ശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ മറിച്ചുവിറ്റോ? കട്ടിളയിലെ സ്വര്‍ണപ്പാളികളും അപ്പാടെ മാറ്റിയെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം; ക്ഷേത്രശില്പ കലാരൂപങ്ങളുടെ മോഷണവും കടത്തും പരാമര്‍ശിച്ച ഹൈക്കോടതി വിരല്‍ചൂണ്ടിയത് ഞെട്ടിക്കുന്ന മാഫിയ സംഘത്തിലേക്ക്

ശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ മറിച്ചുവിറ്റോ?

Update: 2025-11-10 02:41 GMT

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ 2019-ല്‍ മറിച്ചുവിറ്റെന്ന സംശയം ബലപ്പെടുന്നു. ഹൈക്കോടതിയുടെ നിരീക്ഷണവും പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനങ്ങളും നീങ്ങുന്നത് ആവഴിക്കാണ്. ദ്വാരപാലക ശില്‍പ്പങ്ങളിലെ പാളികള്‍ മാത്രമേ അങ്ങനെ ചെയ്തിട്ടുണ്ടാകൂ എന്നതാണ് തുടക്കത്തിലെ സംശയം. എന്നാല്‍, കട്ടിളയിലെ സ്വര്‍ണപ്പാളികളും അപ്പാടെ മാറ്റിയെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം നീങ്ങുന്നതായാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂട്ടാളികളുടെ സാന്നിധ്യം അടക്കം ഇത്തരം നിഗൂഢ ഇടപാടുകളിലേക്കാണ് വിരല്‍ചൂണടുന്നത്.

കട്ടിളയിലെ പാളികളും ദ്വാരപാലകശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദര്‍ശനം, ഇവ യഥാര്‍ഥംതന്നെ എന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു എന്നാണ് വിലയിരുത്തല്‍. ക്ഷേത്രശില്പ കലാരൂപങ്ങളുടെ മോഷണവും കടത്തും നവംബര്‍ അഞ്ചിന് വന്ന ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു.

കോടതി നിര്‍ദേശപ്രകാരം ആദ്യം അന്വേഷണം നടത്തിയ ദേവസ്വം വിജിലന്‍സും പാളി കടത്തലിനെക്കുറിച്ചുള്ള സംശയം പ്രകടിപ്പിച്ചിരുന്നു. അത് വിശദമായ അന്വേഷണം ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ വിജിലന്‍സ് എഴുതിയതിന്റെ അടിസ്ഥാനവും ഈ സംശയമായിരുന്നു. 2019 മാര്‍ച്ചില്‍ ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൂശുന്നതിന് ദേവസ്വം ബോര്‍ഡിനെ സമീപിച്ചപ്പോള്‍ത്തന്നെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക്, ഇവിടെ തട്ടിപ്പ് എളുപ്പമാണെന്ന തോന്നല്‍ ഉണ്ടാക്കാനായി.

ആദ്യ ശ്രമം വിജയിച്ചപ്പോള്‍ ഉണ്ടാക്കിയ ആത്മവിശ്വാസമാണ് കട്ടിളപ്പാളിയിലേക്കും ദ്വാരപാലക ശില്പങ്ങളിലേക്കും പോറ്റിയുടെയും ദേവസ്വം അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും കണ്ണെത്താനിടയാക്കിയത്. പഴയ വാതിലില്‍ പൊതിഞ്ഞിരുന്ന 2519.760 ഗ്രാം സ്വര്‍ണത്തിന് പകരം പുതിയ വാതിലില്‍ 324.400 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നതെന്ന് രേഖകളെ അടിസ്ഥാനമാക്കി ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.

അതേസമയം പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ തിരഞ്ഞെടുത്തെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ വിവാദത്തില്‍ സര്‍ക്കാറിന് തെല്ലൊരു ആശ്വാസം വന്നിട്ടുണ്ട്. കേസില്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങള്‍ നേരത്തെ വന്നിരുന്നു. ശബരിമല ശ്രീകോവിലിലെ കട്ടിളയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലെ മൂന്നാം പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും 2019-ല്‍ ദേവസ്വം കമ്മിഷണറുമായിരുന്ന എന്‍. വാസു ദേവസ്വം ബോര്‍ഡില്‍ ഉണ്ടായിരുന്നപ്പോഴും ഇല്ലാതിരുന്നപ്പോഴും ശക്തമായ ഇടപെടല്‍ നടത്തിയിരുന്നതായി വിവരം.

ഈ കേസിലെ അഞ്ചാംപ്രതിയായ അന്നത്തെ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറും ആറാം പ്രതിയായ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും അറസ്റ്റിലായി റിമാന്‍ഡിലാണ്. എന്നാല്‍, മൂന്നാംപ്രതിയായ വാസുവിനെ ചോദ്യംചെയ്തു വിട്ടയച്ചതിനപ്പുറം ഒന്നും സംഭവിച്ചില്ല. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന വാസു 2019 മാര്‍ച്ച് 19-ന് നിര്‍ദേശം നല്‍കിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മൂന്നാം പ്രതിയാക്കിയത്. മാര്‍ച്ച് 31-ന് കമ്മിഷണര്‍സ്ഥാനത്തുനിന്ന് മാറുകയും ചെയ്തു.

സ്വര്‍ണം പൂശിയതിന്റെ ബാക്കി സ്വര്‍ണം ഉപയോഗിച്ച് നിര്‍ധനയായ പെണ്‍കുട്ടിയുടെ വിവാഹം നടത്തുന്നതിന് അഭിപ്രായം ചോദിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് 2019 ഡിസംബര്‍ ഒന്‍പതിന് ഇ-മെയില്‍ അയച്ചിരുന്നു. എ. പദ്മകുമാറാണ് അന്ന് പ്രസിഡന്റെന്നാണ് പലരും വിചാരിച്ചത്. എന്നാല്‍, വാസുവായിരുന്നു പ്രസിഡന്റ് എന്ന് വെളിവായതോടെ മാധ്യമങ്ങള്‍ അദ്ദേഹത്തില്‍നിന്ന് അഭിപ്രായം തേടി.

പാളികള്‍ അഴിച്ചുകൊണ്ടുപോകുമ്പോള്‍ താന്‍ കമ്മിഷണറോ പ്രസിഡന്റോ ആയിരുന്നില്ലെന്നും ഇതിലൊന്നും ഒരു പങ്കുമില്ലെന്നുമായിരുന്നു ആദ്യപ്രതികരണം. എന്നാല്‍, പ്രശ്‌നം മനസ്സിലാക്കിയ വാസു, പിറ്റേന്ന് രേഖകളുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. 2019-ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോള്‍ കിട്ടിയ മെയിലിന്റെ കോപ്പിയായിരുന്നു അത്. ഉണ്ണികൃഷ്ണന്‍ പോറ്റി മെയിലയച്ചെങ്കിലും പോറ്റിയും സംഘവും സംഘടിപ്പിച്ച സ്വര്‍ണം ബാക്കിവന്നതിന് ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്വമില്ലെന്ന് വാസു പറഞ്ഞു. ആ പ്രയോഗമാണ് വാസുവിന് കുരുക്കായത്.

ശബരിമലയുടെപേരില്‍ പിരിവുനടത്തി ഉണ്ടാക്കിയ സ്വര്‍ണത്തെപ്പറ്റി നിസ്സാരമായി വാസു സംസാരിച്ചത് ഗൂഢാലോചനയില്‍ അദ്ദേഹത്തിന്റെ സ്ഥാനം അത്ര ചെറുതല്ല എന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘത്തെ എത്തിച്ചത്. ഈ കോപ്പികള്‍ രായ്ക്കുരാമാനം എവിടെനിന്നു കിട്ടി എന്നതും സംശയമുണ്ടാക്കി. നടന്നത് തട്ടിപ്പാണെന്നറിയാമായിരുന്ന വാസു, അന്നത്തെ ഫയലുകളുടെ കോപ്പി എടുത്തുസൂക്ഷിച്ചിരിക്കാം എന്നതാണ് ഒരു നിഗമനം.

Tags:    

Similar News