കീവിലെ ഇന്ത്യന്‍ ഫാര്‍മ കമ്പനിക്ക് നേരേ റഷ്യ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് യുക്രെയിന്‍; കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള മരുന്നുകള്‍ സൂക്ഷിച്ചിരുന്ന സംഭരണശാല കത്തി നശിച്ചു; ഇന്ത്യയുമായി സവിശേഷ സൗഹൃദം അവകാശപ്പെടുന്ന റഷ്യയുടെ ആക്രമണം മന:പൂര്‍വമെന്നും യുക്രെയിന്‍

കീവിലെ ഇന്ത്യന്‍ ഫാര്‍മ കമ്പനിക്ക് നേരേ റഷ്യ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് യുക്രെയിന്‍

Update: 2025-04-13 05:39 GMT

കീവ്: കീവിലെ ഇന്ത്യന്‍ ഫാര്‍മസിക്യൂട്ടിക്കല്‍ കമ്പനിയുടെ സംഭരണശാല ലാക്കാക്കി റഷ്യ ഡ്രോണാക്രമണം നടത്തിയെന്ന് യുക്രെയിന്‍. റഷ്യ മന:പൂര്‍വം ഇന്ത്യന്‍ കമ്പനികളെ ലക്ഷ്യം വയ്ക്കുകയാണെന്ന് യുക്രെയിന്‍ ഏംബസി ആരോപിച്ചു.

' ഇന്ത്യയുമായി സവിശേഷ സൗഹൃദം ഉണ്ടെന്ന് അവകാശപ്പെടുന്ന റഷ്യ മന:പൂര്‍വം ഇന്ത്യന്‍ ഫാര്‍മസിക്യൂട്ടിക്കല്‍ കമ്പനിക്ക് നേരേ ആക്രമണം അഴിച്ചുവിട്ടു. മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും ഉള്ള മരുന്നുകളാണ് നശിപ്പിച്ചത്,' യുക്രെയിന്‍ ഏംബസി പ്രസ്താവനയില്‍ പറഞ്ഞു.

കുസും എന്ന ഫാര്‍മ കമ്പനിക്ക് നേരെയായിരുന്നു മിസൈലാക്രമണം. യുക്രെയിനിലെ ഏറ്റവും വലിയ ഫാര്‍മ കമ്പനികളില്‍ ഒന്നായ കുസുമിന്റെ ഉടമ രാജീവ് ഗുപ്തയാണ്. ആദ്യം മിസൈലാക്രമണം എന്നുകരുതിയെങ്കിലും പിന്നീട് അത് ഡ്രോണ്‍ ആക്രമണമായിരുന്നു എന്ന് സ്ഥിരീകരിച്ചു.

യുക്രെയിന്‍ ഏംബസിയുടെ അറിയിപ്പിന് മുമ്പേ തന്നെ ബ്രിട്ടീഷ് അംബാസഡര്‍ മാര്‍ട്ടിന്‍ ഹാരിസ് ഇക്കാര്യം പുറത്തുവിട്ടിരുന്നു. റഷ്യന്‍ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നാണ് അംബാസഡറും പറഞ്ഞത്. യുക്രെയിന്‍ പൗരന്മാരെ ലാക്കാക്കിയുളള റഷ്യയുടെ ഭീകരത തുടരുന്നു എന്നാണ് മാര്‍ട്ടിന്‍ ഹാരിസ് എക്‌സില്‍ കുറിച്ചത്. യുക്രെിയിനിലെ ചികിത്സാവശ്യങ്ങള്‍ക്ക് നിര്‍ണായകമാണ് കുസും പോലുളള ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യം.

അതേസമയം, അമേരിക്കയുടെ മധ്യസ്ഥതയില്‍ നിശ്ചയിച്ച മൊറട്ടോറിയം ലംഘിച്ചുകൊണ്ട് തങ്ങളുടെ ഊര്‍ജ്ജ സ്ഥാപനത്തിന് നേരേ യുക്രെയിന്‍ അഞ്ച് ആക്രമണങ്ങള്‍ നടത്തിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. ഇരുരാജ്യങ്ങളും പരസ്പരം ഊര്‍ജ്ജ സ്ഥാപനങ്ങളെ ആക്രമിക്കില്ലെന്ന് ധാരണയുണ്ടാക്കിയെങ്കിലും അത് ലംഘിക്കുകയും ആരോപണ-പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയുമാണ്.

Tags:    

Similar News