണെന്നും ക്രെമ്ലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരചടങ്ങിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉക്രെയ്ന്‍ പ്രസിഡന്റ് വോളോദിമര്‍ സെലെന്‍സ്‌കിയും ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്ക് പിന്നാലെ ട്രംപ് തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചത് ഏറെ ചര്‍ച്ചയുണ്ടാക്കി. പുടിനെ സമീപിക്കുന്ന രീതിയില്‍ മാറ്റമുണ്ടാവേണ്ടി വന്നേക്കാമെന്നും, ബാങ്കിങ് അല്ലെങ്കില്‍ മറ്റേതെങ്കിലും ഉപരോധങ്ങളിലൂടെ വിഷയം കൈകാര്യം ചെയ്യേണ്ടതായി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുടിന് സിവിലിയന്‍ പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും മിസൈലുകള്‍ തൊടുത്തുവിടേണ്ട ഒരു കാരണവുമുണ്ടായിരുന്നില്ല എന്നും ട്രംപ് കുറിച്ചു. പുടിന് തന്റെ നിലപാടില്‍ മാറ്റം ഇല്ലെന്നും, തന്നെ പറ്റിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. വോളോദിമര്‍ സെലെന്‍സ്‌കിയമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ട്രംപിന്റെ മുന്നറിയിപ്പ് പോസ്റ്റ് എക്‌സില്‍ പങ്കുവെച്ചത്.
അതേസമയം, ബുധനാഴ്ച രാത്രി റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ യുക്രൈന്റെ വിവിധ ഭാഗങ്ങളില്‍ ആറ് കുട്ടികളുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു. 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കീവ് അടക്കമുള്ള നഗരങ്ങളില്‍ വീടുകളും മറ്റു കെട്ടിടങ്ങളും തകര്‍ന്നു. ആക്രമണത്തെ തുടര്‍ന്ന്, ദക്ഷിണാഫ്രിക്കയിലെ സന്ദര്‍ശനം സെലെന്‍സ്‌കി തല്‍ക്കാലത്തേക്ക് നിര്‍ത്തി തിരിച്ച് നാട്ടില്‍ തിരിച്ചെത്തി.