ശബരിമല സ്വര്‍ണപ്പാളികള്‍ക്ക് ഭാര വ്യത്യാസം വന്നത് എങ്ങനെ? പാളികള്‍ ശരിക്കും ഉരുക്കിയോ, പാളികള്‍ അപ്പാടെ മാറ്റിയോ? ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹായികള്‍ക്ക് പാളികള്‍ കൈമാറിയതിലും ചട്ടലംഘനം; പോറ്റിക്ക് വേണ്ടി സ്വര്‍ണ്ണം ഉരുക്കിയ സ്മാര്‍ട്ട് ക്രിയേഷന്‍സും മുഖ്യകണ്ണി; പോറ്റി അടക്കം 10 പേരെ പ്രതികളാക്കി കേസെടുത്ത് ക്രൈംബ്രാഞ്ച്
സ്വര്‍ണപ്പാളികള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു.
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ സ്വര്‍ണപ്പാളികള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു. കേസ് അന്വേഷണത്തിനായുള്ള പ്രത്യേക സംഘത്തെ ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എച്ച്. വെങ്കിടേഷ് നയിക്കും. ദേവസ്വം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പത്ത് പേരാണ് ഇതുവരെ പ്രതിപ്പട്ടികയിലുള്ളത്. കവര്‍ച്ച, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ കൈമാറ്റം ചെയ്തതില്‍ ഗുരുതരമായ ചട്ടലംഘനങ്ങള്‍ നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2019 ജൂലൈ 19, 20 തീയതികളിലാണ് സ്വര്‍ണപ്പാളികള്‍ കൈമാറ്റം ചെയ്യപ്പെട്ടത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയല്ല പാളികള്‍ ഏറ്റുവാങ്ങിയതെന്നും, അദ്ദേഹത്തിന്റെ സഹായികളായ രമേശ് റാവു, അനന്തസുബ്രഹ്‌മണ്യം എന്നിവരാണെന്നും കണ്ടെത്തിയിരുന്നു. ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ പ്രകാരം ഉദ്യോഗസ്ഥ കൂട്ടുകെട്ടും ചട്ടലംഘനവും നടന്നിട്ടുണ്ട്. സ്വര്‍ണപ്പാളികള്‍ പല സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയതായും സ്ഥിരീകരിച്ചിട്ടുണ്ട്. ബെംഗളൂരുവിലെത്തിച്ചതിന് പത്ത് ദിവസത്തിന് ശേഷം ഹൈദരാബാദിലേക്കും ഇവ മാറ്റിയതായാണ് വിവരം.
ദ്വാരപാലക ശില്‍പ സ്വര്‍ണപ്പാളികളുടെ ഭാര വ്യത്യാസം എങ്ങനെ?
ശബരിമലയിലെ ദ്വാരപാലക ശില്‍പത്തില്‍നിന്ന് 2019-ല്‍ നീക്കം ചെയ്ത സ്വര്‍ണപ്പാളിക്ക് ഭാരവ്യത്യാസം വന്നത് എങ്ങനെയെന്ന ചോദ്യവും ഉയരുന്നു. 2019 ജൂലൈ 19-ന് സന്നിധാനത്തുനിന്നും സ്വര്‍ണം പൂശുന്നതിനായി ചെന്നൈയിലേക്ക് കൊണ്ടുപോയപ്പോള്‍ 42 കിലോഗ്രാം ഭാരമുണ്ടായിരുന്ന സ്വര്‍ണപ്പാളി, 39 ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 29-ന് സ്വര്‍ണം പൂശുന്നതിന് മുന്‍പായി ചെന്നൈയില്‍ തൂക്കിയപ്പോള്‍ 38 കിലോഗ്രാം 258 ഗ്രാമായി കുറഞ്ഞതായാണ് കണ്ടെത്തല്‍.
തിരുവാഭരണം കമ്മീഷണര്‍ എഴുതിയ മഹസര്‍ രേഖ പ്രകാരമുള്ള ഈ ഭാരവ്യത്യാസം, 42 കിലോ ഭാരമുള്ള യഥാര്‍ത്ഥ സ്വര്‍ണപ്പാളി മറ്റൊരിടത്തേക്ക് മാറ്റുകയോ മറിച്ചുവില്‍ക്കുകയോ ചെയ്തതായി സൂചിപ്പിക്കുന്നു. പകരം, 38 കിലോ ഭാരമുള്ള ചെമ്പുപാളിയാകാം സ്വര്‍ണം പൂശാനായി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചത്. പിന്നീട് 394 ഗ്രാം സ്വര്‍ണം പൂശിയപ്പോള്‍ പാളിയുടെ ഭാരം 38 കിലോ 653 ഗ്രാമായി ഉയര്‍ന്നു.
2019 ജൂലൈയില്‍ സന്നിധാനത്തുനിന്നും അഴിച്ചെടുത്ത പാളിയല്ല ഓഗസ്റ്റ് മാസത്തില്‍ സ്വര്‍ണം പൂശാനായി ചെന്നൈയില്‍ എത്തിച്ചതെന്നതിന് മഹസര്‍ രേഖ സുപ്രധാന തെളിവാണ്. ശബരിമലയിലെ സ്വര്‍ണക്കടത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം, സ്വര്‍ണം പൂശിയ സ്മാര്‍ട്ട് ക്രിയേഷന്‍സിനും പങ്കുണ്ടോ എന്ന ചോദ്യവും ഈ റിപ്പോര്‍ട്ട് ഉയര്‍ത്തുന്നു.
തങ്ങള്‍ സ്വര്‍ണം ഉരുക്കാറില്ലെങ്കിലും സ്ഥിരം കസ്റ്റമറായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി സ്വര്‍ണ്ണം ഉരുക്കിയെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് പറഞ്ഞതായി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പാളികള്‍ ശരിക്കും ഉരുക്കിയോ, പാളികള്‍ അപ്പാടെ മാറ്റിയോ എന്ന കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ശാസ്ത്രീയ പരിശോധന വേണ്ടിവരും.