അന്താരാഷ്ട്ര വിഗ്രഹ മോഷണ സംഘത്തിന്റെ കണ്ണ് ശബരിമലയില്‍ എത്തിയോ എന്ന സംശയം ഉയര്‍ന്നതോടെ സ്വര്‍ണക്കൊള്ള ബിബിസിയിലൂടെ ലോക ശ്രദ്ധയിലേക്ക്; സ്വര്‍ണം വഴിപാട് നല്‍കിയ വിജയ് മല്യ ലണ്ടനില്‍ മൗനത്തില്‍; ബിബിസി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നല്‍കുന്നത് ശബരിമലയില്‍ നടന്നത് വെറും അഴിമതിയല്ല സംഘടിത കൊള്ള തന്നെയെന്ന സൂചന
സ്വര്‍ണക്കൊള്ള ബിബിസിയിലൂടെ ലോക ശ്രദ്ധയിലേക്ക്
ലണ്ടന്‍: ഉണ്ണികൃഷ്ണന്‍ പോറ്റിയെന്ന ശബരിമല സ്വര്‍ണ കൊള്ളയിലെ ഇടനിലക്കാരനെ ചൂണ്ടി പുറത്തുവന്ന ആരോപണത്തില്‍ നിന്നും രക്ഷപെടാം എന്ന ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും നീക്കങ്ങള്‍ക്ക് തിരിച്ചടിയായി മാറുന്നത് ഹൈക്കോടതി നേരിട്ട് നടത്തുന്ന അന്വേഷണമാണ്. ഒരു ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ ഒതുങ്ങേണ്ട പോലീസ് അറസ്റ്റ് ഇപ്പോള്‍ മൂന്നാം പ്രതിയായി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാസു മാറുകയും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരില്‍ നാലാംഅറസ്റ്റിലേക്കും നീങ്ങിയതോടെ സ്വര്‍ണക്കൊള്ള വെളിപ്പെടുത്തല്‍ പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്.
സ്വര്‍ണക്കൊള്ളയില്‍ രാഷ്ട്രീയ പങ്കാളിത്തം ഇതുവരെ സംശയിക്കപ്പെടുന്നില്ലെങ്കിലും അറസ്റ്റിലായവരും പ്രതികളും ഒക്കെ രാഷ്ട്രീയ സംരക്ഷണത്തില്‍ നിയമത്തിന്റെ പഴുതിലൂടെ പുറത്തെത്തും എന്ന സംശയം ബലപ്പെടുകയാണ്. കാരണം വാക്കുകള്‍ കൊണ്ട് സംസ്ഥാന സര്‍ക്കാരും ബിജെപിയും ഒക്കെ സ്വര്‍ണക്കൊള്ളയെ തള്ളിപ്പറയുന്നെങ്കിലും നിലപാടില്‍ കടുപ്പം കുറയ്ക്കുന്നത് അടുത്തെത്തിയ തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ഡീലിനു പറ്റിയ ഏറ്റവും മികച്ച അവസരം എന്ന തിരിച്ചറിവില്‍ ആണെന്ന സോഷ്യല്‍ മീഡിയ ആരോപണമാണ് ഇതിന് അടിസ്ഥാനം.
ശബരിമലയുടെ പ്രശസ്തിക്കു കളങ്കമായെന്നു ബിബിസി, കടന്നല്‍ കൂടു പൊളിക്കും പോലെ ശ്രദ്ധയോടെ കോടതി നടപടികള്‍
ക്ഷേത്രത്തിന്റെ പ്രാധാന്യത്തിനു മേല്‍ ചെളിവാരി വീഴ്ത്തിയ സംഭവമാണ് സ്വര്‍ണക്കൊള്ള എന്ന തലക്കെട്ടോടെയാണ് ബിബിസി ഈ വിഷയം ലോക ശ്രദ്ധയില്‍ എത്തിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയെ അസാധാരണ സംഭവമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍ വി, കെ വി ജയകുമാര്‍ എന്നിവര്‍ നിരന്തര സിറ്റിംഗിലൂടെ അന്വേഷണ പുരോഗതി ഉറപ്പാക്കുന്നത്. കടന്നല്‍ കൂടു പൊളിക്കും പോലെ ഉള്ള ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടാകണമെന്ന നിരീക്ഷണത്തോടെയാണ് കോടതി തുടക്കം മുതല്‍ വിഷയത്തെ സമീപിക്കുന്നതെന്നും ബിബിസി വെളിപ്പെടുത്തുന്നു.
ശബരിമലയില്‍ സ്വര്‍ണപാളികള്‍ ഉള്‍പ്പെടെയുള്ളവയുടെ അറ്റകുറ്റപണികള്‍ പുറത്തു കൊണ്ട് നടത്തരുത് എന്ന നിര്‍ദേശം നിലവിലിരിക്കെ അത് ലംഘിക്കാന്‍ ആര് മുന്‍കൈ എടുത്തു എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണത്തിലൂടെ പുറത്തു വരേണ്ടത്. ഇതിലൂടെയാണ് ഉദ്യോഗസ്ഥരല്ല ഈ സ്വര്‍ണ കൊള്ളയുടെ പുറകില്‍ എന്ന സംശയങ്ങള്‍ക്ക് ബലം നല്‍കുന്ന പ്രധാന വസ്തുത. സ്വര്‍ണ പാളികള്‍ ചെമ്പു പാളികള്‍ എന്ന് രേഖപ്പെടുത്തി പുറത്തു കടത്തിയത് ഉന്നതരുടെ അനുമതിയോടെയാണ് എന്ന് ബിബിസി റിപ്പോര്‍ട്ടും അടിവരയിടുന്നു.
ദ്വാര പലക ശില്‍പങ്ങളെ പൊതിഞ്ഞ സ്വര്‍ണ പാളി എടുത്തു മാറ്റുമ്പോഴും തിരികെ എത്തിക്കുമ്പോഴും അവ അളന്നു തൂക്കം തിട്ടപ്പെടുത്തിയില്ല എന്ന ഗുരുതര ആരോപണം ബിബിസി റിപ്പോര്‍ട്ടിലും എടുത്തു പറയുന്നുണ്ട്. ആറുവര്‍ഷം മുന്‍പ് നടന്ന സ്വര്‍ണക്കൊള്ളയുടെ ടെസ്റ്റ് ഡോസ് എന്ന് അനുമാനിക്കപ്പെടുന്ന സംഭവത്തില്‍ നാലര കിലോ സ്വര്‍ണം നഷ്ടമായി എന്നാണ് ഇപ്പോള്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം കണ്ടെത്തിയിരിക്കുന്നത്. വിജയ്മല്യ ആകെ നല്‍കിയ 30 കിലോ സ്വര്‍ണത്തില്‍ നിന്നും അടിച്ചു മാറ്റാന്‍ ഇനിയും ഏറെയുണ്ട് എന്ന കണ്ടെത്തലാണ് വീണ്ടും സ്വര്‍ണക്കൊള്ളയ്ക്ക് ഗൂഢ സംഘത്തിന് ധൈര്യം നല്‍കിയത് എന്നും വ്യക്തമാണ്. ഏകദേശം 27 കോടി രൂപയുടെ സ്വര്‍ണമാണ് ഇത്തരത്തില്‍ 2019ല്‍ നഷ്ടമായത്. ഇത് ആര്‍ക്കൊക്കെ പങ്കുവയ്ക്കപ്പെട്ടു എന്നത് ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കമുള്ളവര്‍ക്ക് കൃത്യമായ ധാരണയുമുണ്ടാകും.
പണികള്‍ക്ക് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബാക്കി വന്ന 474 ഗ്രാം സ്വര്‍ണം കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതും ദേവസ്വം ഭരണസമിതിയിലെ ഉന്നതന്‍ തന്നെ എന്ന് കോടതിക്ക് ബോധ്യമായിട്ടുണ്ട്. ഈ സ്വര്‍ണമാണ് ഒരു യുവതിയുടെ വിവാഹത്തിനായി ഉപയോഗിക്കാമല്ലോ എന്ന തികച്ചും ദുരുദ്ദേശപരവും ഇപ്പോള്‍ സ്വര്‍ണക്കൊള്ളയുടെ വ്യപതിയിലേക്ക് വിരല്‍ ചൂണ്ടുന്നതുമായ വിവാദ ഇമെയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം പ്രസിഡന്റിന് ഇമെയില്‍ ചെയ്തത് എന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഇതോടെയാണ് വമ്പന്‍ സ്രാവുകള്‍ തന്നെയാണ് ഈ സ്വര്‍ണ കൊള്ളയുടെ പ്രധാന ആസൂത്രകര്‍ എന്ന് പുറം ലോകത്തിനു ബോധ്യമായതും. സ്വര്‍ണ കൊള്ളയെ കുറിച്ച് പ്രതികരിക്കാന്‍ തങ്ങള്‍ സമീപിച്ചെങ്കിലും നിലവിലെ ദേവസ്വം പ്രസിഡന്റ് പ്രശാന്ത് മൗനത്തില്‍ അഭയം തേടുക ആയിരുന്നു എന്നും ബിബിസി വെളിപ്പെടുത്തുന്നു.
ശബരിമല സ്വര്‍ണക്കൊള്ള ബിബിസിയിലൂടെ അന്താരാഷ്ട്ര ശ്രദ്ധയില്‍, രാഷ്ട്രീയ നീക്കുപോക്കിനു സാധ്യതയേറി
അതിനിടെ ശബരിമലയിലേക്ക് അന്താരാഷ്ട്ര വിഗ്രഹ കള്ളക്കടത്തിന്റെ കണ്ണ് കൂടി എത്തിയോ എന്ന് കോടതിയില്‍ തന്നെ സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ശബരിമല സ്വര്‍ണ കൊള്ള അന്തരാഷ്ട്ര ശ്രദ്ധയിലേക്കും തിരിയുകയാണ്. ബുധനാഴ്ച ബിബിസി തങ്ങളുടെ വേള്‍ഡ് ന്യൂസ് പേജില്‍ ശബരിമല സ്വര്‍ണക്കൊള്ള വിശദമായ റിപ്പോര്‍ട്ട് ആക്കിയതോടെയാണ് ദേശം കടന്നു വിദേശത്തും ശബരിമല ചര്‍ച്ചയാകുന്നത്. ഇതോടെ കൂടുതല്‍ പ്രാധാന്യത്തോടെ ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ ശബരിമല സ്വര്‍ണക്കൊള്ള ചര്‍ച്ച ചെയ്യാനുള്ള സാധ്യത വളരുകയാണ്. എന്നിട്ടും കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ശ്രദ്ധ ഈ വിഷയത്തില്‍ ഇതുവരെ എത്തിയില്ല എന്നതാണ് പടിവാതില്‍ക്കല്‍ ഉള്ള തിരഞ്ഞെടുപ്പുമായി ശബരിമല സ്വര്‍ണക്കൊള്ള നേരിട്ട് ബന്ധപ്പെടുന്നത്.
അടുത്ത നിയമ സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നിയമസഭയില്‍ ഒന്നിലധികം സീറ്റുകള്‍ നേടി പ്രതിപക്ഷ നിരയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ആഗ്രഹിക്കുന്നതിന് ശബരിമലയില്‍ നിസ്സംഗത പുലര്‍ത്താനുള്ള കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. ശബരിമല വിഷയം കത്തിക്കാളിയാല്‍ സര്‍ക്കാരിന് മേല്‍ക്കൈ നഷ്ടമാകും എന്ന വിലയിരുത്തലിലാണ് ബിജെപിയുടെ തന്ത്രപരമായ നിസ്സംഗത. മാത്രമല്ല സിപിഎം സംരക്ഷിച്ചിട്ടുള്ള എന്‍ വാസു അടക്കം ഉള്ളവര്‍ പ്രതിയായ സാഹചര്യത്തില്‍ കൂടുതല്‍ പാര്‍ട്ടി ബന്ധം സ്വര്‍ണക്കൊള്ളയില്‍ പുറത്തു വരുന്നത് കനത്ത തിരിച്ചടി ആയി മാറുമെന്നും രാഷ്ട്രീയ നേതൃത്വത്തിനു കൃത്യമായ ബോധ്യമുണ്ട്. സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് നടന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അടിവേര് അറുക്കുന്ന ജനവിധിയാണ് പാര്‍ട്ടി കോട്ടകളില്‍ പോലും സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞ ശേഷമാണു സിപിഎം ശബരിമലയുടെ കാര്യത്തില്‍ പുരോഗമന - നവോത്ഥാന മുദ്രാവാക്യങ്ങളില്‍ നിന്നും പുറം തിരിഞ്ഞു നടക്കാന്‍ തുടങ്ങിയതും.
സമാനമായ മറ്റൊരു ജന രോക്ഷം വീണ്ടും സിപിഎം ആഗ്രഹിക്കുന്നില്ല എന്നതിനാല്‍ ഏതു വിധേനയും വിഷയം രാഷ്ട്രീയമായി തിരിച്ചടിയാകാതിരിക്കാനുള്ള ശ്രദ്ധയും ഇപ്പോള്‍ പാര്‍ട്ടി നടത്തുന്നുണ്ട്. ഹൈക്കോടതി നേരിട്ടുള്ള അന്വേഷണം ആയതിനാല്‍ മാത്രമാണ് അത് സ്വാധീന പരിധിക്ക് അപ്പുറം കടന്നത് എന്നതും ഇപ്പോള്‍ സിപിഎം കേന്ദ്രങ്ങളെ വിഷമിപ്പിക്കുന്നുണ്ട്. അതിനിടയില്‍ ബിബിസി പോലെയുള്ള മാധ്യമങ്ങളുടെ രംഗപ്രവേശം ഈ വിഷയത്തില്‍ സംഭവിച്ചത് ഒട്ടും ഗുണപരമല്ലെന്നും പാര്‍ട്ടിയും സര്‍ക്കാരും തിരിച്ചറിയുന്നത് നേട്ടമാക്കാന്‍ ബിജെപി സമ്മര്‍ദ്ദമായി മാറ്റുമെന്ന് വ്യക്തമാണ്. വാസു മൂന്നാം പ്രതിയായിട്ടും ഇന്നലെ നാലാമനായി അറസ്റ്റില്‍ ആയ മുന്‍ ദേവസ്വം കമ്മീഷണര്‍ കെ എസ് ബൈജു ഏഴാം പ്രതി മാത്രമാണ്. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് മൂന്നാം പ്രതിയുടെ അറസ്റ്റ് സംഭവിക്കുന്നില്ല എന്ന ചോദ്യവും പ്രധാനമാണ്.
രാഷ്ട്രീയ പ്രതിനിധി അറസ്റ്റില്‍ ആകുന്നത് പ്രതിരോധത്തില്‍ കനത്ത വീഴ്ച ആകും എന്നതിനാല്‍ കൂടുതല്‍ അറസ്റ്റുകള്‍ ഏതു വിധേനെയും തടയാനാകുമോ എന്ന ആശങ്കയോടെ ശക്തമായ കരുനീക്കങ്ങളാണ് തിരുവന്തപുരത്ത് ഇപ്പോള്‍ അരങ്ങേറുന്നത്. സ്വര്‍ണക്കൊള്ളയില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ യാതൊരുവിധത്തിലും പുറത്തെത്തരുത് എന്ന ശക്തമായ സന്ദേശവും ഇതിനിടയില്‍ തന്നെ പ്രതികളിലേക്ക് എത്തിയിട്ടുണ്ട്. അതിനാല്‍ ഉദ്യോഗസ്ഥര്‍ ആയിരുന്നവരെ നിശ്ശബ്ദരാകാനുള്ള അണിയറ ശ്രമമാണ് നടക്കുന്നതും. എന്നാല്‍ വാസുവിനെതിരെ നിഴലായിരുന്ന ഉദ്യോഗസ്ഥാന്‍ തന്നെ എതിരായ മൊഴി നല്‍കിയതോടെ ഈ നീക്കങ്ങളും വേണ്ട വിധത്തില്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഫലിക്കുന്നില്ല എന്നതാണ് പുറത്തെത്തുന്ന വിവരം.
മുന്‍ പ്രസിഡന്റുമാരായ പദ്മകുമാര്‍, വാസു എന്നിവരുടെ അറസ്റ്റ് സംഭവിച്ചാല്‍ ഇപ്പോഴത്തെ നിസ്സംഗതയില്‍ നിന്നും കളം മാറ്റിചവിട്ടാന്‍ ബിജെപിയിലും അണികള്‍ക്കിടയില്‍ സമ്മര്‍ദ്ദം ഉയരും എന്നതിനാലാണ് രാഷ്ട്രീയ പ്രതിനിധികളുടെ അറസ്റ്റ് വൈകുന്നത് എന്നും സൂചനയുണ്ട്. അടുത്ത മണ്ഡല മകരവിളക്ക് സീസണ്‍ തൊട്ടു മുന്നില്‍ ആണെന്നതും വിശ്വാസികള്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ മനസാ വേദനിക്കുന്ന സാഹചര്യം ശക്തമാക്കും എന്നതിനാല്‍ വിഷയത്തില്‍ നിന്നും മാധ്യമ ശ്രദ്ധ തിരിക്കാന്‍ വഴിയെന്ത് എന്ന തിരക്കിട്ട ആലോചനകളും രാഷ്ട്രീയ അകത്തളങ്ങളില്‍ സജീവമാണ് എന്ന സൂചനയും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.
വിജയ് മല്യ നല്‍കിയ സ്വര്‍ണത്തിന്റെ മൂല്യം 365 കോടി, കൊള്ളസംഘത്തിന്റേത് അമൂല്യ വസ്തുവെന്ന മോഹ വില
എന്നാല്‍ ശബരിമല കൊള്ള സെപ്റ്റംബര്‍ 20നു നടന്ന അയ്യപ്പ സംഗമത്തിന്റെ തൊട്ടു പിന്നാലെ എത്തി ഇപ്പോള്‍ ഒന്നര മാസം പിന്നിടുമ്പോഴും 30 കിലോ സ്വര്‍ണം വഴിപാട് നല്‍കിയ വിജയ് മല്യ ഇന്നും ലണ്ടനില്‍ മൗനത്തില്‍ തുടരുകയാണ്. ഇന്നത്തെ വിലയില്‍ 365 കോടി രൂപയുടെ വഴിപാട് നല്‍കിയ അന്നത്തെ ബിസിനസ് ടൈക്കോണിന് ഇപ്പോള്‍ എന്ത് പറയാനുണ്ട് എന്ന ആഗ്രത്തോടെ വിവിധ മാധ്യമങ്ങള്‍ വിജയ് മല്യയെ സമീപിച്ചെങ്കിലും അദ്ദേഹം മൗനം തുടരുകയാണ്. തനിക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ അത് സമൂഹ മാധ്യമമായ എക്സ്, ഇന്‍സ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്ന വിജയ് മല്യ അടുത്ത കാലത്തായി വ്യക്തിപരമായ കാര്യങ്ങളാണ് കൂടുതലായും സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നത്. അതും വളരെ അപൂര്‍വമായി മാത്രവും.
അതിനാല്‍ ശബരിമല സ്വര്‍ണ കൊള്ളയില്‍ എന്തൊക്കെ വെളിപ്പെടുത്തല്‍ ഉണ്ടായാലും വിജയ് മല്യ മൗനത്തില്‍ തുടരാന്‍ സാധ്യത ഏറെയാണ്. വിജയ് മല്യ നല്‍കിയ 30 കിലോ സ്വര്‍ണത്തില്‍ ഇപ്പോള്‍ നടന്ന കൊള്ളയില്‍ എത്ര കിലോ അടിച്ചു മാറ്റി എന്നത് പോലും ഇനിയും പുറത്തുവരാനുള്ള വസ്തുതയാണ്. എന്നാല്‍ കോടിക്കണക്കിനു മനുഷ്യര്‍ തങ്ങളുടെ നഗ്ന നേത്രങ്ങള്‍ കൊണ്ട് പതിവായി കണ്ടിട്ടുള്ള പുറത്തു ദൃശ്യമായ ദ്വാര പലക ശില്‍പവും കട്ടിളപ്പടിയും പോലും കൊള്ള നടത്തുവാന്‍ ധൈര്യം കാട്ടിയ സംഘം ആരും കാണാതെ സ്റ്റോര്‍ റൂമിലും മറ്റുമായി ഇരിക്കുന്ന സ്വര്‍ണത്തിലും മറ്റു അമൂല്യ വസ്തുക്കളിലും കണ്ണ് വച്ചിരിക്കാന്‍ സാധ്യത ഏറെയില്ലേ എന്ന ചോദ്യത്തിനും ഇപ്പോള്‍ പ്രസക്തി ഏറുകയാണ്.
