ശബരിമലയില്‍ ഇന്നും വന്‍ ഭക്തജനത്തിരക്ക്; ദര്‍ശനത്തിനായി ഭക്തര്‍ കാത്തു നിന്നത് 12 മണിക്കൂറോളം സമയം; പടി കയറുന്നത് മിനിറ്റില്‍ 65 പേരെ; ഇന്ന് മുതല്‍ 75000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി; വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് കര്‍ശനമായി നടപ്പാക്കാന്‍ അധികൃതര്‍
ശബരിമലയില്‍ ഇന്നും വന്‍ ഭക്തജനത്തിരക്ക്
പത്തനംതിട്ട: ശബരിമലയില്‍ ഇന്നു വലിയ ഭക്തജനത്തിരക്ക്. ദര്‍ശനത്തിനായി 12 മണിക്കൂറോളമാണ് ഭക്തര്‍ കാത്തുനിന്നത്. ഒരു മിനിറ്റില്‍ 65 പേര്‍ വരെയാണ് പടി കയറുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ ഇന്ന് മുതല്‍ നടപടികള്‍ കര്‍ക്കശമാക്കും. പ്രതിദിനം 75,000 പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനത്തിന് അവസരെ നല്‍കുക. സ്‌പോട്ട് ബുക്കിംഗ് തിങ്കളാഴ്ച വരെ അയ്യായിരമായി ചുരുക്കി. വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് കര്‍ശനമായി നടപ്പാക്കും. ഇന്നലെ ദര്‍ശനം നടത്തിയത് 80,615 പേരാണ്. തിരക്ക് നിയന്ത്രിച്ചെങ്കിലും മണിക്കൂറുകളോളം ക്യൂ നീണ്ടു. കുടിവെള്ള വിതരണത്തില്‍ അടക്കം പരാതി ഉയര്‍ന്നിരുന്നു.
ശബരിമലയില്‍ ഒരു ദിവസത്തെ ഭക്തരുടെ എണ്ണം എഴുപത്തി അയ്യായിരമായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സ്‌പോട്ട് ബുക്കിംഗ് അയ്യായിരമാക്കി കുറക്കണമെന്നും വെര്‍ച്വല്‍ ക്യു ബുക്കിംഗ് കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസ് ഇന്ന് പരിഗണിച്ച കോടതി ഒരുക്കങ്ങള്‍ ആറ് മാസങ്ങള്‍ക്ക് മുന്‍പെങ്കിലും തുടങ്ങേണ്ടതായിരുന്നു എന്നും എന്ത് കൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും ബോര്‍ഡിനോട് ചോദിച്ചു.
സന്നിധാനത്ത് ഇന്നലെ കൈവിട്ട് പോയ ഏകോപനം. മണ്ഡലം മകരവിളക്ക് സീസണ്‍ തുടങ്ങി രണ്ടാം ദിവസം തന്നെ തിരക്ക് അനിയന്ത്രിതമായത് എന്ത് കൊണ്ടെന്ന് ചോദിച്ച കോടതി സ്‌പോട്ട് ബുക്കിംഗും വെര്‍ച്വല്‍ ക്യു ബുക്കിംഗും കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. സ്‌പോട്ട് ബുക്കിംഗ് 5,000 പേര്‍ക്കായി ചുരുക്കി. ഇന്നലെ 20,000 പേര്‍ വരെയാണ് സ്‌പോട്ട് ബുക്കിംഗ് വഴി മലകയറിയത്. വെര്‍ച്വല്‍ ബുക്കിംഗിലും ഇനി വിട്ട് വീഴ്ച പാടില്ല. ഷെഡ്യൂള്‍ സമയത്തിന് 6മണിക്കൂര്‍ മുന്‍പും 18മണിക്കൂറിന് ശേഷവും മാത്രമാകും അനുമതി.
ശബരിമലയില്‍ ആള്‍ക്കൂട്ട നിയന്ത്രണത്തിനു പ്രഫഷനല്‍ സമീപനം വേണമെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഇതിനു രൂപീകരിക്കേണ്ട വിദഗ്ധ സമിതിയുടെ ഘടനയും നിര്‍ദേശിച്ചു. സര്‍ക്കാരിലെ ഏറ്റവും മികച്ച പ്രഫഷനലുകളുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ക്രൗഡ് മാനേജ്‌മെന്റ് എക്‌സ്പര്‍ട്ട് കമ്മിറ്റിയാണു വേണ്ടത്.
ട്രാന്‍സ്‌പോര്‍ട്ട് എന്‍ജിനീയറിങ്, അര്‍ബന്‍ ആന്‍ഡ് റീജനല്‍ പ്ലാനിങ്, സിവില്‍ എന്‍ജിനീയറിങ്, ഡിസാസ്റ്റര്‍ ആന്‍ഡ് ക്രൗഡ് സയന്‍സ്, എന്‍വയണ്‍മെന്റല്‍ സയന്‍സ്, പബ്ലിക് ഹെല്‍ത്ത്, ഐടി സിസ്റ്റംസ് ആന്‍ഡ് ഡേറ്റ അനലിറ്റിക്‌സ് എന്നീ മേഖലകളില്‍നിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തണം.
ഇവര്‍ ദേവസ്വം ബോര്‍ഡ്, പൊലീസ്, വനം, ആരോഗ്യം, ജില്ലാ ഭരണകൂടം എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഓരോ സീസണിനും വേണ്ടി ഈ കമ്മിറ്റി ശാസ്ത്രീയ മാസ്റ്റര്‍പ്ലാന്‍ തയാറാക്കണം. സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പഠനങ്ങള്‍ നടത്തണം. സമഗ്രമായ രീതിയിലുള്ള പ്രവര്‍ത്തനം ഉറപ്പാക്കണം. ഇന്റഗ്രേറ്റഡ് കണ്‍ട്രോള്‍ റൂം വേണമെന്നും നിര്‍ദേശിച്ചു. പെരിയാര്‍ കടുവസങ്കേതം ഡപ്യൂട്ടി ഡയറക്ടറെക്കൂടി കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.
